സൗത്തെന്‍ഡ് ഓണ്‍ സീ: സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും സി.ബി.സി.ഐയുടെ പ്രസിഡന്റുമായിരുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിയല്‍ വര്‍ക്കി വിതയത്തിലിന്റെ ദേഹവിയോഗത്തില്‍ സൗത്തെന്‍ഡ് സെന്റ് തോമസ് കാത്തോലിക് സൊസൈറ്റി അനുശോചിച്ചു. കഴിഞ്ഞ ശനിയാഴ്ച ഒന്‍പതിന് കണ്‍വീനല്‍ ഇമ്മാനുവേല്‍ മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഡ്മിനിസട്രേറ്റീവ് കൗണ്‍സില്‍ അനുശോചന പ്രമേയം അവതരിപ്പിക്കുകയും 10-ാം തിയ്യതി ഞായറാഴ്ച പിതാവിന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.
ബിജു ചെറിയാന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഞായറാഴ്ച ജെയ്‌സണ്‍ ചാക്കോച്ചന്റെ ഭവനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ പിതാവിന്റെ ആത്മശാന്തിക്കായി നടത്തി. പ്രാര്‍ത്ഥനകൂട്ടായ്മയില്‍ ഡേവിസ് തെക്കുംതല അനുസ്മരണ പ്രസംഗം നടത്തി. ജീവിതത്തില്‍ സാമൂഹ്യ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുകയും മതസൗഹാര്‍ദത്തിനും സഭ ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു പിതാവെന്ന് അദ്ദേഹം അനുസ്മരിച്ചു.
ലോക കാത്തോലിക്ക സഭയില്‍ വിശ്വാസികളുടെ എണ്ണത്തില്‍ 2-ാം സ്ഥാനത്തുള്ള സീറോ മലബാര്‍ സഭയുടെ തലവനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സീറോ മലബാര്‍ സഭയ്ക്കു മാത്രമല്ല സഹോദര സഭകള്‍ക്കും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഫാ.പോള്‍ തേലക്കാട്ടിന്റെ സംഭാഷണങ്ങളിലൂടെ എന്ന പുസ്തകത്തിലൂടെയും എളിമയുടെ പ്രഭു എന്ന ഡോക്യുമെന്ററിയിലൂടെയും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൂടുതല്‍ മനസിലാക്കാവുന്നതാണ് എന്നും ഡേവിസ് കൂട്ടിചേര്‍ത്തു. പ്രാര്‍ത്ഥനകള്‍ക്കും മീറ്റിങ്ങുകള്‍ക്കും സെല്‍വിന്‍ അഗസ്റ്റിന്‍, റോയി ഫിലിപ്പ്, നൈസ് ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല