ലിയോസ് പോള്‍: കേരളത്തിന്റെ ആദരണീയനായ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ചേതന UK സ്വീകരണം നല്കി. കേരളത്തിന്റെ നിയമനിര്‍മ്മാണസഭയുടെ കാവലാളായിട്ടുള്ള സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് UK മലയാളികളുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലക്കകത്തു കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന UK സ്വീകരണം നല്കി.യുക്മ സംഘടിപ്പിച്ച കേരള പൂരം പരിപാടിയുടെ ഔപചാരിക ഉത്ഘാടനം നിര്‍വ്വഹിക്കുന്നതിനായി UK യില്‍ എത്തിയതായിരുന്നു അദ്ദേഹം.
ഓക്സ്ഫോര്‍ഡിലെ സേക്രഡ് ഹാര്‍ട് ചര്‍ച് ഹാളില്‍ നടന്ന ചേതന UK ഓക്സ്ഫോര്‍ഡ് യൂണിറ്റിന്റെ സ്വീകരണ യോഗത്തില്‍ ചേതന UK സെക്രട്ടറി ലിയോസ് പോള്‍ സ്വാഗതവും യൂണിറ്റ് സെക്രട്ടറി എബ്രഹാം മാരാമണ്‍ നന്ദിയും രേഖപ്പെടുത്തി.പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവാസി ചിട്ടിയും ലോക കേരള സഭ പോലുള്ള കൂട്ടായ്മകളും അടക്കം നിരവധി കര്‍മ്മ പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടുള്ള ഒരു സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.മലയാളികളുടെയാകെ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വത്തെ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമായിട്ടുള്ള കേരള സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പരിപാടികള്‍ക്കെല്ലാം ക്രിയാത്മക പിന്തുണ നല്‍കുകയും എല്ലാ ജനവിഭാഗങ്ങളിലേക്കും അവ എത്തിക്കുകയും ചെയ്യാന്‍ ചേതന പോലുള്ള പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നോട്ടുള്ള പ്രയാണത്തിന് ചേതനക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു.ഓക്സ്ഫോര്‍ഡ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളോടും കുടുംബാംഗങ്ങളോടുമൊപ്പം അത്താഴ വിരുന്നിനു ശേഷമാണ് യോഗം പിരിഞ്ഞത്.
ചേതന UK യുടെ ബോണ്മൗത് യൂണിറ്റിന്റെ സ്വീകരണ യോഗം പൂളിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്‍ട്രലില്‍ വച്ച് നടന്നു.ചേതന UK ട്രെഷറര്‍ ശ്രീകുമാര്‍ സ്വാഗതവും പ്രസിഡന്റ് സുജു ജോസഫ് നന്ദിയും പറഞ്ഞ യോഗത്തില്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ബ്രിട്ടണിന്റെ ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബൈന്‍സും സന്നിഹിതനായിരുന്നു.
മതവര്‍ഗീയതയും മതതീവ്രവാദവും, ജാതീയതയും അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന UK മലയാളികളുടെ സാമൂഹ്യചുറ്റുപാടുകളില്‍ അതിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് എന്ന് തിരിച്ചറിഞ്ഞു അതിന് വേണ്ടി പ്രയത്നിക്കുന്ന ചേതനക്ക് വളരെയേറെ പ്രചോദനം പകര്‍ന്നു നല്‍കിക്കൊണ്ടാണ് ഈ സ്വീകരണ യോഗങ്ങള്‍ കടന്നു പോയതെന്ന് ചേതന UK എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല