കണിയാപുരം ചാന്നാങ്കരയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ വാന്‍് പുഴയിലേയ്ക്ക് മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു.കഴക്കൂട്ടത്തെ ജ്യോതിനിലയം സ്‌കൂളിന്റെ വാനാണ് മറിഞ്ഞത് ആരോമല്‍ എസ് നായര്‍, അശ്വിന്‍, കനിഹ എന്നീ കുട്ടികളാണ് മരിച്ചത്. വാനില്‍ 30 കുട്ടികള്‍ ഉണ്ടായിരുന്നു. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷപ്പെടുത്തിയ 23 കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനാലില്‍ ഏതെങ്കിലും കുട്ടികള്‍ ഉണ്ടോ എന്നു തെരച്ചില്‍ നടത്തുന്നതിനായി ഉടന്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ സ്ഥലത്തെത്തും.
ആറിനും പന്ത്രണ്ടിനുമിടയില്‍ വയസ്സുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൈകിട്ട് നാലു മണിയോടെയാണ് കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസ് ജ്യോതിനിലയം സ്കൂളിലെ കുട്ടികളെയും കൊണ്ടുവന്ന വാനാണ് ചാന്നാങ്കര പാലത്തില്‍ വച്ച് നിയന്ത്രണം വിട്ട് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞത്. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനായി വാടകയ്ക്ക് എടുത്ത വാനാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ഡ്രൈവര്‍ വിപിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ദേവിക (10), കൃഷ്ണ (5), അഭിജിത്ത് (9), ആന്‍സി (10), അഖില്‍ (13), സൂര്യഗായത്രി (12), ബ്ലെസന്‍ (10), ശീതല്‍ (12), ഗലീന സ്റ്റെഫന്‍ (12) എന്നീ കുട്ടികളെ എസ്.എ.ടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരുടെയും നില ഗുരുതരമല്ല. നാട്ടുകാരുടെ സമയോചിതമായ രക്ഷാപ്രവര്‍ത്തനമാണ് മരണനിരക്ക് കുറച്ചത്. അതേസമയം അപകടവിവരമറിഞ്ഞ് കാഴ്ചക്കാരായി സ്ഥലത്ത് തടിച്ചുകൂടിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു. വാഹനങ്ങളും കാഴ്ചക്കാരും തിങ്ങിനിറഞ്ഞ് റോഡില്‍ ഗതാഗതം തടസപ്പെട്ടത് കുട്ടികളെ ആശുപത്രിയിലെത്തിക്കുന്നതിന് പോലും തടസമായി.
മന്ത്രിമാരായ പി.കെ.അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്.ശിവകുമാര്‍, കഴക്കൂട്ടം എം.എല്‍.എ എം.എ.വാഹിദ് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി. ഈ വര്‍ഷം ഫിബ്രവരി 17-ന് കരിക്കകത്തിനടുത്ത് പാര്‍വതീപുത്തനാറിലേക്ക് സ്‌കൂള്‍വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് അഞ്ചു നഴ്‌സറിക്കുട്ടികളുടെയും സ്‌കൂള്‍ ജീവനക്കാരിയുടെയും ജീവനായിരുന്നു. അതിന് പിന്നാലെയാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല