ന്യൂദല്‍ഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 13നാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ വോട്ടെണ്ണല്‍ മെയ് 13ന് നടക്കും. മാര്‍ച്ച് 19ന് തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാവും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ വിലവില്‍ വന്നു. 20588 പോളിങ് സ്‌റ്റേഷനുകളിലായി രണ്ട് കോടി 29 ലക്ഷം വോട്ടര്‍മാരാണ് കേരളത്തിലുള്ളതെന്നാണ് കണക്കാക്കുന്നത്.
തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ 13ന് തന്നെ വോട്ടെടുപ്പ് നടക്കും. ഈ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നല്‍കുക. അസമില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കും. ഏപ്രില്‍ 4,14 തീയതികളിലായിരിക്കുമിത്. പശ്ചിമ ബംഗാളില്‍ ആറ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. ഏപ്രില്‍ 18,23,27, മെയ് 3,7,10 തീയ്യതികളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 26 ആയിരിക്കും. സൂഷ്മപരിശോധന മാര്‍ച്ച് 28 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 30 ആണ്. 20758 പോളിംഗ് സ്‌റ്റേഷനുകളാണ് കേരളത്തിലെ 140 മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തില്‍ രണ്ടുകോടി അമ്പത്തിനാല് ലക്ഷം വോട്ടര്‍മാരാണുള്ളത്.
കേരളത്തില്‍ വോട്ടര്‍പട്ടിക പൂര്‍ണമായതിനാല്‍ വോട്ടര്‍മാരുടെ ചിത്രം പതിച്ച പോളിംഗ് സ്ലിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിതരണം ചെയ്യും. നിലവില്‍ സ്ലിപ്പ് വിതരണം ചെയ്തിരുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്. ഇത് നിരോധിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ ഓരോ ദിവസത്തേയും തെരഞ്ഞെടുപ്പ് ചെലവ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ശാരീരിക വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക്
കേരളത്തിലെ തിരഞ്ഞെടുപ്പ് തീയ്യതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇരുമുന്നണികള്‍ക്കും ഇനി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ നാളുകള്‍. പോളിങ് ദിനത്തിലേക്ക് ഇനി 44 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെയ് ആദ്യത്തോടെയായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്ന കണക്കുകൂട്ടലിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് ഇപ്പോള്‍ ഏപ്രില്‍ 13ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ചില വിവാദങ്ങളായിരിക്കും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ചര്‍ച്ചയാകുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഐസക്രീം, ഇടമലയാര്‍, പാമൊലിന്‍, ലോട്ടറി, നാദാപുരം, വി.എസിന്റെ മകനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയായിരിക്കും രാഷ്ട്രീയ പ്രചാരണത്തെ കലക്കിമറിക്കുകയെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല