1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2011

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന കലാപത്തിന് ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി തങ്ങള്‍ നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി നിലവില്‍ അകപ്പെട്ട സാഹചര്യത്തില്‍ മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പാര്‍ട്ടിയെ ഒന്നടങ്കം ബലി നല്‍കേണ്ടതില്ലെന്ന നിലപാടിലാണിവര്‍.

പാര്‍ട്ടിക്കുള്ളില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന എം.കെ മുനീര്‍ അശക്തനാണെന്നതാണ് ഈ നീക്കം ഇത്രയും കാലം വിജയിക്കാതെ പോയതിന് കാരണം. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ ഇത്രയും കാലം സജീവമായി ഇടപെടാതിരുന്ന മുനവ്വറലി തങ്ങള്‍ എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഏറെ ആശങ്കാകുലനാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ വിവാദം വരുന്നതിന് മുമ്പ് തന്നെ മുനവ്വറലി തങ്ങള്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയിലായിരുന്നു.

പാണക്കാട് ശിഹാബ് തങ്ങളുടെ മരണ ശേഷം മുനവ്വറലിയെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടാന്‍ മുനീറിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഉടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ശിഹാബ് തങ്ങളുടെ അനുജനും മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റ് മാത്രവുമായിമായിരുന്ന ഹൈദരലി തങ്ങളെ പ്രസിഡന്റാക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഹൈദരലി പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടതും കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ കാരണമാണ്.


മുനവ്വറലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ പ്രസ്താവനക്കൊരുങ്ങി

തങ്ങളുമായി ബന്ധപ്പെട്ട് റഊഫ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മുനവ്വറലി തങ്ങള്‍ പരസ്യപ്രസ്താവന നടത്താനൊരുങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദും സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളും ഇടപെട്ടാണ് മുനവ്വറലിയെ അനുനയിപ്പിച്ചത്. മുനവ്വറലി തങ്ങള്‍ ഇത്തരത്തില്‍ പരസ്യമായി രംഗത്ത് വന്നാല്‍ ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗം ശക്തരാകുമെന്നും അതോടെ തന്റെ നില പരുങ്ങലിലാകുമെന്നും കണ്ട് ജനറല്‍ സെക്രട്ടറി മുന്‍ കയ്യെടുത്താണ് ഇത് തടഞ്ഞത്.

കുഞ്ഞാലിക്കുട്ടി ശിഹാബ് തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് റഊഫ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. തങ്ങളുമായി ബന്ധപ്പെടുത്തി ഗുരുതരമായ വെളിപ്പെടുത്തലാണ് റഊഫ് ഇനി നടത്താനിരിക്കുന്നത്. ഇതിനിടെ ലീഗുമായി ഒട്ടി നില്‍ക്കുന്ന ഇ.കെ വിഭാഗം സമസ്ത നേതാക്കളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ റഊഫ് നീക്കം നടത്തുന്നുണ്ട്. ഇത് വിജയിച്ചില്ലെങ്കില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പരസ്യമായി കാര്യങ്ങള്‍ വിശദീകരിക്കും.

കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്ന വിവരം തങ്ങളുടെ ഒരു മകന് അറിയമായിരുന്നുവെന്ന് റഊഫ് പറഞ്ഞത് മുനവ്വറലി തങ്ങളെ ഉദ്ദേശിച്ചാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടാന്‍ ലീഗിലെ രാഷ്ട്രീയ സ്ഥിതി ആകെ മാറ്റി മറിക്കുന്ന രീതിയില്‍ മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ ഇടപെടലുണ്ടാവുമെന്നാണ് സൂചന.

ശിഹാബ് തങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്ന മകനാണ് മുവ്വറലി. തങ്ങളോടൊപ്പം കൂടുതല്‍ സമയവും ഉണ്ടായിരുന്നതും മുനവ്വറലിയാണ്. കൂടാതെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ പോയി അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്തു. തന്നെ വധിക്കാന്‍ റഊഫ് ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ച് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം നടത്തിയതോടെ ആരംഭിച്ച പുതിയ വിവാദത്തോടെ ലീഗിന് തലയുയര്‍ത്താന്‍ വയ്യാതായി എന്നാണ് മുനവ്വറലിതങ്ങളുടെ നിലപാടെന്നാണ് സൂചന.

കുഞ്ഞാലിക്കുട്ടിക്കെതിരെ തങ്ങള്‍ കുടുംബത്തില്‍നിന്ന് ആരെങ്കിലും രംഗത്തുവന്നാല്‍ അത് മറുചേരിക്ക ശക്തി നല്‍കും. പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം ഇവരോടൊപ്പം നില്‍ക്കുകയും ചെയ്യും. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ നില പരുങ്ങലിലായാല്‍ വന്‍പൊട്ടിത്തെറിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന് മുനവ്വറലിതങ്ങള്‍ നേതൃത്വം നല്‍കുമെന്നാണ് വ്യക്തമായ വിവരം.


പാര്‍ട്ടിയിലെ ശാക്തിക ചേരി

തന്റെ സാമ്പത്തിക, രാഷ്ട്രീയ സ്വാധീനങ്ങളുടെ വലയത്തില്‍ മുസ്‌ലിം ലീഗിനെ കെട്ടിയിടുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തതെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന പ്രധാന ആരോപണം. ഐസ്‌ക്രീം കേസ് ഉള്‍പ്പെടെയുള്ള പെണ്‍വാണിഭക്കേസുകള്‍ തന്നെ വന്‍ കള്ളക്കടുത്തകളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഉപോല്‍പന്നമാണെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. നിയമവിരുദ്ധമായി കാര്യങ്ങള്‍ നേടാന്‍ പെണ്‍കുട്ടികള്‍ ഉപയോഗിക്കപ്പെടുകയായിരുന്നു ചെയ്തത്.

കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ബന്ധങ്ങള്‍ക്ക് മുമ്പില്‍ നേതാക്കള്‍ നിശ്ശബ്ദരാകുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. നേരത്തെ ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിവാദമായപ്പോള്‍ മന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയ കുഞ്ഞാലിക്കുട്ടി പിന്നീട് ശക്തനായി തിരിച്ചുവരികയായിരുന്നു. പാര്‍ട്ടികള്‍ക്കതീതമായി കുഞ്ഞാലിക്കുട്ടിക്കുള്ള ഈ ബന്ധമാണ് നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് അദ്ദേഹത്തെ രക്ഷപ്പെടുന്ന സ്ഥിതിയിലേക്ക് കേസ് അട്ടിമറിക്കപ്പെട്ടത്.

കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തായിരുന്നു ഇ.അഹമ്മദെങ്കിലും അത് വെറും ഗ്രൂപ്പിസത്തിന്റെ പേരില്‍ മാത്രമായിരുന്നു. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി മുന്നോട്ട് വെക്കുന്ന രീതിയുടെ പ്രയോക്താവാണ് ഇ. അഹമ്മദും. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ നിലപാടും പാരമ്പര്യവുമുള്ള നേതാവായ ഇ.ടി മുഹമ്മദ് ബഷീര്‍ പോലും കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തിന് മുന്നില്‍ കീഴടങ്ങുന്നതാണ് കാണാനായത്.

യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം ഷാജി കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്താണ്. എല്ലാ വിഷയത്തിലും ശക്തമായി ഇടപെടാറുള്ള ഷാജി പക്ഷെ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഇതുവരെ കാര്യമായി രംഗത്ത് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നീക്കത്തിന് മുനവ്വറലി തങ്ങള്‍ നേതൃത്വം നല്‍കുകയാണെങ്കില്‍ ഇപ്പോള്‍ നശ്ശബ്ദരായി നില്‍ക്കുന്നവരും മറുചേരിയിലെ സജീവ പ്രവര്‍ത്തകരും പാര്‍ട്ടി സെക്രട്ടറിക്കെതിരെ രംഗത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.