മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ തുടക്കമാകും. സച്ചിൻ ടെൻഡുൽക്കർ കായിക താരങ്ങളായ പി. ടി. ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർക്കു കൈമാറുന്ന ദീപശിഖയിൽ നിന്നും സ്റ്റേഡിയത്തിലെ കൂറ്റൻ വിളക്കിലേക്ക് അഗ്നി പകരും.
പുതിയ സ്റ്റേഡിയങ്ങളുടെ നിർമ്മാണവും നിലവിലുള്ള സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികളും പൂർത്തിയായി. മേനംകുളത്ത് ഒരുക്കിയിരിക്കുന്ന ഗെയിംസ് വില്ലേജിൽ അയ്യായിരത്തോളം പേർക്ക് താമസിക്കാം. ആദ്യ ഘട്ട മത്സരങ്ങൾക്കുള്ള ടീമുകൾ എത്തിത്തുടങ്ങി.
കേന്ദ്ര നഗര കാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. കേന്ദ്ര കായിക മന്ത്രി സർബാനന്ദ് സോൻവാൾ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ, കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ എൻ. രാമചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
വൈകിട്ട് 5.30 ക്ക് എയർഫോഴ്സിന്റെ പുഷ്പവൃഷ്ടിയോടെയാണ് ഔദ്യോഗിക ചടങ്ങുകൾ തുടങ്ങുക. തുടർന്ന് ആർമിയുടെ ബാന്റ് മേളം, തകിൽ മേളം, ചെണ്ടമേളം, കളരിയഭ്യാസം, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന മോഹൻലാൽ ഷോ, ടീമുകളുടെ മാർച്ച് പാസ്റ്റ് എന്നിവയും ഉണ്ടായിരിക്കും.
നാളെ മുതലാണ് കായിക മത്സരങ്ങൾ തുടങ്ങുന്നത്. ഏഴു ജില്ലകളിലായാണ് മത്സരങ്ങൾ നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല