ലോക കായിക പുരാവസ്തു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയുടെ ലേലമായിരുന്നു അത്. ബാസ്കറ്റ് ബോളിന്റെ ഉപജ്ഞാതാവായ ജയിംസ് നെയ്സ്മിത്ത് 119 വര്‍ഷം മുന്‍പ് എഴുതി ഒപ്പിട്ട കളിനിയമങ്ങള്‍ കഴിഞ്ഞദിവസം ലേലം ചെയ്തപ്പോള്‍ കിട്ടിയത് ഒന്നും രണ്ടും കോടിയല്ല, 19.36 കോടി രൂപയാണ്. ന്യൂയോര്‍ക്കിലെ സോത്ബേയില്‍ നടന്ന ലേലത്തില്‍ ബാസ്കറ്റ് ബോളിന്റെ പിള്ളത്തൊട്ടിലായ കന്‍സസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി ഡേവിഡ് ജി. ബൂത്താണ് ബാസ്കറ്റ് ബോള്‍ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള അമൂല്യ രേഖ സ്വന്തമാക്കിയത്. കാനഡയിലെ കായികാധ്യാപകനും ഡോക്ടറുമായ നെയ്സ്മിത്ത് 1891ല്‍ എഴുതിയ ആദ്യ കളിനിയമങ്ങളില്‍നിന്നാണ് 1898ല്‍ ബാസ്കറ്റ് ബോളിന്റെ ആവിര്‍ഭാവം.
നെയ്സ്മിത്തിന്റെ സ്മരണയ്ക്ക് കൊച്ചുമകന്‍ ഇയാന്‍ നെയ്സ്മിത്ത് നടത്തുന്ന ബാസ്കറ്റ് ബോള്‍ ഫൌണ്ടേഷനു ലേലത്തുക മുതല്‍ക്കൂട്ടാകും. കളിയില്‍നിന്നു കിട്ടുന്ന വരുമാനം പാവപ്പെട്ട കുട്ടികള്‍ക്കു പഠനസഹായമായി നല്‍കുകയാണ് നെയ്സ്മിത്ത് ഫൌണ്ടേഷന്‍.
രണ്ട് താളിലായി ടൈപ്പ് ചെയ്തിരിക്കുന്ന കളിനിയമങ്ങളില്‍ ജയിംസ് നെയ്സ്മിത്തിന്റെ കയ്യൊപ്പും കുട്ടികള്‍ക്കു പഠിക്കാന്‍ നോട്ടീസ് ബോര്‍ഡിലിടുക എന്ന കുറിപ്പുമുണ്ട്.
വൈഎംസിഎയിലെ കുസൃതിക്കുട്ടികള്‍ക്കു സ്കൂളിനുള്ളില്‍ കളിക്കാന്‍ പറ്റിയ ഒരു മഞ്ഞുകാല വിനോദം വേണമെന്ന ആവശ്യത്തില്‍നിന്ന് രണ്ടാഴ്ചകൊണ്ടാണ് നെയ്സ്മിത്ത് നിയമം എഴുതിയുണ്ടാക്കി കളിക്ക് രൂപംനല്‍കിയത്. അന്ന് നെയ്സ്മിത്ത് വരച്ച വരകള്‍ തന്നെയാണ് ഇപ്പോഴും ബാസ്കറ്റിന്റെ അടിസ്ഥാന നിയമം.
കളത്തിന്റെ ഇരുവശത്തും ഭിത്തികളിലെ കൊളുത്തില്‍ തൂക്കിയിട്ട വെള്ളം നിറച്ച ബക്കറ്റായിരുന്നു ആദ്യ ബാസ്കറ്റ്. ബക്കറ്റില്‍ ഏറ്റവുമധികം തവണ പന്തിടുന്ന ടീം ജയിക്കും. ഒാരോ തവണയും ബക്കറ്റിനുള്ളില്‍നിന്ന് പന്ത് എടുക്കണമായിരുന്നു. തുറന്ന വല ബാസ്ക്കറ്റാകുന്നത് പിന്നീടാണ്.
ലോകത്തിലെതന്നെ ആദ്യ ബാസ്കറ്റ് ടൂര്‍ണമെന്റായ കന്‍സാസ് സര്‍വകലാശാലാ മല്‍സരത്തിന് 1898ല്‍ തുടക്കമിട്ടതും ബാസ്കറ്റിന്റെ പിതാവായ ജയിംസ് നെയ്സ്മിത്താണ്. 1939ല്‍ മരണത്തിന് ഒരു വര്‍ഷം മുന്‍പുവരെ നെയ്സ്മിത്ത് ടൂര്‍ണമെന്റിനു വിസിലടിച്ചും ഒഫീഷ്യല്‍ ഗാലറിയിലിരുന്നും വഴികാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല