കാന്റബറി ആര്‍ച്ച്ബിഷപ്പ് കൂട്ടുകക്ഷി ഭരണത്തിന്റെ പരിഷ്ക്കാര നടപടികളെ നിശിതമായി വിമര്‍ശിച്ചു. ആരും തുണയ്ക്കാനില്ലാത്ത പരിഷ്ക്കാരങ്ങള്‍ ജനാധിപത്യത്തെ അട്ടിമറിക്കുമെന്ന് ആര്‍ച്ച്ബിഷപ്പ് ആരോപിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങള്‍ക്കെതിരേയാണ് ആര്‍ച്ചബിഷപ് ഡോ.റൊവാന് വില്യംസ് പ്രധാനമായും രംഗത്തെത്തിയത്. ഈ രംഗങ്ങളില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കുന്നവയല്ലെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.
മതിയായ അന്വേഷണമോ ചര്‍ച്ചയോ ഒന്നുംകൂടാതെയാണ് പരിഷ്ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ആര്‍ച്ച്ബിഷപ് ആരോപിച്ചു. ന്യൂ സ്റ്റേറ്റ്സ്മാന് മാഗസിനിലാണ് അദ്ദേഹം സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ച് എഴുതിയത്. നിലവിലെ അവസ്ഥ ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും ഗസ്റ്റ് എഡിറ്ററായി മാഗസിനില്‍ എഴുതവേ ആര്‍ച്ച്ബിഷപ് പറഞ്ഞു.
ഡേവിഡ് കാമറൂണ്‍ നടപ്പാക്കുന്ന ബിഗ് സൊസൈറ്റി പദ്ധതിയെ നിശിതമായി വിമര്‍ശിക്കാനും ആര്‍ച്ച്ബിഷപ് മറന്നില്ല. കാമറൂണ്‍ നടപ്പാക്കിയ ഈ പദ്ധതി ജനങ്ങള്‍ക്കിടയില്‍ ഏറെ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നും ഡോ.റോവന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല