പുനലൂരിനു പകരം കുട്ടനാട് ലഭിക്കുമെന്നുറപ്പായതോടെ കേരള കോണ്‍ഗ്രസില്‍ (എം) ഉയര്‍ന്ന കടുത്ത അസംതൃപ്തിക്കു തെല്ലു പരിഹാരമായി. പി.ജെ. ജോസഫിനൊപ്പം വന്ന ഫ്രാന്‍സിസ് ജോര്‍ജിനും ആന്റണി രാജുവിനും സീറ്റ് ലഭിക്കാത്തതും തിരുവല്ലയിലെ സ്ഥാനാര്‍ഥി തര്‍ക്കം ഓര്‍ത്തഡോക്സ് – മര്‍ത്തോമ സഭകള്‍ തമ്മിലുള്ള തര്‍ക്കമായി പരിണമിച്ചതുമാണ് ഇപ്പോള്‍ പാര്‍ട്ടിയെ അലട്ടുന്നത്.
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുത്തതോടെ പി.ജെ.ജോസഫ് വിഭാഗത്തിന് നാലു സീറ്റ് ലഭിക്കുമെന്നുറപ്പായി. ഡോ.കെ.സി ജോസഫ് തന്നെ ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നു മല്‍സരിച്ച ആറ് സീറ്റ് നാലായി ചുരുങ്ങിപ്പോയതില്‍ ജോസഫ് വിഭാഗത്തിനു കടുത്ത അസംതൃപ്തിയുണ്ട്. കോതമംഗലം വിട്ടുകൊടുത്ത് ഫ്രാന്‍സിസ് ജോര്‍ജിനു മല്‍സരിക്കാന്‍ മുവാറ്റുപുഴ വാങ്ങണമെന്ന് ജോസഫ് ഗ്രൂപ്പ് ആഗ്രഹിച്ചിരുന്നെങ്കിലും ടി.യു. കുരുവിളയുടെ വ്യക്തിപരമായ പ്രതിരോധത്തില്‍ അതു നടക്കാതെ പോയി. ഇതേതുടര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി തൊടുപുഴ ഒഴിഞ്ഞുകൊടുക്കാന്‍ പി.ജെ.ജോസഫ് തയ്യാറായെങ്കിലും തൊടുപുഴയില്‍ ജോസഫ് തന്നെ മല്‍സരിക്കണമെന്ന് മാണി നിര്‍ബന്ധിക്കുകയായിരുന്നു.
തിരുവല്ലയില്‍ കഴിഞ്ഞതവണ മാത്യു ടി. തോമസിനോടു പരാജയപ്പെട്ട വിക്ടര്‍ ടി. തോമസും ഇല്ലാതായ കല്ലൂപ്പാറ മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എ ജോസഫ് എം.പുതുശ്ശേരിയും തമ്മിലാണ് തിരുവല്ല സീറ്റിനുവേണ്ടി തര്‍ക്കം. വിക്ടറിനെ മല്‍സരിപ്പിക്കാന്‍ മര്‍ത്തോമ സഭയും പുതുശ്ശേരിക്കുവേണ്ടി ഓര്‍ത്തഡോക്സ് സഭയും ശക്തമായി രംഗത്തുണ്ട്. സിറ്റിംഗ് എം.എല്‍.എ ആയതുകൊണ്ടുതന്നെ ജോസഫ് എം. പുതുശ്ശേരിക്ക് ഇവിടെ സീറ്റുനല്കാനാണ് മാണിക്കു താല്പര്യം.
ചങ്ങനാശ്ശേരിയില്‍ സി.എഫ് തോമസിനെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെങ്കിലും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാനപ്രസിഡന്റ് ജോബ് മൈക്കിളിനെ ഇവിടെ മല്‍സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ചങ്ങനാശ്ശേരിയില്‍ അപ്രതീക്ഷിതമായി ഡോ.ബി.ഇക്ബാലിനെ ഇടതുസ്വതന്ത്രനായി രംഗത്തിറക്കാന്‍ സി.പി.എം തീരുമാനിച്ചതിനാല്‍ സി.എഫ്. തോമസിനെ വീണ്ടും നിര്‍ത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നു യൂത്ത് ഫ്രണ്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല 1996ല്‍ റോഷി അഗസ്റ്റിനെ മല്സരരംഗത്തിറക്കിയതിനുശേഷം പാര്‍ട്ടിയില്‍ ചെറുപ്പക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനോടു പരാജയപ്പെട്ട സ്റ്റീഫന്‍ ജോര്‍ജ് ഉള്‍പ്പെടെ കഴിഞ്ഞതവണ മല്‍സരരംഗത്തുണ്ടായിരുന്ന പലര്‍ക്കും ഇത്തവണ സീറ്റില്ല. കടുത്തുരുത്തിയില്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിക്കണമെന്ന ആവശ്യവുമായി പി.സി.തോമസ് വിഭാഗം സ്റ്റീഫന്‍ ജോര്‍ജിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം അതു നിരാകരിച്ചു.
കേരള കോണ്‍ഗ്രസിന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാല് സീറ്റ് അധികം ലഭിച്ചെങ്കിലും ജോസഫ്- ജോര്‍ജ് വിഭാഗങ്ങള്‍ക്കുള്ള പങ്കുവയ്ക്കല്‍ കഴിഞ്ഞതോടെ തത്വത്തില്‍ മാണി വിഭാഗത്തിന് ഒരു സീറ്റ് നഷ്ടമാകുകയാണ് ചെയ്തത്. എന്നാല്‍ ലഭിച്ച പതിനഞ്ചില്‍ ഒമ്പതെണ്ണം ഉറച്ച സീറ്റുകളാണെന്നതാണ് കേരള കോണ്‍ഗ്രസിന്റെ ഏക ആശ്വാസം.
പാര്‍ട്ടിക്കു ലഭിച്ച മറ്റു സീറ്റുകളായ തളിപ്പറമ്പ്, ആലത്തൂര്‍, പേരാമ്പ്ര മണ്ഡലങ്ങളില്‍ അത്ഭുതങ്ങളെന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ പാര്‍ട്ടി വിജയസാധ്യത കാണുന്നുള്ളു. പേരാമ്പ്രയില്‍ കഴിഞ്ഞതവണ മല്‍സരിച്ച ജെയിംസ് തെക്കനാടനുതന്നെ ഇത്തവണയും സീറ്റു നല്‍കിയേക്കും. മറ്റു രണ്ടു സീറ്റുകളിലൊന്നില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കുന്നുണ്ടെങ്കിലും വിജയം ഉറപ്പില്ലാത്തതിനാല്‍ ജോസഫ് വിഭാഗം താല്പര്യം കാണിച്ചിട്ടില്ല. ഈ സീറ്റുകളില്‍ പുതുമുഖങ്ങളെ മല്സരിത്തിനിറക്കിയേക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല