1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2011

സീറോ മലബാര്‍ സഭാ അധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപതാ മെ്രതാപ്പോലീത്തയുമായ അന്തരിച്ച മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ സംസ്‌കാരം ഏപ്രില്‍ 10ന് ഉച്ചക്ക് 2.30ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കും. ശനിയാഴ്ച രാവിലെ എട്ടിന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും. അവിടെനിന്ന് ഒമ്പതിന് കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ എത്തിക്കും.ശനിയാഴ്ച നാലുമുതല്‍ മൃതദേഹം എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെക്കും.

സംസ്‌കാര ശുശ്രൂഷകളില്‍ ഭാരതീയ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ, ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി, മലങ്കര-ലത്തീന്‍ സഭകളുടെ അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സെന്റ് മേരീസ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയിലാണ് കബറടക്ക ശുശ്രൂഷകള്‍. ഇവിടെത്തന്നെയാണ് കബറിടവും ഒരുക്കുന്നത്.

ശനിയാഴ്ച മുതല്‍ ഏപ്രില്‍ 10 വരെ ദുഃഖാചരണമായി സീറോ മലബാര്‍ സഭയിലെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും പ്രത്യേകം പ്രാര്‍ഥനാശുശ്രൂഷകളും ദിവ്യബലി അര്‍പ്പണവും നടക്കും. കറുത്ത കൊടി ഉയര്‍ത്തുകയും ദേവാലയങ്ങളില്‍ മൂന്ന് , മൂന്ന് ക്രമത്തില്‍ ഓരോ തവണയും അഞ്ചു പ്രാവശ്യം വീതം മണിയടിക്കുകയും ചെയ്യും

വെള്ളിയാഴ്ച അന്തരിച്ച കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിനുവേണ്ടി ശനിയാഴ്ച ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. അതിരൂപതാ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലും അതിരൂപതയിലെ മറ്റ് പള്ളികളിലും കറുത്ത പതാക ഉയര്‍ത്തി. രാവിലെ ഇവിടെ പ്രത്യേക കുര്‍ബാനയും പ്രാര്‍ഥനയും നടന്നു. രൂപതാ ആസ്ഥാനത്ത് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കവാടത്തില്‍ കര്‍ദിനാളിന്റെ ചിത്രത്തില്‍ നിരവധി േപര്‍ പുഷ്പാര്‍ച്ചന നടത്തി.

വൈകുന്നേരം ആഫ്രിക്കയിലേക്കുള്ള പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അനുസ്മരണ കുര്‍ബാനയും നടന്നു. കത്തോലിക്കാ സഭക്ക് കീഴിലെ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

റോമിലുള്ള എറണാകുളം- അങ്കമാലി അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ തോമസ് ചക്യത്തും മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തും ഞായറാഴ്ച കൊച്ചിയിലെത്തും. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മാര്‍പാപ്പയുമായുള്ള പ്രത്യേക കൂടിക്കാഴ്ചക്കായാണ് സീറോ മലബാര്‍ സഭയുടെ എല്ലാ ബിഷപ്പുമാരും റോമില്‍ പോയത്. ബാക്കിബിഷപ്പുമാരും അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.