കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന സുരേഷ് കല്‍മാഡിക്ക് ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ അദ്ദേഹത്തിനൊപ്പം ചായയും കടിയും! വ്യാഴാഴ്ച ജയിലില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ വിചാരണ കോടതി ജഡ്ജി ബ്രിജേഷ് കുമാര്‍ ഗാര്‍ഗ് ഈ രംഗത്തിന് സാക്ഷിയായതോടെ സൂപ്രണ്ടിനെ സ്ഥലംമാറ്റി.
കല്‍മാഡി ആശുപത്രിയിലേക്ക് പോകുവാനായി വാന്‍ കാത്തിരിക്കുകയാണെന്നാണ് ജയില്‍ സൂപ്രണ്ട് ജഡ്ജിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍, ചായയെയും കടിയെയും കുറിച്ച് സൂപ്രണ്ട് വിശദീകരണമൊന്നും നല്‍കിയതുമില്ല. ജയിലില്‍ കണ്ട രംഗങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ബ്രിജേഷ് കുമാര്‍ ഗാര്‍ഗ് ജില്ലാജഡ്ജിക്കും സെഷന്‍സ് ജഡ്ജിക്കും അയച്ചു.
തീഹാറിലെ നാലാം നമ്പര്‍ ജയിലില്‍ കഴിയുന്ന തടവുകാരില്‍ കല്‍മാഡി മാത്രമല്ല സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മിക്ക വിഐപി തടവുകാര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജയില്‍ മുറിക്ക് പുറത്തിറങ്ങുകയും ചുറ്റി നടക്കുകയും സഹതടവുകാരുമായി സൌഹൃദ സംഭാഷണം നടത്തുകയും ചെയ്യാമത്രേ.
നിതീഷ് കട്ടാര കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന വികാസ് യാദവും വിശാല്‍ യാദവും ജയിലിലെ പൂന്തോട്ടത്തില്‍ കറങ്ങി നടക്കുന്നതും ബ്രിജേഷ് കുമാര്‍ നേരിട്ടു കണ്ടു. ഒരു പ്രമുഖ പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല