1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2011


2002 ഏപ്രിലിലായിരുന്നു മതികെട്ടാന്‍ ഭൂമി വിവാദം കൊടുമ്പിരിക്കൊണ്ടത്‌. എ.കെ.ആന്‍റണി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്ന കാലത്ത്‌. കൃത്യം അഞ്ചു വര്‍ഷത്തിനുശേഷം അച്യുതാനന്ദന്‍ സര്‍ക്കാരിന്‍െറ ഒന്നാംവാര്‍ഷികത്തിനു തൊട്ടുമുമ്പുള്ള ഏപ്രിലില്‍ മൂന്നാറും പുകഞ്ഞു. ഇടുക്കിയുടെ സമൃദ്ധമായ പച്ചപ്പ്‌ എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു. ഏതു രാഷ്ട്രീയക്കാര്‍ക്കും വിവാദങ്ങളെ വളര്‍ത്താനുള്ള വളക്കൂറുള്ള മണ്ണാണ്‌ ഇടുക്കിയുടേത്‌. കുടിയേറിയവരും കുടിയിരുത്തപ്പെട്ടവരുമായ കര്‍ഷകജനതയുടെ മനസ്സ്‌ അതുകൊണ്ടുതന്നെ ആര്‍ക്കും പെട്ടെന്നു പിടികൊടുക്കുന്ന ഒന്നല്ല.

ഇപ്പോഴത്തെ ഹൈറേഞ്ചില്‍ 1955 മുതലാണ്‌ കുടിയേറ്റം തുടങ്ങിയത്‌. അതിനു മുമ്പ്‌ മൂന്നാറിലും പീരുമേട്ടിലുമുള്ള തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കാനെത്തിയ തമിഴരില്‍ ഭൂരിപക്ഷത്തിനും അന്നും (ഇന്നും) തമിഴ്‌നാട്ടിലായിരുന്നു വോട്ട്‌. ഒരേ ദിവസം കേരളത്തിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇവരില്‍ നല്ലൊരു പങ്ക്‌ തമിഴ്‌നാട്ടിലേക്കു പോയേക്കാം. വലുപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള ജില്ലയാണെങ്കിലും നിയോജകമണ്ഡലങ്ങളുടെ എണ്ണം ഇപ്പോഴും അഞ്ചുമാത്രമാണ്‌. കേരളത്തിലെ ചില ജില്ലകളുടെ വലുപ്പം വരും ഇടുക്കിയിലെ നിയോജകമണ്ഡലങ്ങള്‍ക്ക്‌്‌.

ഓരോ തിരഞ്ഞെടുപ്പിലും വ്യത്യസ്‌ത മുന്നണികളെ സ്വീകരിക്കുന്ന നിലപാടായിരുന്നു ഇടുക്കിയിലെ മണ്ഡലങ്ങള്‍ പുലര്‍ത്തിയിരുന്നത്‌. എങ്കിലും കുടിയേറ്റമണ്ണിന്‌ അല്‍പം കേരള കോണ്‍ഗ്രസ്‌ ചായ്‌വുണ്ടായിരുന്നുവെന്നത്‌ നിഷേധിക്കാനാകില്ല. ഇടുക്കിയിലൊരു കുത്തക മണ്ഡലമുണ്ടെങ്കില്‍ അത്‌ തൊടുപുഴ മാത്രമാണ്‌. 1970 മുതല്‍ പുറപ്പുഴക്കാരന്‍ പി.ജെ.ജോസഫാണ്‌ തൊടുപുഴയുടെ പ്രതിനിധി. ആദ്യ രണ്ടുതവണ പിളരാത്ത കേരള കോണ്‍ഗ്രസ്‌. പിന്നെ മൂന്നു തവണ സ്വന്തം പേരിലുള്ള വിഭാഗത്തിന്‍െറ സ്ഥാനാര്‍ഥി. മുന്നണി മാറിയപ്പോഴും ജോസഫിനെ കൈവിടാതിരുന്ന തൊടുപുഴ 1991ല്‍ ജോസഫിന്‍െറ ആറാമത്തെ മല്‍സരത്തില്‍, പക്ഷെ, ചതിച്ചു. കോണ്‍ഗ്രസിന്‍െറ പി.ടി.തോമസ്‌ ഇവിടെ വിജയക്കൊടി നാട്ടി. 1996ല്‍ ജോസഫ്‌, തോമസില്‍ നിന്നു മണ്ഡലം തിരിച്ചുപിടിച്ചു. 2001ല്‍ വീണ്ടും ജോസഫിനു പരാജയം. 2006ല്‍ 96ന്‍െറ ആവര്‍ത്തനം. 2011ല്‍ ജോസഫ്‌ മല്‍സരത്തിനെത്തുന്നത്‌ മൂന്നു പതിറ്റാണ്ടിനുശേഷം യു.ഡി.എഫിലെ മാണിക്കാരനായിട്ടാണ്‌. ജോസഫിന്‍െറ വിശ്വസ്‌തനായി മാത്രം തൊടുപുഴ കണ്ടിട്ടുള്ള പ്രൊഫ ജോസഫ്‌ അഗസ്റ്റിനാണ്‌ ഇത്തവണ രാഷ്ട്രീയഗുരുവിനെതിരെ അങ്കക്കച്ച മുറുക്കുന്നത്‌. ബി.ജെ.പിയുടെ തീപ്പൊരി പ്രസംഗകന്‍ പി.എം. വേലായുധന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായും രംഗത്തിറങ്ങുന്നു.

1965 മുതല്‍ ഇതുവരെ നടന്ന 11 തിരഞ്ഞെടുപ്പുകളില്‍ ആറു തവണ സി.പി.എമ്മിനേയും അഞ്ചുതവണ കോണ്‍ഗ്രസിനേയും വിജയിപ്പിച്ച ചരിത്രമാണ്‌ ദേവികുളം മണ്ഡലത്തിന്‍േറത്‌. മൂന്നാറിന്‍െറ ചൂടാറാത്ത ദേവികുളത്ത്‌ കഴിഞ്ഞ തിരഞ്ഞെടുപ്പിന്‍െറ അതേ ആവര്‍ത്തനം. 1980 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ സി.പി.എം ജയിച്ച മണ്ഡലത്തെ 1991ല്‍ കോണ്‍ഗ്രസിന്‍െറ അക്കൗണ്ടിലാക്കുകയും തുടര്‍ച്ചയായ മൂന്നുതവണത്തെ വിജയത്തിനുശേഷം കഴിഞ്ഞതവണ തോല്‍ക്കുകയും ചെയ്‌ത എ.കെ.മണി തന്നെ കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി. മണിയെ തോല്‍പിക്കാന്‍ സി.പി.എം നിയോഗിച്ച എസ്‌. രാജേന്ദ്രന്‍ സിറ്റിംഗ്‌ എം.എല്‍.എയെന്ന പരിവേഷത്തോടെ വീണ്ടും പോരിനിറങ്ങുന്നു. തമിഴ്‌ വംശജര്‍ കൂടുതലുള്ള മണ്ഡലത്തില്‍ തമിഴ്‌ വംശജനല്ലാത്ത ഒരാളെ മല്‍സരത്തിനിറക്കാന്‍ ഇരുമുന്നണികളും തയ്യാറല്ല.

ഉടുമ്പഞ്ചോലയിലും ഇരുമുന്നണികളുടേയും സ്വാധീനം വ്യത്യസ്‌തമായിരുന്നില്ല. പൂര്‍ണമായും കുടിയേറ്റ മണ്ഡലമായിട്ടും 1965ലും 67ലും കേരള കോണ്‍ഗ്രസിനെ സി.പി.ഐയിലെ കെ.ടി.ജേക്കബ്‌ (ജേക്കബ്‌ ആശാന്‍) പരാജയപ്പെടുത്തി. 1970 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കേരള കോണ്‍ഗ്രസിനായിരുന്നു വിജയം. 1982ല്‍ സി.പി.എമ്മിലെ എം.ജിനദേവന്‍ മണ്ഡലം തിരിച്ചുപിടിച്ചു. 87ല്‍ കേരള കോണ്‍ഗ്രസിലെ മാത്യു സ്‌റ്റീഫനും പിന്നീട്‌ രണ്ടുതവണ കോണ്‍ഗ്രസിലെ ഇ.എം.ആഗസ്‌തിയും വിജയിച്ച മണ്ഡലം വലതുതരംഗത്തിനിടയിലും 2001ല്‍ സി.പി.എമ്മിലെ കെ.കെ.ജയചന്ദ്രന്‍ തിരിച്ചുപിടിച്ചു. 2006ല്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച ജയചന്ദ്രന്‍തന്നെയാണ്‌ ഇത്തവണയും സ്ഥാനാര്‍ഥി. രണ്ടു ടേം കൊണ്ട്‌ ഉടുമ്പഞ്ചോലയെ ഇടതുമണ്ഡലമാക്കി മാറ്റാന്‍ ജയചന്ദ്രനു കഴിഞ്ഞുവെന്നതാണ്‌ പ്രത്യേകത. ജയചന്ദ്രനെതിരെ മല്‍സരിക്കാന്‍ ഇത്തവണയും മണ്ഡലത്തിനു പുറത്തു നിന്നൊരാളെയാണ്‌ കോണ്‍ഗ്രസ്‌ നിയോഗിച്ചിരിക്കുന്നത്‌. ഉടുമ്പഞ്ചോലയ്‌ക്ക്‌ അപരിചിതനായ ജോസി സെബാസ്‌റ്റിയനെതിരെ ഒരു വിഭാഗം രംഗത്തു വന്നിട്ടുങ്കിലും രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടുമെന്നാണ്‌ നേതൃത്വം വിശ്വസിക്കുന്നത്‌.

രൂപീകൃതമായ 1965 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ സി.പി.എമ്മും അതിനുശേഷം രണ്ടുതവണ സി.പി.ഐയും വിജയിച്ചിട്ടുള്ള പീരുമേട്ടില്‍ 1982ല്‍ കെ.കെ. തോമസാണ്‌ കോണ്‍ഗ്രസിന്‍െറ കൊടിനാട്ടിയത്‌. പിന്നീട്‌ രണ്ടുതവണകൂടി തോമസ്‌ ഇവിടെ നിന്നു വിജയിച്ചു. ഉടുമ്പഞ്ചോലയില്‍ നിന്ന്‌ ഇടുക്കി വഴി മണ്ഡലം മാറി മാണിഗ്രൂപ്പ്‌ വിട്ട്‌ ജേക്കബ്‌ ഗ്രൂപ്പുകാരനായി മല്‍സരിച്ച മാത്യു സ്റ്റീഫനെ 1996ല്‍ സി.പി.ഐയുടെ സി.എ. കുര്യന്‍ പരാജയപ്പെടുത്തി. 2001ല്‍ ഉടുമ്പഞ്ചോലയില്‍ നിന്നെത്തിയ ഇ.എം ആഗസ്‌തിക്കായിരുന്നു വിജയഭാഗ്യം. 2006ല്‍ സി.പി.ഐയിലെ ഇ.എസ്‌ ബിജിമോള്‍ ആഗസ്‌തിയെ പരാജയപ്പെടുത്തി. തോട്ടം മേഖലയിലെ പ്രതിസന്ധിയായിരുന്നു ആഗസ്‌തിക്കു വിനയായത്‌. ഇത്തവണയും ബിജിമോളും ആഗസ്‌തിയും തമ്മിലാണ്‌ പീരുമേട്ടില്‍ പോരാട്ടത്തിനിറങ്ങുന്നത്‌.

ഇടുക്കി ജില്ലയിലെ അടിയുറച്ച യു.ഡി.എഫ്‌ മണ്ഡലമാണ്‌ ഇടുക്കി. രൂപീകൃതമായ 1977 മുതല്‍ ഇന്നു വരെ ഒരു തവണ മാത്രമാണ്‌ ഇവിടെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പരാജയപ്പെട്ടത്‌. 1987ലെ തിരഞ്ഞെടുപ്പില്‍ ഇടുക്കി നിയോജകമണ്ഡലത്തില്‍പെട്ട തങ്കമണിയിലുണ്ടായ പൊലീസ്‌ അതിക്രമമായിരുന്നു കരുണാകരന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രധാന തിരഞ്ഞെടുപ്പു വിഷയം. എന്നിട്ടും ഇടുക്കിയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി റോസമ്മ ചാക്കോയാണ്‌ വിജയിച്ചത്‌. അതും 9801 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍. അന്ന്‌ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി.പി. സുലൈമാന്‍ റാവുത്തര്‍ രണ്ടാം സ്‌ഥാനത്തെത്തി. സി.പി.എം സ്വതന്ത്ര മേരി സിറിയക്കിന്‌ മൂന്നാം സ്ഥാനത്തു തൃപ്‌തിപ്പെടെണ്ടിവന്നു. 1991ല്‍ കേരള കോണ്‍ഗ്രസ്‌ മാണി -ജോസഫ്‌ വിഭാഗങ്ങള്‍ തമ്മില്‍ മല്‍സരിച്ച്‌ മാണി വിഭാഗം വിജയിച്ചു. 1996ല്‍ സുലൈമാന്‍ റാവുത്തര്‍ ജനതാദള്‍ സീറ്റില്‍ മല്‍സരിച്ച്‌ ആദ്യമായി ഇടതുതരംഗം സൃഷ്ടിച്ചു. 2001ല്‍ ദള്‍ സീറ്റു നിഷേധിച്ചെങ്കിലും റാവുത്തര്‍ വീണ്ടും സ്വതന്ത്രനായി. മുന്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ എം.എസ്‌ ജോസഫായിരുന്നു ജനതാദളിന്‍െറ സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസിന്‍െറ (എം) യുവനേതാവായിരുന്ന റോഷി അഗസ്‌റ്റിന്‍ വിജയിച്ച പ്രസ്‌തുത മല്‍സരത്തില്‍ റാവുത്തര്‍ മൂന്നാമതായി. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ സീറ്റ്‌ ഘടകകക്ഷികളില്‍ നിന്നു സിപി.എം പിടിച്ചെടുത്തു. പക്ഷെ, പാര്‍ട്ടി ഏരിയ സെക്രട്ടറിയായിരുന്ന സി.വി. വര്‍ഗീസിനെ ഇടതുതരംഗത്തിനിടയിലും 16340 വോട്ടുകള്‍ക്കാണ്‌ റോഷി പരാജയപ്പെടുത്തിയത്‌. ഇത്തവണയും റോഷിയും വര്‍ഗീസുമാണ്‌ ഗോദയില്‍. ഇടതുമുന്നണിക്കുവേണ്ടി ഇടുക്കിയില്‍ കച്ചകെട്ടിയ പാര്‍ട്ടികളെല്ലാം തന്നെ ഇപ്പോള്‍ യു.ഡി.എഫിനൊപ്പമാണ്‌. മാത്രമല്ല കടുത്ത ക്രൈസ്‌തവ ഭൂരിപക്ഷവും. റോഷിയുടെ വിജയസാധ്യതയ്‌ക്ക്‌ അതുകൊണ്ടുതന്നെ തെല്ലും മങ്ങലില്ലെന്ന്‌ യു.ഡി.എഫ്‌ വിശ്വസിക്കുന്നു.

സഭയും കുടിയേറ്റവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്‌ ഇടുക്കിയുടെ സമ്മതിദാനത്തിനുമേല്‍ എന്നും സ്വാധീനം ചെലുത്തുന്നത്‌. മതികെട്ടാനും മൂന്നാറും ഭൂമികയ്യേറ്റത്തിലൂടെ കുപ്രസിദ്ധമാകുമ്പോഴും ഇടുക്കിയില്‍ കുടിയേറിയ കര്‍ഷകജനതയില്‍ വലിയൊരു പങ്ക്‌ ഭൂമിക്കു കൈവശാവകാശം ലഭിക്കാതെ വിഷമിക്കുകയാണ്‌. എങ്കിലും ഏലത്തിനും കുരുമുളകിനും റബ്ബറിനുമെല്ലാം സാമാന്യം നല്ല വിലയുണ്ടെന്നത്‌ അവരെ ആശ്വസിപ്പിക്കുന്നു. ആ ആശ്വാസം ഇടതുമുന്നണിക്ക്‌ വോട്ടാക്കി മാറ്റാനാകുമോ എന്നതാണ്‌ ഇടുക്കി ഇപ്പോള്‍ ഉറ്റുനോക്കുന്നത്‌. അതോ ജേക്കബ്‌ ആശാന്‍െറ കാലത്തു തുടങ്ങിയ പട്ടയപ്രശ്‌നം കഴിഞ്ഞ സര്‍ക്കാരിനും പരിഹരിക്കാനാകാതെ പോയതും ഇടുക്കിക്കാരെയൊക്കെ കയ്യേറ്റക്കാരായി മുദ്രകുത്തിയ വി.എസ്‌. അച്യുതാനന്ദന്‍െറ മൂന്നാര്‍ നയവും ഇടതിനു തിരിച്ചടിയാകുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.