1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2018

സജീഷ് ടോം (യുക്മ പി ആര്‍ ഒ): ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളയ്ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രം ബാക്കി. കേരളത്തിന് പുറത്തു ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുകൂടുന്ന കലാമത്സര വേദികള്‍ എന്നത് തന്നെയാണ് യുക്മ കലാമേളയുടെ ഏറ്റവും വലിയ സവിശേഷത. സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കപ്പെടുന്ന യുക്മ നാഷണല്‍ കലാമേളകള്‍ വിവിധ റീജിയണല്‍ കലാമേലാ വിജയികള്‍ മാറ്റുരക്കുന്ന പ്രവാസി ലോകത്തിലെ മലയാണ്മയുടെ ഉത്സവം തന്നെയാണ്. 2018 ഒക്‌റ്റോബര്‍ 27 ശനിയാഴ്ച സൗത്ത് യോര്‍ക്ക് ഷെയറിലെ ഷെഫീല്‍ഡിലുള്ള പെനിസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളില്‍ സജ്ജീകൃതമായ ‘ബാലഭാസ്‌ക്കര്‍ നഗറി’ല്‍ ഒന്‍പതാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നു.

ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളകള്‍ ശനിയാഴ്ച നടന്ന നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയോടുകൂടി സമാപിച്ചു കഴിഞ്ഞു. പുനഃസംഘടിപ്പിക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയണ്‍ ഉള്‍പ്പെടെ ഏഴ് മേഖലാ കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം റീജിയണല്‍ കലാമേളകള്‍ സംഘടിപ്പിക്കപ്പെട്ടത്. ഇനി എല്ലാശ്രദ്ധയും ഷെഫീല്‍ഡിലേക്ക് മാത്രമാണ്. കലാകാരന്മാരും കലാകാരികളും ദേശീയ തലത്തില്‍ പ്രതിഭ തെളിയിക്കാന്‍ ഏറ്റുമുട്ടുന്ന വേദികള്‍ എന്നതിനൊപ്പം, കരുത്ത് തെളിയിക്കാന്‍ റീജിയണുകള്‍ തമ്മില്‍ നടക്കുന്ന കലയുടെ മഹാ മാങ്കമായും യുക്മ ദേശീയ കലാമേളകള്‍ മാറുന്നു. യുക്മ ദേശീയ കലാമേളയുടെ നാള്‍ വഴിയിലൂടെ ഒരു യാത്ര ഈ അവസരത്തില്‍ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ.

ബ്രിസ്റ്റോളില്‍ തുടങ്ങുന്നു അശ്വമേധം

2010ല്‍ പ്രഥമ യുക്മ ദേശീയ കലാമേള ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍, ഒരു ദേശീയ കലാമേള എത്രമാത്രം പ്രായോഗികമാണ് എന്ന ആശങ്ക പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ യുക്മ നേതൃത്വത്തിന്റെ നിശ്ചയദാര്‍ഢ്യവും റീജയണല്‍ കമ്മറ്റികളുടെയും അംഗഅസോസിയേഷനുകളുടെയും കലവറയില്ലാത്ത പിന്തുണയും, കലാമേള വിജയകരമാക്കുവാന്‍ ബ്രിസ്റ്റോളില്‍ എത്തിച്ചേര്‍ന്ന വന്‍ ജനപങ്കാളിത്തവുമാണ് യു.കെ മലയാളികള്‍ക്കായി നാഷണല്‍ കലാമേള സംഘടിപ്പിക്കുകയെന്ന മഹത്തായ ആശയത്തിന് കരുത്തും ആവേശവും പകര്‍ന്നത്. 2010 നവംബര്‍ 13 ശനിയാഴ്ച്ച ബ്രിസ്റ്റോള്‍ സൗത്ത് മെഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ ബാത്ത് മലയാളി കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പ്രഥമ യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയ്ക്കപ്പെട്ടു. 3 സ്റ്റേജുകളിലായി മുന്നൂറോളം കലാകാരന്മാരും കലാകാരികളുമാണ് കലാമേളയില്‍ മാറ്റുരക്കാനെത്തിയത്. ഈ മഹാമേള യു കെ യുടെ ചരിത്രത്തില്‍ യുക്മക്കു മാത്രം ചെയ്യാന്‍ കഴിഞ്ഞ ഒരു മഹാസംഭവമായി തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട ഒന്നായി മാറി.

ഏറെ പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് ബ്രിസ്റ്റോളിലെ വേദിയില്‍ ആദ്യ കലാമേള അരങ്ങേറിയത്. വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയികളാവുന്നവരെ ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുക എന്ന വെല്ലുവിളിയാണ് അന്ന് അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. എല്ലാ റീജിയണുകളിലും നടക്കുന്ന മത്സരങ്ങള്‍ക്ക് അംഗ അസോസിയേഷനുകളുടെ പിന്തുണ ഉണ്ടാവുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ കലാമേളകള്‍ പ്രഖ്യാപിച്ചതോടെ യു കെ യിലെങ്ങും ആവേശത്തിന്റെ അലയടികള്‍ ഉയത്തിക്കൊണ്ട് അഭൂതപൂര്‍വമായ പിന്തുണയാണ് വിവിധ റീജിയണുകളില്‍നിന്നും ലഭിച്ചത്. ആദ്യമായി നടത്തപ്പെടുന്നതിന്റെ പരിചയക്കുറവുമൂലമുള്ള അപാകതകള്‍ പല റീജിയണുകളിലും സംഭവിച്ചുവെങ്കിലും, വിവിധ കേന്ദ്രങ്ങളിലായി 800 ല്‍ അധികം താരങ്ങള്‍ മാറ്റുരച്ച വേദിയായി മാറിയ റീജിയണല്‍ കലാമേളകള്‍ യുക്മക്കും യുക്മയെ സ്‌നേഹിക്കുന്നവര്‍ക്കും ഒരുപോലെ അഭിമാനകരമായി മാറി. പുതിയൊരു തുടക്കത്തിന്റെ ശംഖൊലി മാത്രമായിരുന്നു റീജിയണല്‍ കലാമേളകള്‍. യുക്മ നേതൃത്വത്തിന്റെ പ്രതീക്ഷകളെ പോലും കവച്ചു വയ്ക്കുന്ന രീതിയിലാണ് ദേശീയ കലാമേളയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തിയത്. ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയണ്‍ പ്രഥമ യുക്മ ദേശീയ കലാമേള ജേതാക്കളായി.

രണ്ടാം ദേശീയ കലാമേള സൗത്തെന്‍ഡ്ഓണ്‍സി യില്‍

ബ്രിസ്റ്റോളില്‍ 2010ല്‍ തുടക്കമിട്ട ദേശീയ കലാമേളയെ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കമായി അരക്കിട്ടുറപ്പിച്ചത് സൗത്തെന്റ് ഓണ്‍സിയില്‍ 2011 നവംബര്‍ 5ന് നടന്ന യുക്മയുടെ രണ്ടാമത് നാഷണല്‍ കലാമേളയാണ്. ആദ്യകലാമേളയ്ക്ക് ശേഷം യുക്മ ദേശീയ കമ്മറ്റി പൊതുജനങ്ങളില്‍ നിന്നും അംഗഅസോസിയേഷനുകളില്‍ നിന്നും ദേശീയ കലാമേളയുടെ നടത്തിപ്പിന് ആവശ്യമായ അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്, കൃത്യമായ ഗൃഹപാഠം നടത്തിയാണ് രണ്ടാമത് കലാമേളയ്ക്ക് ഒരുങ്ങിയത്. ചിട്ടയായ ഏകോപനവും സമയനിഷ്ഠയും സാധ്യമാക്കിക്കൊണ്ട് സൗത്തെന്റ്ഓണ്‍സി കലാമേള മാതൃകയായി മാറി.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണും സൗത്തെന്‍ഡ് മലയാളി അസോസിയേഷനും സംയുക്തമായി ആതിഥ്യമരുളിയ നാഷണല്‍ കലാമേള വെസ്റ്റ്ക്ലിഫ് ബോയ്‌സ് ആന്‍ഡ് ഗേള്‍സ് സ്‌കൂളിലെ നാലു വേദികളിലായിട്ടാണ് അരങ്ങേറിയത്. ഈസ്റ്റ് ആംഗ്ലിയായിലെ ആദ്യ റീജയണല്‍ കലാമേള ഏറ്റെടുത്ത് നടത്തിയ മികവ് പരിഗണിച്ചാണ് ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുന്നതിന് സൗത്തെന്‍ഡ് അസോസിയേഷനെ പരിഗണിച്ചത്. അതിമനോഹരമായ വേദിയൊരുക്കി രണ്ടാമത് ദേശീയ കലാമേള ശ്രദ്ധേയമായി. ഇതോടെ യു കെ യിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായ യുക്മ ദേശീയ കലാമേള സര്‍ഗ്ഗപ്രതിഭകളുടെ അസാധാരണ മികവിന്റെ മാറ്റുരക്കലിനുള്ള വേദിയെന്നനിലയില്‍ ഈ പ്രവാസിസമൂഹത്തിന്റെ ചരിത്രന്റെ ഭാഗമായിക്കഴിഞ്ഞു. തുടര്‍ച്ചയായ രണ്ടാം വട്ടവും ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയണ്‍ കരുത്ത് തെളിയിച്ചു ജേതാക്കളായി.

യുക്മയുടെ ജന്മഭൂമിയിലേക്ക് മൂന്നാം കലാമേള

2009 ല്‍ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് എന്ന യുക്മ യുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്‌ലാന്‍ഡ്‌സ് റീജിയണ് ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാന്‍ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയണ്‍ എന്ന നിലയില്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ വളര്‍ന്നു കഴിഞ്ഞു. മൂന്നാമത് യുക്മ ദേശീയ കലാമേള’ സ്റ്റോക്ക്ഓണ്‍ട്രെന്റ്റില്‍ അരങ്ങേറിയത് 2012 നവംബര്‍ 24നാണ്. മലയാള സിനിമയിലെ അതികായനായിരുന്ന മഹാനടന്‍ തിലകന്റെ അനുസ്മരണാര്‍ത്ഥം ”തിലകന്‍ നഗര്‍” എന്നു പ്രധാനവേദിയ്ക്ക് നാമകരണം ചെയ്തിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്റെ അനശ്വര കലാകാരനെ ആദരിക്കുക വഴി കലാമേളയുടെ യശസ്സ് ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.

സ്‌ടോക്ക് ഓണ്‍ട്രെന്റ്‌റിലെ ‘തിലകന്‍ നഗ’റില്‍ (കോഓപ്പറേറ്റീവ് അക്കാദമി) നടന്ന കലാമേള ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം, നാഷണല്‍ കലാമേളയുടെ തല്‍സമയ സംപ്രേഷണം ബോം ടി.വി.യുമായി സഹകരിച്ച് നടത്തുവാന്‍ യുക്മക്ക് കഴിഞ്ഞു. കലാമേളയില്‍ പങ്കെടുക്കുന്നവരുടെ കേരളത്തിലും വിദേശങ്ങളിലും ഉള്ള ബന്ധുക്കള്‍ക്കും, യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്നേ ദിവസം കലാമേള നഗറില്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കും പരിപാടികള്‍ കാണുന്നതിനുള്ള അവസരമൊരുക്കിയത് ഏറെ പ്രശംസയ്ക്ക് കാരണമായി. ഇത്തരമൊരു സൗകര്യമൊരുക്കുന്ന ലോകത്തെ ആദ്യത്തെ പ്രവാസി മലയാളി സംഘടനയായും യുക്മ മാറി. ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയന്റെ ഹാട്രിക് മോഹങ്ങള്‍ തകര്‍ത്തുകൊണ്ട് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ‘ഡെയ്‌ലി മലയാളം എവര്‍ റോളിങ്ങ്’ ട്രോഫിയില്‍ മുത്തമിട്ടു.

‘ലിംക’യുടെ കരുത്തില്‍ 2013 ലിവര്‍പൂള്‍ കലാമേള

മൂന്ന് ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. യു കെ യില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ യുക്മ ദേശീയ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ മലയാളി സമൂഹത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തി തുടങ്ങിയ അക്കാലയളവില്‍ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ഒരു സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് സാധിച്ചു. ഓരോ റീജിയണുകളും സ്വന്തമായി രൂപീകരിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും, യുക്മ ദേശീയ കമ്മറ്റിയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കൂടിയും മറ്റു വാര്‍ത്താ മാദ്ധ്യമങ്ങളില്‍ കൂടിയും കലാമേള വാര്‍ത്തകള്‍ ആഘോഷപ്പെരുമഴ പെയ്യിച്ചു. വര്‍ണ്ണപ്പൊലിമയാര്‍ന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്മകള്‍ നിറഞ്ഞപ്പോള്‍, നാലാമത് ദേശീയ കലാമേള മുദ്രാവാക്യമായ ‘ആഘോഷിക്കൂ യുക്മയോടൊപ്പം’ എന്ന അഭ്യര്‍ത്ഥനയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭ്യമായത്.

ആതിഥേയരായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) സംഘാടക മികവ് ലിവര്‍പൂള്‍ കലാമേളയുടെ സവിശേഷതയായി. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമികളോടുള്ള ആദരസൂചകമായി ‘ദക്ഷിണാമൂര്‍ത്തി നഗര്‍’ എന്ന് നാമകരണം ചെയ്ത ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂളില്‍ 2013 നവംബര്‍ 30ന് നടന്ന യുക്മ ദേശീയ കലാമേള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി.

നാളെ : ചരിത്രം ഇവിടെ വഴിമാറുന്നു

ലെസ്റ്റര്‍ 2014, ഹണ്ടിങ്ടണ്‍ 2015, വാര്‍വിക് 2016 & ഹെയര്‍ഫീല്‍ഡ് 2017

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.