ബ്രിസ്റ്റോളില്‍ നിന്നുള്ള ഒരു സുഹൃത്തിനുണ്ടായ അപകട വിവരിച്ചു കൊണ്ട് തുടങ്ങാം.റോഡില്‍ തീരെ തിരക്ക് കുറഞ്ഞ ഒരു രാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞു തിരികെ വരുകയായിരുന്നു കക്ഷി.സ്ഥിരം യാത്ര ചെയ്യുന്ന റോഡിലെ ഒരു റൌണ്ട് എബൌട്ട് ആണ് ഇനി ക്രോസ് ചെയ്യേണ്ടത്.ഏകദേശം 50 അടി മുന്‍പില്‍ മറ്റൊരു വാഹനം പോകുന്നുണ്ട്. 30 മൈല്‍ വേഗതയുള്ള റോഡ് ക്ലിയര്‍ ആണ് .വലതു നിന്നും വാഹനമോന്നും വരുന്നില്ല.ഒന്ന് വേഗത കുറച്ച് ഓടിച്ചു പോകേണ്ട കാര്യമേയുള്ളൂ.അപ്രതീക്ഷിതമായി മുന്‍പിലുള്ള വാഹനം ബ്രേക്കിട്ടു.ഉടന്‍ തന്നെ നമ്മുടെ സുഹൃത്തും ചവിട്ടിയെങ്കിലും മുന്നിലെ വാഹനത്തില്‍ ഉരസിയാണ് വണ്ടി നിര്‍ത്താന്‍ കഴിഞ്ഞത്.
ഇന്‍ഷുറന്‍സ് ക്ലെയിം വന്നപ്പോള്‍ തെറ്റ് നമ്മുടെ സുഹൃത്തിന്റെ ഭാഗത്ത്.ഫലമോ ഉണ്ടായിരുന്ന നൊ ക്ളെയിം ഡിസ്ക്കൌന്റ്റ് പോയി,ഒപ്പം പ്രീമിയത്തില്‍ ഉണ്ടായത് ഇരട്ടിയോളം വര്‍ധന.മുന്‍പിലുള്ള കാറുകാരന്‍ ബ്രേക്ക് ചെയ്തതിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു.ഇവിടെയാണ് റിയര്‍ എന്‍ഡ് ഷണ്ട്‌സ് ((പുറകില്‍ ഇടിക്കുന്ന അപകടങ്ങള്‍ ) എന്ന തട്ടിപ്പിന്റെ വ്യാപ്തി നാം മനസിലാക്കേണ്ടത്.തുടര്‍ച്ചയായ കാര്‍ അപകടവും ഇന്‍ഷുറന്‍സ് തട്ടിപ്പും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപകട നിരക്ക് വര്‍ധിപ്പിക്കുന്നതിനായി തട്ടിപ്പ് നടത്തുന്ന ആളുകളെയും സംഘംഗങ്ങളെയും സൂക്ഷിക്കണമെന്നും ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രാഷ് ഫോര്‍ ക്യാഷ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുള്ളത്. ഇതുമൂലം ഇന്‍ഡസ്ട്രിയില്‍ മുന്ന് ബില്യണ്‍ പൗണ്ട് വര്‍ഷംതോറും നഷ്ടമാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അപകടമുണ്ടായശേഷം തട്ടിപ്പ് സംഘങ്ങള്‍ സ്ഥലത്ത് കുതിച്ചെത്തുകയും ഡ്രൈവര്‍മാരെ പാട്ടിലാക്കുകയുമാണ് ചെയ്യുന്നത്. ഇതില്‍ തന്നെ റിയര്‍ എന്‍ഡ് ഷണ്ട്‌സ് ((പുറകില്‍ ഇടിക്കുന്ന അപകടങ്ങള്‍ ) )അപകടങ്ങളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
ദിനംപ്രതി ഏതാണ്ട് ആയിരത്തിലധികം റിയര്‍ എന്‍ഡ് ഷണ്ട് അപകടങ്ങളാണ് ഉണ്ടാകുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് അഡ്മിറലാണ് ഈ കണക്കുകള്‍ പുറത്തെത്തിച്ചിട്ടുള്ളത്. റിയര്‍ എന്‍ഡ് അപകടങ്ങള്‍ ദിനംപ്രതി കൂടുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ സും ലോംഗ്‌തോം പറഞ്ഞു. അതുകൊണ്ടുതന്നെ മുന്നിലുള്ള കാറുകളില്‍ നിന്ന് അല്‍പ്പം അകലം പാലിക്കുന്നത് നല്ലതായിരിക്കുമെന്നും ലോംഗ്‌തോം മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം അപകടങ്ങള്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ടുതന്നെ ഡ്രൈവര്‍മാര്‍ കരുതല്‍ പാലിക്കണമെന്നും ലോംഗ്‌തോം പറയുന്നു. അതിനിടെ 73 ശതമാനത്തോളം അപകടങ്ങളും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടെന്നാണ് അസോസിയേഷന്‍ ഓഫ് ബ്രിട്ടിഷ് ഇന്‍ഷുറന്‍സ് പറയുന്നത്.എന്തായാലും നമുക്കെല്ലാം ഒന്നു കരുതിയിരിക്കാം. മുന്‍പില്‍ പോകുന്ന വാഹനം ഏതു നിമിഷവും ബ്രേക്ക് ചെയ്യും എന്ന പ്രതീക്ഷയില്‍ തന്നെ വാഹനമോടിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല