ലണ്ടന്‍: ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ ബ്രിട്ടനിലെ ഭരണപക്ഷമായ കൂട്ടുകക്ഷി മന്ത്രിസഭയിലെ പ്രശ്‌നങ്ങള്‍ പുറത്തുവന്നു. നിക്ക് ക്ലെഗ് ദ ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തിലാണ് കണ്‍സര്‍വേറ്റീവ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചത്.
ബ്രിട്ടീഷ് വോട്ടിംങ് സമ്പ്രദായത്തില്‍ മെയ് അഞ്ചിന് നടന്ന ഹിതപരിശോധനസമയത്ത് ന്യായീകരിക്കാനാവാത്ത നടപടികളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചീഫ് ചെയ്തതെന്ന് ക്ലെഗ് കുറ്റപ്പെടുത്തി. വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ആള്‍ട്ടര്‍നേറ്റീവ് വോട്ട് സിസ്റ്റം കൊണ്ടുവരാന്‍ ക്ലെഗിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ ഡെമോക്രാറ്റുകള്‍ ശ്രമിച്ചപ്പോള്‍ ഇപ്പോള്‍ നില്‍ക്കുന്ന രീതി വീണ്ടും കൊണ്ടുവരാനാണ് കണ്‍സര്‍വേറ്റീവുകള്‍ ശ്രമിച്ചത്.
കണ്‍സര്‍വേറ്റീവുകളുമായി സഖ്യമുണ്ടാക്കുമ്പോള്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ മുന്നോട്ടുവച്ച നിബന്ധനയായിരുന്നു ഈ ഹിതപരിശോധന. ആള്‍ട്ടര്‍നേറ്റീവ് വോട്ടിംങ് സമ്പ്രദായത്തിനെതിരെ ഇവര്‍ നടത്തിയ ക്യാമ്പയിനിങ്ങ് ഒരു വഞ്ചനയും കള്ളത്തരവുമായിരുന്നെന്ന് ക്ലെഗ് കുറ്റപ്പെടുത്തി. ഇത് വലതുപക്ഷ വരേണ്യവിഭാഗത്തിന്റെ മരണമണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് കൂട്ടികക്ഷി പങ്കാളികളുടെ ഭാഗത്തുനിന്നുണ്ടായ ഒളിയാക്രമണമായേ കണക്കാക്കാന്‍ പറ്റൂ. ക്യാമ്പിനറ്റ് മന്ത്രിമാര്‍ പരസ്യമായി പരസ്പരം കുറ്റപ്പെടുത്താന്‍ പാടില്ലെന്ന പരമ്പരാഗത നിയമമാണ് ഇവര്‍ തെറ്റിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലെഗിനു പുറമേ ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍, പരിസ്ഥിതി മന്ത്രി ക്രിസ് ഹ്യൂണ്‍ എന്നിവരുള്‍പ്പെടെ ചിലരും കണ്‍സര്‍വേറ്റീവുകളുടെ തീരുമാനങ്ങളില്‍ അസ്വസ്ഥരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല