നല്ല തല്ല് കിട്ടാത്തതിന്റെ കുറവാണ് ബ്രിട്ടനിലെ കുട്ടികള്‍ക്കെന്നാണ് മുതിര്‍ന്ന ലിബറല്‍ ഡെമോക്രാറ്റിക് എംപി ജോണ്‍ ഹെമ്മിങ്ങിന്റെ പക്ഷം. രക്ഷിതാക്കളുടെ വളര്‍ത്തു ദോഷം തന്നെയാണ് ലണ്ടനില്‍ നടന്ന കലാപത്തില്‍ പങ്കെടുത്ത കുട്ടികളുടെ എണ്ണം സൂചിപ്പിക്കുന്നത് എന്നതും ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്‍താങ്ങുന്നതാണ്. കുട്ടികളെ അച്ചടക്കത്തോടെ വളര്ത്തണമെങ്കില്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ ശിക്ഷിക്കാന്‍ അവകാശം നല്‍കണമെന്നും രക്ഷിതാക്കളുടെ ഈ അവകാശത്തില്‍ കൈക്കടത്തുന്ന രാജ്യത്തിന്റെ നിയമ രീതി മാറ്റണമെന്നും ഹെമ്മിംഗ് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇപ്പോഴത്തെ ബ്രിട്ടനിലെ കുട്ടികളുടെ ജീവിതരീതി വെച്ച് നോക്കുമ്പോള്‍ അവര്‍ കൂടുതല്‍ സമയം ടിവി കണ്ടിരിക്കാനും വീഡിയോ ഗെയിം കളിച്ചിരിക്കാനും താല്പര്യപ്പെടുന്നവരാണ്, ഇതൊക്കെ ആക്രമണവാസന വളര്‍ത്തുന്ന ശീലങ്ങളാണ്. അതേസമയം മാതാപിതാക്കള്‍ക്ക് നിലവില്‍ മക്കളെ ശാസിക്കാണോ ശിക്ഷിക്കാനോ ഭയമാണത്രേ! മാതാപിതാക്കള്‍ക്ക് കുട്ടികളെ അടിക്കാനുള്ള അവകാശം നല്കുന്നത് അധികമൊന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയില്ലയെന്നും അതേസമയം ഇത് കുട്ടികളെ കൂടുതല്‍ അച്ചടക്കത്തോടെ വളരാന്‍ സഹായിക്കുമെന്നും ഹെമ്മിംഗ് അഭിപ്രായപ്പെട്ടു.
ബ്രിട്ടനിലെ സ്കൂള്‍ കുട്ടികളില്‍ ആക്രമണവാസന ആശങ്കാജനകമായ് വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. അതിരുകവിഞ്ഞ വികൃതി മൂലം ബ്രിട്ടനിലെമ്പാടുമുള്ള സ്കൂളുകളില്‍ നിന്നും അടുത്തിടെ പുറത്താക്കിയ കുട്ടികളുടെ എണ്ണം വളരെ വലുതാണ്. ആഴ്ചയില്‍ ശരാശരി 65 കുട്ടികളെയെങ്കിലും ഇത്തരത്തില്‍ സ്കൂളുകളില്‍ നിന്നും പുറത്താക്കുന്നുണ്ട്. രക്ഷിതാക്കളുടെ കീഴില്‍ വളരുന്ന കുട്ടികളേക്കാള്‍ പത്തിരട്ടി ആക്രമണവാസന കൂടുതലാണ് ലോക്കല്‍ അതോററ്റികളുടെ സംരക്ഷണയില്‍ വളരുന്ന കുട്ടികള്‍ക്കെന്ന അന്വേഷണ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്, ഇതിനെ മുന്‍നിര്‍ത്തിയാണ് ബെര്‍മിംഗ്ഹാം എംപി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല