1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2017

വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി ആര്‍ ഒ): വേറിട്ട വായനാനുഭവവുമായി ജ്വാലയുടെ ജൂലൈ ലക്കം പുറത്തിറങ്ങി. പ്രസിദ്ധ കവി സച്ചിദാനന്ദന്‍ എഴുതിയ കവിതയുടെ പ്രതിരോധം എന്ന ലേഖനമാണ് ഈ ലക്കത്തിലെ പ്രധാന ആകര്‍ഷണം. കലകള്‍ പ്രതിഷേധമാര്‍ഗ്ഗമായി മാറുന്ന കാലഘട്ടത്തില്‍ കവിതകളുടെ പ്രതിരോധത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. എല്ലാ കലകളും പ്രതിരോധ സ്വഭാവമുള്ളതാണ്. എന്നാല്‍ കവിത വിശേഷിച്ചും. പ്രതിരോധവും വിപ്ലവവും രണ്ടും രണ്ടാണ് എന്ന് ലേഖകന്‍ പറയുന്നു. പ്രതിരോധത്തില്‍ വിപ്ലവത്തിന്റേയും വിപ്ലവത്തില്‍ പ്രതിരോധത്തിന്റേയും അംശമുണ്ട്. എന്നാല്‍ വിപ്ലവങ്ങള്‍ ദീര്‍ഘകാലത്തെ ഒരുക്കങ്ങളുടെ ഫലമായി ഉണ്ടാകുന്നവയാണെങ്കിലും അത് ഒരു സംഭവമാണ്. എന്നാല്‍ കവിതകള്‍ അത്തരത്തിലുള്ളവയല്ല. അവ ദീര്‍ഘനാളത്തെ പരിവര്‍ത്തനത്തിന് വിധേയമായി സംഭവിച്ചവയാണ്.

ഇന്നത്തെ കവിതകള്‍ ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിവരുകയും അവരുടെ സ്വപ്‌നങ്ങളേയും ഹൃദയങ്ങളേയും സംഘര്‍ഷങ്ങളേയും കുറിച്ച് സംസാരിക്കുന്നവയുമാണ്. അങ്ങനെ കവിതയുടെ അടിസ്ഥാനപരമായ സ്വഭാവം മാറുകയും അവ നിഷേധങ്ങളും പരിവര്‍ത്തനങ്ങളും ഒക്കെ ചേര്‍ന്ന് ശരീരം പോലെ, പഴംതുണി പോലെ അവിശുദ്ധമായ കവിതകള്‍ പിറവിയെടുക്കുകയും ചെയ്യുന്നു. കവിതയെ കുറിച്ചല്ല യാഥാസ്ഥിതിക സങ്കല്‍പ്പനത്തിന് വേണ്ടി, ജീവിതത്തെ നിരാകരിക്കുന്നതിന് പകരം ജീവിതത്തിന് വേണ്ടി കവിതയെ കുറിച്ചുള്ള യാഥാസ്ഥിതിക സങ്കല്‍പ്പം ഉപേക്ഷിച്ച കവികളെയാണ് നാം ഇവിടെ കാണുന്നത്. ചിറ്റൂര്‍ തുഞ്ചന്‍ മഠത്തില്‍ നടന്ന കവിതാ സമൂഹം പ്രതിരോധം എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍ നടത്തിയ പ്രഭാഷണമാണ് ലേഖന രൂപത്തില്‍ ജ്വാല പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവിതകള്‍ സാമൂഹിക ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളാകുന്ന കാലത്ത് സച്ചിദാനന്ദന്റെ വീക്ഷണങ്ങള്‍ വേറിട്ട ഒരു വായനാനുഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

വഴിതെറ്റിപ്പോകുന്ന നമ്മുടെ തീരുമാനങ്ങളെ കുറിച്ചാണ് ഇക്കുറി ചീഫ് എഡിറ്റര്‍ റജി നന്തിക്കാട്ടിന്റെ എഡിറ്റോറിയല്‍. ഒരാളുടെ കാഴ്ചപ്പാടും മാനസികാവസ്ഥയുമെല്ലാം അയാളുടെ തീരുമാനത്തേയും അതിന്റെ വ്യാഖ്യാനത്തേയും സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നമ്മുടെ താല്‍പ്പര്യത്തിന് അനുസരിച്ച് വസ്തുതകളെ വിലിയിരുത്തുമ്പോഴാണ് തീരുമാനങ്ങള്‍ വഴിതെറ്റിപ്പോകുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളെ പിടിച്ചുകുലുക്കികൊണ്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവിധി വിവാദങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇവയിലെല്ലാം പ്രതികരണങ്ങളുടെ വേലിയേറ്റമായിരുന്നു. എന്നാല്‍ വസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ ഈ പ്രതികരണങ്ങളിലൊന്നും ഒരു കാമ്പുമില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള അപക്വമായ പ്രതികരണങ്ങള്‍ സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചെത്തുവരുന്നതിന് തടസ്സമായി മാറാറുണ്ടെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. അഭിപ്രായങ്ങള്‍ വസ്തുകള്‍ വിലിയിരുത്തികൊണ്ട് സത്യസന്ധമായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും മുഖപ്രസംഗത്തില്‍ ശ്രീ. റജി നന്തിക്കാട്ട് ചൂണ്ടിക്കാട്ടുന്നു.

മനുഷ്യജീവിതത്തിന്റെ നേര്‍കാഴ്ചയാണ് മുയലുറക്കം എന്ന കഥയില്‍ ദേവദാസ് വി.എം. പറഞ്ഞുവെയ്ക്കുന്നത്. അവനവനെ പോലും പരിഗണിക്കാതെ ഇഴഞ്ഞുനീങ്ങുന്ന ആമയോട്ടത്തേക്കാള്‍ എത്രയോ ഭേദമാണ് ഓടണമെന്ന് തോന്നുമ്പോള്‍ സര്‍വ്വ ഊര്‍ജ്ജവും ആവാഹിച്ചുകൊണ്ട് കഴിയാവുന്നത്ര വേഗത്തില്‍ ഓടുകയും ക്ഷീണം തോന്നുമ്പോള്‍ വഴിയരുകില്‍ എല്ലാം മറന്ന് വിശ്രമിക്കുകയും ചെയ്യുന്ന മുയലുറക്കമെന്ന് ദേവദാസ് പറയുന്നു.

കണ്ണാടികളെ എറിഞ്ഞുടച്ച ഒരു കഥാകാരനെ കുറിച്ചുള്ള ഓര്‍മ്മകളാണ് സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ ജോര്‍ജ്ജ് അരങ്ങാശ്ശേരി ഓര്‍മ്മിക്കുന്നത്. മുറിയ്ക്കുള്ളിലെ പുസ്തകകൂമ്പാരത്തിനിടിയില്‍ ആരു മറിയാതെ മരിച്ചുപോയ തന്റെ പ്രീയപ്പെട്ട കഥാകാരന്‍ രാജനാരയണനെ കുറിച്ചുള്ള ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്.

വേറിട്ട പന്ഥാവിലൂടെ സഞ്ചരിച്ച ‘ശാന്തം’ മാസികയുടെ മാനേജിംഗ് എഡിറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ പി.വി. മോഹനനെ ഓര്‍ക്കുകയാണ് അനുസ്മരണം പംക്തിയില്‍ ശ്രീ. വിഷ്ണുമംഗലം കുമാര്‍. പ്രൊഫ. കൃഷണന്‍നായരുടെ അഭിനിവേശങ്ങള്‍ എന്ന ലേഖനത്തില്‍ ഒരു പുസ്തകം വായിച്ചുതീര്‍ക്കാനാകാതെ ഭൂമി വിട്ടുപോകുന്നല്ലോ എന്ന് ഖേദിച്ച പ്രൊഫ. കൃഷ്ണന്‍നായരെ കുറിച്ചാണ് ആഷാ മേനോന്‍ പറയുന്നത്. പുസ്തകങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എല്ലാത്തിനും മീതേയായിരുന്നു.

ഇവ കൂടാതെ ദീപു മുകന്ദപുരം എഴുതിയ നിയതിയുടെ ദ്രുതകാകളി എന്ന കവിതയും നന്ദന. ആര്‍ എഴുതിയ ഡോബര്‍മാന്‍ എന്ന കഥയും രശ്മി പ്രകാശിന്റെ മഴയാണ്, മണമ്പൂര്‍ രാജന്‍ ബാബുവിന്റെ പാറകളുടെ മോക്ഷം എന്നീ കവിതകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. യുക്മ യൂത്ത് പംക്തിയില്‍ സത്യന്‍ താന്നിപ്പുഴ എഴുതിയ കാളിപ്പൂച്ചയും പിടക്കോഴിയും എന്ന കഥയും ദേവ് അനിലിന്റെ ദ സൂപ്പര്‍ ഫ്‌ളെയിം മാന്‍ മോണ്‍സ്റ്റര്‍ ഹീറോസ് എന്ന കഥയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹള്ളിലുള്ള സെന്റ് തോമസ് മോര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മരിയ രാജുവിന്റെ പെയിന്റിംഗുകളും ജ്വാലയുടെ പുതിയ ലക്കത്തിലുണ്ട്.

ജ്വാലയിലേക്ക് രചനകളോ അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ jwalaemagaine@gmail.com എന്ന വിലാസത്തിലേക്ക് അയച്ചുതരേണ്ടതാണ്. ജ്വാല ജൂലൈ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

https://issuu.com/jwalaemagazine/docs/july_17

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.