ലിഗ്‌നാനോ (ഇറ്റലി): കൃത്രിമക്കാലില്‍ ഒളിപ്പിച്ച് വെച്ച അശ്വവേഗവുമായി മത്സരദൂരങ്ങളെ കീഴടക്കി കുതിക്കുന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള 400 മീറ്റര്‍ ഓട്ടക്കാരന്‍ ഓസ്‌കാര്‍ പിസ്‌റ്റോറിയസ് ദക്ഷിണ കൊറിയയിലെ ദെയ്ജുവില്‍ അടുത്തമാസം നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനും ലണ്ടനില്‍ 2012ല്‍ നടക്കുന്ന ഒളിംപിക്‌സിനും മത്സരിക്കാന്‍ യോഗ്യത നേടി. ഇറ്റലിയിലെ ലിഗ്‌നാനോ അത്‌ലറ്റിക് മീറ്റില്‍ 45.07 സെക്കന്‍ഡില്‍ ഒന്നാമതെത്തിയാണ് പിസ്‌റ്റോറിയസ് ലോക മേളയിലും ഒളിപിംക്‌സിലും മത്സരിക്കാന്‍ അവസരം നേടിയെടുത്തത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അര്‍ഹനാവുന്ന ആദ്യവികലാംഗതാരമെന്ന അസുലഭ നേട്ടവും ഇതോടെ പിസ്‌റ്റോറിയസിന് ലഭിച്ചു.
പിസ്‌റ്റോറിയസിന്റെ ഏറ്റവും മികച്ച സമയം കൂടിയാണ് ഇറ്റലിയില്‍ പിറന്നത്. 45.61 സെക്കന്‍ഡാണ് ഇതിന് മുമ്പുള്ള മികച്ച സമയം. പതിനൊന്നുമാസം പ്രായമുള്ളപ്പോള്‍ രണ്ടു കാലുകളും മുട്ടിനു മുകളില്‍ വച്ച് മുറിച്ചു മാറ്റിയ പിസ്‌റ്റോറയസ് പിന്നീട് സ്‌പോര്‍ട്‌സിനോടുള്ള താല്‍പ്പര്യം മുലം കൃത്രിമകാലുകളുമായി മത്സരരംഗത്തിറങ്ങുകയായിരുന്നു. ആദ്യമൊക്കെ വികലാംഗര്‍ക്കുവേണ്ടിയുള്ള മത്സരങ്ങളില്‍ പങ്കെടുത്ത് വിജയങ്ങള്‍ ശീലമാക്കിയ 24 കാരന്‍ പിന്നീട് കാലുള്ളവരോടൊപ്പം മത്സരിച്ചപ്പോഴും വിജയങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ ബെയ്ജിങ് ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ കഴിയാതിരുന്ന പിസ്‌റ്റോറിയസ് അവസാന മത്സരവേദിയിലാണ് ലോകചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടിയെടുത്തത്.
പാരാളിമ്പിക്‌സില്‍ 100,200,400 മീറ്ററില്‍ ലോക റെക്കൊഡ് പേരിലുള്ള പിസ്‌റ്റോറിയസിനെ ബ്ലേഡ് റണ്ണര്‍ എന്നാണ് വിളിക്കുന്നത്. ജെ ആകൃതിയിലുള്ള ഫൈബര്‍ പ്രോസ്‌തെറ്റില്‍ കാലുകളാണ് താരം ഉപയോഗിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല