സിനിമയിലെപ്പോലെ ബിസിനസ്സിലും സൂപ്പര്‍ സ്റ്റാറാണ് മോഹന്‍ലാല്‍ എന്നതാരം. സിനിമയ്ക്കകത്തും പുറത്തുമായി ഒട്ടേറെ ബിസിനസ്സ് സംരംഭങ്ങളില്‍ പങ്കാളിയാണ് ലാല്‍. ഏറ്റവുമൊടുവില്‍ കേരളത്തിന്റെ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌ക്കേഴ്‌സിന്റെ ഓഹരി വാങ്ങാനുള്ള ഒരുക്കത്തിലായിരുന്നു നടന്‍. എന്നാല്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിതമായ വരവ് ലാലിന്റെ ബിസിനസ്സ് മോഹങ്ങളെ തകിടം മറിച്ചുവെന്ന് തന്നെ പറയാം. ഐപിഎല്‍ ടീം ഓഹരി വാങ്ങല്‍ പോലും തത്കാലം നടക്കില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചനകള്‍.
പുതിയ സംഭവവികാസങ്ങള്‍ക്ക് ശേഷം സാമൂഹിക ജീവിതത്തില്‍ ലാല്‍ നേരിടുന്ന വെല്ലുവിളി സുകുമാര്‍ അഴീക്കോടിനെപ്പോലുള്ളവരുടെ വിമര്‍ശനങ്ങളാണ്. ലാലിന് നല്‍കിയ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് അഴീക്കോട് ശക്തമായി ആവശ്യപ്പെട്ടു കഴിഞ്ഞു. താരങ്ങള്‍ തസ്‌ക്കരന്‍മാരായി മാറിയിരിക്കുകയാണെന്നായിരുന്നു അഴീക്കോടിന്റെ വിമര്‍ശനം. ആരാധകരുടെ പിന്തുണയുണ്ടെങ്കിലും കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പിന്തുണയ്ക്കുന്ന അഴീക്കോടിനെപ്പോലുള്ളവരുടെ എതിര്‍പ്പ് ലാലിന്റെ കരിയറിനും ഇമേജിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിയ്ക്കുന്നത്.
വ്യക്തി ജീവിതത്തില്‍ നേരിടുന്ന ഈ പ്രതിസന്ധികള്‍ക്കൊപ്പം വെള്ളിത്തിരയിലും ഈ നടന്‍മാര്‍ വെല്ലുവിളികളെ അഭിമുഖീകരിയ്ക്കുകയാണ്. ബോക്‌സ്ഓഫീസില്‍ ഈ വര്‍ഷം നല്ലൊരു വിജയം ഉറപ്പിയ്ക്കാന്‍ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കും സാധിച്ചിട്ടില്ല. 2011ല്‍ മമ്മൂട്ടിയുടെ നാല് സിനിമകളാണ് ബോക്‌സ് ഓഫീസില്‍ വരിവരിയായി തകര്‍ന്നടിഞ്ഞത്. ഈ വര്‍ഷം ഒരൊറ്റ വിജയം പോലും സ്വന്തമാക്കാന്‍ കഴിയാത്ത മമ്മൂട്ടിയ്ക്ക് ഇനിയുള്ള സിനിമകള്‍ നിര്‍ണായകമാണ്.
മോഹന്‍ലാലിന്റെ കാര്യവും വ്യത്യസ്തമല്ല, കഴിഞ്ഞ വര്‍ഷത്തെ തകര്‍ച്ചയ്ക്ക് ശേഷം ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ചൈനാ ടൗണ്‍ എന്നിങ്ങനെ രണ്ട് വിജയചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞെങ്കിലും ഈ മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ ലാലിന്റെ കരിയറിന് യാതൊരു ഗുണവും ചെയ്തിട്ടില്ല. ഒരു സോളോ ഹിറ്റിന് വേണ്ടിയുള്ള ലാലിന്റെ കാത്തിരിപ്പ് ഇപ്പോഴും നീളുകയാണ്.
റെയ്ഡും മറ്റും സൂപ്പര്‍താരങ്ങള്‍ക്ക് വലിയി തിരിച്ചടി തന്നെയാണെന്നാണ് മലയാളചലച്ചിത്രരംഗവും കരുതുന്നത്. റെയ്ഡിന്റെ വിവരങ്ങള്‍ കൂടുതല്‍ പുറത്തുവരുന്നതോടെ ഇവര്‍ കൂടുതല്‍ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ഏല്‍ക്കേണ്ടി വരുമെന്നുറപ്പാണ്.
കാര്യമിങ്ങനെയൊക്കെയാണെങ്കിലും മമ്മൂട്ടിയും ലാലും എന്നും വിണ്ണിലെ താരങ്ങളായി തിളങ്ങണമെന്നാണ് ഇവരുടെ ആരാധകരും ഇവരുടെ സിനിമകളെ സ്‌നേഹിയ്ക്കുന്ന പ്രേക്ഷകരും ആഗ്രഹിയ്ക്കുന്നത്. പ്രതിസന്ധികള്‍ അതിജീവിച്ച് ഇവര്‍ തിരിച്ചെത്തുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. താരങ്ങള്‍ ഇത് തിരിച്ചറിയുമെന്ന് തന്നെ നമുക്കും കരുതാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല