ലണ്ടന്‍: സീറോ മലബാര്‍ സഭയുടെ കാലംചെയ്ത മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ വര്‍ക്കിവിതയത്തില്‍ കര്‍ദിനാള്‍ സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ആത്മമിത്രവും വഴികാട്ടിയുമായിരുന്നുവെന്ന് ഫോറം യു.കെ പ്രസിഡന്റ് ശ്രീ അപ്പച്ചമന് കണ്ണചിറ അനുസമരിച്ചു.
സഭാപൈതൃകം കാത്തുസൂക്ഷിക്കാനും വിശുദ്ധ തോമാസ്ലീഹയുടെ ദൈവാനുഭവത്തിന്റെ ഈ കാലഘട്ടത്തില്‍ സാക്ഷികളാകാനും കര്‍ദ്ദിനാള്‍ തിരുമേനി ഫോറം അംഗങ്ങളെ ഓര്‍മ്മപ്പെടുത്തിയിരുന്നു. മറ്റുസഭാ വിഭാഗങ്ങളോടും സോദരസമൂഹത്തോടും ആദരവും സ്നേഹവും പുലര്‍ത്തുന്ന രീതിയിലാവണം കാത്തലിക് ഫോറം പ്രവര്‍ത്തനങ്ങളെന്ന് കര്‍ദ്ദിനാള്‍ തിരുമേനി നിഷ്കര്‍ഷിച്ചിരുന്നു.
പ്രശ്നസങ്കീര്‍ണമായ കാലഘട്ടത്തില്‍ നീതിബോധത്തിലൂടെയും തുറന്ന ആശയസംവാദങ്ങളിലൂടേയും സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്കുവാന് സാധിച്ച കര്‍ദിനാളിന്റെ ജീവിതവും ചിന്തകളും സെന്റ് തോമസ് കാത്തലിക് ഫോറത്തിന് ശക്തിയും ഉണര്‍വും നല്‍കുമെന്ന് ഫോറം എക്സിക്യൂട്ടിവ് പ്രത്യാശ പ്രകടിപ്പിച്ചു. നേതൃത്വത്തിനും സഭാജീവിതത്തിലെ പങ്കാളിത്തത്തിനും ഇത്രമാത്രം അവസരങ്ങളും ആദരവും നല്കിയ പിതാവിന്റെ സ്മരണയ്ക്കുമുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. എല്ലാ ഭവനങ്ങളിലും യൂണിറ്റുകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല