ലണ്ടന്‍: ജനിക്കുന്ന കുട്ടികളില്‍ പൊണ്ണത്തടിയന്‍മാരാവുന്നത് ഒഴിവാക്കാനായി നടത്തുന്ന എന്‍.എച്ച്.എസ് പരീക്ഷണത്തിന്റെ ഭാഗമായി നൂറു കണക്കിന് അമ്മമാര്‍ക്ക് മെറ്റ്‌ഫോര്‍മിന്‍ നല്‍കി. ഗര്‍ഭകാലത്ത് മൂന്നു തവണ ഡയബറ്റിക്‌സിനുള്ള ഗുളികയായ മെറ്റ്‌ഫോര്‍മിന്‍ പൊണ്ണത്തടിയുള്ള അമ്മമാര്‍ക്ക് നല്‍കിയാണ് പരീക്ഷണം നടത്തുന്നത്. ഗര്‍ഭകാലയളവില്‍ അമ്മയില്‍ നിന്നും കുഞ്ഞിലേക്കെത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അളവ് കുറയ്ക്കാന്‍ വേണ്ടിയാണ് മരുന്നുകള്‍ നല്‍കുന്നത്.
എന്നാല്‍ ശരിയായ ആഹാര ക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മാറ്റിയെടുക്കാവുന്ന ഈ രോഗത്തെ വന്‍തോതില്‍ മരുന്നുകള്‍ നല്‍കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ചില ആരോഗ്യവതികളായ സ്ത്രീകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഗര്‍ഭിണികളിലെ പൊണ്ണത്തടി വന്‍തോതില്‍ വര്‍ധിച്ചുവരികയാണെന്നാണ് ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ പൊണ്ണത്തടിയുടെ വിത്ത് കുട്ടികളിലുമെത്തുന്നു. അതിനാല്‍ വരുംതലമുറയെ പൊണ്ണത്തടിയില്‍ നിന്നും രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരീക്ഷണം നടത്തുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ടാബ് ലറ്റിന് 1 പെന്നി വിലയുള്ള മെറ്റ്‌ഫോര്‍മിന്‍ ദശാബ്ദങ്ങളായി ഡയബറ്റിക്‌സിന് ഉപയോഗിക്കുന്ന ഫലപ്രദമായ മരുന്നാണ്. ഗര്‍ഭകാലത്തെ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഗര്‍ഭിണികളിലെ പകുതി അമിതഭാരമുള്ളവരും, 15% ത്തോളം പേര്‍ പൊണ്ണത്തടിയുള്ളവരുമാണെന്നാണ് അടുത്തിടെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് കുഞ്ഞിന്റെയും അമ്മയുടേയും ജീവന് ഭീഷണിയാണ്. കൂടാതെ പ്രസവസമയത്ത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നു.
ലിവര്‍ പൂള്‍, എഡിന്‍ബര്‍ഗ്, കവന്‍ട്രി എന്നിവിടങ്ങളിലെ ആശുപത്രികളിലുള്ള 400 തടിച്ച ഗര്‍ഭിണികളിലാണ് പരീക്ഷണം നടത്തുന്നത്. ഇതില്‍ പകുതിപ്പേരില്‍ കുഞ്ഞിന് 12 ആഴ്ച വളര്‍ച്ചയെത്തിയതുമുതല്‍ മെറ്റ്‌ഫോര്‍മിന്‍ നല്‍കി. മറ്റുള്ളവര്‍ക്ക് മറ്റുമരുന്നുകളുമാണ് നല്‍കിയിട്ടുള്ളത്. മെറ്റ്‌ഫോര്‍മിന്‍ കുട്ടിയിലേക്ക് അമിതമായി ആഹാരമെത്തുന്നത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണവിധേയരായ അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യം ഓരോ ഘട്ടത്തിലും കൃത്യമായി പരിശോധിക്കും. നാല് വര്‍ഷത്തിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗര്‍ഭിണികളിലെ പൊണ്ണത്തടി പ്രസവസമയത്ത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതില്‍ സംശയമില്ലെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ജെയ്ന്‍ നോര്‍മാന്‍ പറഞ്ഞു. ഇത് പ്രസവശേഷം കുഞ്ഞ് മരിക്കുക, സിസേറിയന്‍ സമയത്ത് അപകടമുണ്ടാവുക, തുടങ്ങിയവ പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്. മെറ്റ്‌ഫോര്‍മിന്‍ കുഞ്ഞിനും അമ്മയ്ക്കും സുരക്ഷിതത്വം നല്‍കും. എന്നാല്‍ ഇത് എന്തെങ്കിലും അപകടമുണ്ടാക്കുമോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല