വാന്‍കൂവര്‍: പ്രണയം സംഗീതമാണ്, കാവ്യാത്മകമാണ്, പ്രകൃതിയുടെ താളമാണ്, പ്രണയം അന്ധമാണ്…അങ്ങിനെ പ്രണയത്തെക്കുറിച്ച് പലതും നാം കേട്ടിട്ടുണ്ട്, അനുഭവിച്ചിട്ടുമുണ്ട്. എന്നാല്‍ കലാപഭൂമിയില്‍ പ്രണയബദ്ധരായി കഴിയുന്നവരുടെ ചിത്രം ഇതാദ്യമായിരിക്കും.
കാനഡയിലിലെ വാന്‍കൂര്‍ നഗരത്തില്‍ ഐസ് ഹോക്കി മത്സരത്തില്‍ തോറ്റ ടീമിന്റെയും ജയിച്ച ടീമിന്റെയും ആരാധകര്‍ കലാപമുണ്ടാക്കുകയാണ്. നടുറോഡില്‍ പോലീസ് അവരെ നേരിടുന്നു. വെടിവെപ്പും തീവെപ്പും നടക്കുന്നു. അതിനിടെയിലാണ് അത്യപൂര്‍വ്വമായ ആ ദൃശ്യമുണ്ടായത്. പ്രണയിതാക്കളായ സ്‌കോട്ടും അലക്‌സും റോഡില്‍ കിടന്ന് ഗാഢമായി ചുംബിക്കുകയായിരുന്നു അപ്പോള്‍. റിച്ചഡ് ലാം എന്ന കനേഡിയന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് അത് നോക്കി നിന്ന് സമയം പാഴാക്കിയില്ല. ചുംബനരംഗം ചൂടോടെ ക്യാമറയില്‍ പകര്‍ത്തി.
ഈ സമയം രണ്ട് കാറുകള്‍ക്ക് തീവെച്ച്, അടുത്തുള്ള കട കുത്തിത്തുറക്കാന്‍ കലാപകാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരെ നേരിടാനായി പോലീസ് തയ്യാറെടുക്കുകയാണ്. എന്നാല്‍ ചുറ്റിലും നടക്കുന്നതൊന്നുമറിയാതെ അവര്‍ ചുംബനത്തിലായിരുന്നു. ആദ്യം പരിക്കേറ്റവരാണെന്നാണ് റിച്ചാഡ് ലാം കരുതിയത്. എന്നാല്‍ സൂക്ഷിച്ചുനോക്കിയപ്പോഴാണ് അവിടെ പ്രണയത്തിന്റെ രസമുകുളങ്ങള്‍ പൊട്ടുന്നത് അദ്ദേഹം കണ്ടത്.
ഏതായാലും ലാമിന്റെ ചിത്രം ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് ചര്‍ച്ചയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല