1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2011

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് യു.ഡി.എഫിന്റെ ജി.കാര്‍ത്തികേയനെ തിരഞ്ഞെടുത്തു. എല്‍.ഡി.എഫിന്റെ എ.കെ ബാലനെ പരാജയപ്പെടുത്തിയാണ് കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാര്‍ത്തികേയന് 73 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബാലന് 68 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. പ്രൊ ടേം സ്പീക്കര്‍ എന്‍.ശക്തന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടന്നത്.

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട കോണ്‍ഗ്രസിലെ ലുഡി ലൂയിസ് അടക്കം 73 എം.എല്‍.എമാരാണ് യു.ഡി.എഫില്‍ വോട്ടുചെയ്തത്. എല്‍.ഡി.എഫിന് 68 അംഗങ്ങളും. പ്രോടേം സ്പീക്കര്‍ സാധാരണഗതിയില്‍ വോട്ടുചെയ്യാറില്ല. എന്നാല്‍ പ്രത്യേകസാഹചര്യത്തില്‍ പ്രൊടേം സ്പീക്കറായ ശക്തനും വോട്ടെടുപ്പില്‍ പങ്കെടുക്കുകയായിരുന്നു.

അച്ചടിച്ച ബാലറ്റിലാണ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. എം.എല്‍.എ. മാരുടെ പേരുവിളിച്ച മുറയ്ക്കാണ് വോട്ടെടുപ്പ് നടന്നത്. പിന്നീട് പെട്ടി തുറന്ന് ഇരുപക്ഷത്തെ നേതാക്കന്‍മാരുടെയും സാന്നിദ്ധ്യത്തില്‍ ഇവ തരംതിരിച്ച് എണ്ണി. എല്‍.ഡി.എഫിന്റെ വി ശിവന്‍കുട്ടിയും യു.ഡി.എഫിന്റെ കെ.സി ജോസഫും ആണ് വോട്ടെണ്ണലിന് സാക്ഷികളായത്.

ജി. കാര്‍ത്തികേയന്‍ വിജയിച്ചതായി പ്രഖ്യാപിക്കണമെന്ന് നിയമസഭാ സെക്രട്ടറി പ്രോംടെം സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് കാര്‍ത്തികേയനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു. രഹസ്യബാലറ്റ് വഴിയാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയുടെ ബജറ്റ്‌ സമ്മേളനം 24 നാണ് ആരംഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.