ലണ്ടന്‍: കാമറൂണിന്റെ കുടിയേറ്റ വിരുദ്ധ പ്രസംഗം കൂട്ടുകക്ഷിമന്ത്രിസഭയെ പ്രതിസന്ധിയിലാക്കുന്നു. കാമറൂണ്‍ വംശീയ വിഷയങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ലിബറല്‍ ഡെമോക്രാറ്റ് ബിസിനസ് സെക്രട്ടറി വിന്‍സ് രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
ബ്രിട്ടിനിലെ ജനങ്ങള്‍ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ കുടിയേറ്റപ്രവാഹമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് കാമറൂണ്‍ കഴിഞ്ഞദിവസത്തെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇത് പല സമുദായങ്ങളില്‍ എതിര്‍പ്പിനും അസ്വസ്ഥതയ്ക്കും ഇടയാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഈ പ്രസ്തവനയ്ക്കെതിരെ കേബിള്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ബ്രിട്ടന് അമിതകുടിയേറ്റത്തെക്കാള് നല്ല കുടിയേറ്റമാണ് ആവശ്യമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിഡ്ഢിത്തമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതുവഴി തീവ്രവാദം ആളിക്കത്താന്‍ സഹായിച്ചിരിക്കുകയാണ് കാമറൂണ്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് പഠിക്കാന്‍ തയ്യാറാവാത്തതും രാജ്യത്ത് താമസമുറപ്പിക്കാന്‍ കുടിയേറ്റക്കാരെ സഹായിക്കുന്ന വിവാഹ സമ്പ്രദായവും എടുത്തുമാറ്റേണ്ടതാണെന്ന് കാമറൂണ്‍ പറഞ്ഞിരുന്നു. വളരെ ദേഷ്യത്തോടെയാണ് ഈ പ്രസ്താവനയോട് കേബിള്‍ പ്രതികരിച്ചത്. അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനമാകുന്ന പ്രസ്താവനകളുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നു. അദ്ദേഹവും താനും തീവ്രവാദത്തെ ശക്തമായി എതിര്‍ക്കേണ്ട സാഹചര്യത്തിലാണിതെന്നും കേബിള്‍ കുറ്റപ്പെടുത്തി.
തന്റെ ഇമിഗ്രേഷന്‍ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ ഊഹാപോഹം പ്രചരിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേബിളിന്റെ പ്രസ്താവന ലിബറല്‍ ഡെമോക്രാറ്റിന്റെ നയമാണെന്നും തന്റേത് കൂട്ടുകക്ഷിസര്‍ക്കാരിന്റെ നയമാണെന്നും കാമറൂണ്‍ പറഞ്ഞു.
കഴിഞ്ഞ രാത്രി കേബിളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ചില കണ്‍സര്‍വേറ്റീവ് എം.പിമാര്‍ കാമറൂണിനെ കണ്ടിരുന്നു. സര്‍ക്കാരിന്റെ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയ്ക്കുനേരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ കേന്ദ്രമന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന് ടോറി നേതാവ് ഫിലിപ്പ് ഡേവിസ് പറയുന്നു.
സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കുടിയേറ്റം10,000മായി കുറയ്ക്കാനാവുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെയും കേബിള്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ നയമല്ലെന്നാണ് കേബിള്‍ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല