കെ.മുരളീധരനും ചെറിയാന്‍ ഫിലിപ്പും രണ്ടു പേരും ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ധൂര്‍ത്ത് പുത്രന്മാരായിരുന്നു. അതിലൊരാള്‍ തിരിച്ചു വന്നു. മറ്റൊരാള്‍ ശത്രുപാളയത്തിന്റെ തണലില്‍ ഇപ്പോഴും നില്‍ക്കുന്നു. ഇവര്‍ മാറ്റുരയ്ക്കുകയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍. ഒരു കാലത്ത് എ കെ ആന്റണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആയിരുന്നു നമ്മുടെ ചെറിയാന്‍. രണ്ടു പേരും അവിവാഹിതരായി കാലം കഴിക്കാന്‍ തീരുമാനിച്ചവര്‍. അതിനിടയില്‍ ആന്റണിച്ചായന്‍ കാലു മാറി കളഞ്ഞു. കക്ഷി പോയി എലിസബത്തിനെ മിന്നു കെട്ടിയതോടെ ചെറിയാന്‍ ഒറ്റപ്പെട്ടു പോയി. അതോടെ ആന്റണിയോട് മനസ്സ് കൊണ്ടു അകന്നു. അന്തോണിച്ചന്‍ ഇങ്ങനെ പണി പറ്റിച്ചു കളയുമെന്ന് പാവം കരുതിയിരുന്നില്ല. ഒടുവില്‍ മത്സരിക്കാന്‍ സീറ്റ് കൊടുത്തില്ല എന്ന പേരില്‍ കോണ്‍ഗ്രസ് വിട്ടു ഇടതുപക്ഷത്തിന്റെ തണലില്‍ പുതുപള്ളിയില്‍ കുഞ്ഞൂഞ്ഞിന് എതിരെ മത്സരിച്ചു കളഞ്ഞു. കൊല്ലകുടിയില്‍ ആരേലും പോയി സൂചി വില്‍ക്കുമോ? നമ്മുടെ ചെറിയാന്‍ അതും ചെയ്തു നോക്കി. എന്നിട്ടും നോ രക്ഷ.
മുരളിയുടെ കാര്യം ആണെങ്കിലോ, അതൊരു ചരിത്രമാണ്. കൃഷ്ണഭക്തനായിരുന്ന അച്ഛന്റെ മുരളീധരന്‍. ജനിച്ചത് വായില്‍ വെള്ളിക്കരണ്ടിയുമായാണ്. മുതിര്‍ന്നപ്പോള്‍ സ്വന്തം രാജ്യത്ത് നിര്‍ത്തിയാല്‍ ഇപ്പോഴത്തെ മന്ത്രിപുത്ര കഥകളെക്കാള്‍ പത്രങ്ങളില്‍ സ്ഥിരസ്ഥാനം നേടുമെന്ന് അച്ഛന്‍ കെ. കരുണാകരന് നല്ല ഉറപ്പുണ്ടായതിനാല്‍ എണ്ണപാടങ്ങളുള്ള മറ്റൊരു രാജ്യത്തേക്കയച്ചു. അച്ഛന്‍ നാടിനെ സേവിക്കുന്നത് ലോകത്തേക്ക് വന്നു കണ്ണ് തുറന്ന അന്ന് മുതല്‍ കാണുന്ന ഒരു രാജകുമാരന് പക്ഷെ അങ്ങനെ ഒതുങ്ങി കഴിയാന്‍ പറ്റില്ല. ജനിച്ചു വളര്‍ന്ന മണ്ണില്‍ സിംഹാസനങ്ങള്‍ ഉള്ളപ്പോള്‍ കീരീടവും ചെങ്കോലും ഉള്ളപ്പോള്‍ അന്യനാട്ടിലെ രാജാവിന്റെ പ്രജയായി കഴിയുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നിയില്ല.
നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുരളി മെയ്യനങ്ങാതെ ഇരുന്നതൊന്നുമില്ല. പ്രത്യക്ഷത്തില്‍ ജനതാദള്‍ പോലെ തോന്നുന്ന ഒരു സേവാദള്‍ കെട്ടിയുയര്‍ത്തി പ്രവര്‍ത്തിച്ചു. രാജകുമാരന്മാരുടെ സ്ഥാനം തെരുവില്‍ അല്ലാത്തതിനാല്‍ അച്ഛന്‍ കൈപിടിച്ചു കൊട്ടാരത്തില്‍ കയറ്റി. അങ്ങനെ ഇരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്നത്. സ്ഥാനാര്‍ഥി പട്ടിക നിര്‍ണയിക്കുന്നതിനിടയില്‍ കരുണാകരന് ഒരു മൂത്രശങ്ക തോന്നി. അദ്ദേഹം പുറത്തേക്കിറങ്ങി പോയി. ഏ. കെ. ആന്റണി തനിക്ക് വീണു കിട്ടിയ ആ സുവര്‍ണാവസരം ഫലപ്രദമായി വിനിയോഗിച്ചു. മുരളി സ്ഥാനാര്‍ഥിയായി. തിരിച്ചെത്തിയ കരുണാകരന്‍ അന്തം വിട്ടു. താനൊന്നു പുറത്തിറങ്ങിയതേയുള്ളൂ. ആന്റണി ഇപ്പണി കാണിച്ചു കഴയുമെന്നു ആ പാവം അച്ഛന്‍ വിചാരിച്ചിരുന്നില്ല. ആന്റണി പക്ഷെ രമേശ് ചെന്നിത്തലയെ പോലെ ബുദ്ധിയില്ലാത്ത കെ. പി. സി. സി പ്രസിഡന്റ് ആയിരുന്നില്ല. വീണു കിട്ടുന്ന ഒറ്റ നിമിഷത്തെയും അവിസ്മരണീയമാക്കി കളയും.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോള്‍ ചെയ്യുന്നത് പോലെ വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടില്‍ വിളിച്ചു കൂവിയാല്‍ എപ്പോള്‍ പണികിട്ടുമെന്നു അറിയാത്ത ആളായിരുന്നില്ല അന്തോണിച്ചന്‍. കക്ഷി എത്ര മിണ്ടാതിരുന്നാലും കാര്യമുണ്ടാകില്ല. വായില്‍ കോലിട്ട് വര്‍ത്തമാനം പറയിപ്പിക്കാനുള്ള വിദ്യ കരുണാകരന്റെ കൈയില്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും. ഇപ്പോഴത്തെ വി. എസ്. അച്ചുതാനന്ദന്‍ പിണറായി വിജയന്‍ ബന്ധം പോലെയായിരുന്നു അന്ന് കരുണാകരനും ആന്റണിയും തമ്മില്‍ നിലനിന്ന പ്രണയം. കരുണാകരന് കുതന്ത്രം കൂടുമെങ്കില്‍ ആന്റണിക്ക് കുരുട്ടുബുദ്ധിക്ക് കുറവൊന്നുമില്ല. കൊണ്ടും കൊടുത്തും മുന്നേറിയ ബന്ധം. എവിടെ കൊടുക്കണമെന്നും എങ്ങനെ കൊടുക്കണമെന്നും ആന്റണിക്ക് നല്ലത് പോലെ അറിയാമായിരുന്നു. അത് ആന്റണിയെ കൊണ്ടു ചെയ്യിക്കാനുള്ള പ്രാപ്തി കരുണാകരനും ഉണ്ടായിരുന്നു.
എം. പിയുടെ റോളില്‍ മാത്രം ഒതുങ്ങി കൂടാന്‍ കെ. മുരളീധരനെ പോലുള്ള പ്രതിഭാധനര്‍ക്ക് കഴിയില്ല. അദ്ദേഹം കെ. പി. സി. സി പ്രസിഡണ്ട് ആയി. എന്തൊക്കെ പറഞ്ഞാലും കേരളം കണ്ട മികച്ച കെ. പി. സി. സി. പ്രസിഡണ്ട് ആയിരുന്നു മുരളി. അതില്‍ ശത്രുക്കള്‍ക്ക് പോലും ഭിന്നാഭിപ്രായമില്ല. പക്ഷെ ഇന്ദിരാഭവന്‍ കൈക്കലായപ്പോള്‍ മുരളി ആദ്യം ചെയ്തത് അച്ഛനെ പടിക്ക് പുറത്തു നിര്‍ത്തുകയായിരുന്നു. എന്നിട്ട് ഉമ്മന്‍ ചാണ്ടിയോട് ആയി പ്രേമം. എന്തൊരു സ്‌നേഹമായിരുന്നത്. ഇപ്പോഴും ഓര്‍ത്താല്‍ കുളിര് കോരും. പ്രണയബന്ധങ്ങള്‍ പൊളിയുമെന്നും പക്ഷെ അച്ഛന്‍ ഹൃദയത്തില്‍ നിന്നും തള്ളി താഴെയിടില്ലെന്നും അന്ന് ആ കൊച്ചു പയ്യന് അറിയാമായിരുന്നില്ല. മന്ത്രി ആവാന്‍ മോഹിച്ചു. തന്ത്രങ്ങള്‍ മെനഞ്ഞു അച്ഛന്‍ മന്ത്രിയാക്കി.
മന്ത്രി സ്ഥാനത്തിരുന്നു മത്സരിച്ചു തോറ്റു സിംഹാസനം വിട്ടിറങ്ങി. എന്തൊക്കെ പരീക്ഷണങ്ങള്‍ ജീവിതം അദ്ദേഹത്തിന് നല്‍കി. ഒടുവില്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു മദാമ്മ ഇരിക്കുന്നത് കണ്ടു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലൊക്കെ ചെറുപ്പം മുതലേ പങ്കുകൊണ്ടതിനാല്‍ സഹിച്ചില്ല. മദാമ്മയെ മദാമ്മ എന്ന് തന്നെ വിളിച്ചു. കൊട്ടാരത്തില്‍ നിന്നും പുറത്തിറക്കി വിട്ടെങ്കിലും അച്ഛന്‍ കൈവിട്ടില്ല. തൃശൂര്‍ കടപ്പുറത്ത് കൊണ്ടുപോയി വാഴിച്ചു. കീരീടവും ചെങ്കോലും കൊടുത്തു. രാജ്യം കൊടുത്തു. ഒടുവില്‍ പച്ച തൊടില്ലെന്ന് മനസ്സിലായപ്പോള്‍ ആ രാജ്യത്തിലെ സിംഹാസനം ഉപേക്ഷിച്ചു കെ. പി. സി. സി കൊട്ടാരവാതിക്കല്‍ അകത്തു കയറാനായി കുറേക്കാലം കാത്തു നിന്നു. കോണ്‍ഗ്രസിന് വേണ്ടി കഠിനാധ്വാനം ചെയ്ത കരുണാകരനെ പോലെ ഒരു തലമുതിര്‍ന്ന നേതാവിന് പോലും തിരിച്ചു കയറാന്‍ കോണ്‍ഗ്രസ് വാതില്‍ തുറന്നു കൊടുക്കാന്‍ കുറെ വൈകിയിരുന്നു. നടന്നു നടന്നു ചെരുപ്പ് തേഞ്ഞു കഴിഞ്ഞപ്പോള്‍ ആണ് കോണ്‍ഗ്രസ് മുരളീധരനെ തിരിച്ചെടുത്തത്. അതും കരുണാകരന്‍ മരിച്ചതിനു ശേഷം.
മൂന്നു രൂപ മെമ്പര്‍ ഷിപ്പിന് അപ്പുറം കോണ്‍ഗ്രസില്‍ ഒന്നും ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞാണ് തിരിച്ചു കയറിയതെങ്കിലും അണ്ണാന്‍ കുഞ്ഞിനെ മരം കയറാന്‍ ആരും പഠിപ്പിക്കണ്ട. അകത്തു കയറിയപ്പോള്‍ മുരളിയുടെ വിശ്വരൂപം പുറത്തു വന്നു. പിന്നെ തന്റെ ഗ്രൂപ്പിന് സീറ്റ് വേണമെന്നായി. ഒരു കാലത്ത് ചെന്നിത്തലയെക്കാള്‍ മുഖ്യ ശത്രു ആയിരുന്ന സഹോദരി പത്മജയെ വീട്ടിനുള്ളില്‍ നിന്നു തന്നെ തറ പറ്റിച്ചാണ് മുരളി വട്ടിയൂര്‍ക്കാവില്‍ എത്തുന്നത്. എന്തൊക്കെ പറഞ്ഞാലും ചെറിയാന്‍ ഫിലിനേക്കാള്‍ ഇത്തിരി ഗ്ലാമര്‍ കൂടും മുരളീധരന്. ആള്‍ വി.ഐ പിയാണ്. ജനങ്ങളെ കൈയിലെടുക്കാന്‍ കെല്‍പുള്ള നേതാവ്. ചുരുക്കത്തില്‍ രാഷ്ട്രീയത്തിലെ താരപരിവേഷമുള്ള പഴയ പാര്‍ട്ടിക്കാരനെ വട്ടിയൂര്‍ക്കാവില്‍ തറ പറ്റിക്കാന്‍ നമ്മുടെ ചെറിയാന്‍ ഫിലിപ്പിന് കഴിയുമോ? അതോ പുതുപ്പള്ളിയില്‍ പണ്ട് സൂചി വില്‍ക്കാന്‍ പോയത് പോലെ ആകുമോ? തോല്‍ക്കാന്‍ മാത്രം നമ്മുടെ ചെറിയാന്റെ ജീവിതം ബാക്കിയാവുമോ? ചോദ്യങ്ങള്‍ അവസാനിക്കുന്നതേയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല