എബി സെബാസ്റ്റ്യന്‍: ലോകപ്രവാസി മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തുന്ന ‘കേരളാ പൂരം 2018’ ജൂണ്‍ 30 ശനിയാഴ്ച്ച ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീ. പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കേരളാ പൂരം വേദിയില്‍ തന്നെ അന്നേ ദിവസം വൈകിട്ട് നടക്കുന്ന യുക്മ ദശവര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം എം.പി ശ്രീ ശശി തരൂരാണ്. ശ്രീ വി.ടി ബല്‍റാം എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ , ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ശ്രീ മാര്‍ട്ടിന്‍ ഡേ, കായികലോകത്ത് യു.കെ മലയാളികളുടെ അഭിമാനം പ്രമുഖ ഫുഡ്‌ബോള്‍ ടീം ചെല്‍സിയുടെ വെല്‍നസ്സ് കണ്‍സള്‍ട്ടന്റ് വിനയ് മേനോന്‍ എന്നിവര്‍ വിശിഷ്ടാതിത്ഥികളായി അന്നേ ദിവസം നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഈ വര്‍ഷം നടക്കുന്ന വള്ളംകളിയ്ക്കും അനുബന്ധ പരിപാടികള്‍ക്കും ‘യുക്മ കേരളാ പൂരം 2018’ എന്ന് നാമകരണം നല്‍കി ലോഗോ പ്രകാശനം നടത്തവേ കേരളാ സര്‍ക്കാരിന്റെ ക്യാബിനറ്റ് തലത്തില്‍ നിന്നുള്ള ഒരു പ്രതിനിധിയെ അതില്‍ പങ്കെടുക്കുന്നതിനായി അയയ്ക്കുമെന്ന് കേരളാ ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ വാഗ്ദാനം ചെയ്തിരുന്നതാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ ടൂറിസം മന്ത്രിയെത്തിയപ്പോള്‍ ലണ്ടനിലെ താജ് ഹോട്ടലില്‍ വച്ചായിരുന്നു ലോഗോ പ്രകാശനം നടത്തിയത്. തുടര്‍ന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് ഇക്കാര്യത്തില്‍ സര്‍ക്കാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിയും ആലപ്പുഴയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ ശ്രീ തോമസ് ഐസക്കിനെ പങ്കെടുപ്പിക്കാനായി ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ചില വ്യക്തിപരമായ അസൗകര്യമുണ്ടായതിനാല്‍ അവസാന നിമിഷം ഒഴിവാവുകയായിരുന്നു.
സ്പീക്കറുടെ വരവ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിസ ബുധനാഴ്ച്ച ലഭിച്ചതോടെ ‘കേരളാ പൂരം 2018’ന് സംസ്ഥാന? സര്‍ക്കാരിന്റെ ഔദ്യോഗിക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. യുക്മയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ബ്രിട്ടണിലെത്തുന്നത്. കേരളാ നിയമസഭയുടെ 22ാമത് സ്പീക്കറാണ് പി. ശ്രീരാമകൃഷ്ണന്‍. രണ്ടാം തവണ പൊന്നാനിയില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീരാമകൃഷ്ണന്‍, സ്‌കൂള്‍ പഠനകാലത്ത് ബാലസംഘത്തിലൂടെയാണ് പൊതുരംഗത്തത്തെിയത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയിലത്തെി. എസ്.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കേറ്റംഗം, ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, വേള്‍ഡ് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഏഷ്യന്‍ പസഫിക് മേഖല കണ്‍വീനര്‍, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം, സെനറ്റംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കേരളാ പൂരത്തിന്റെ വേദിയില്‍ തന്നെ നടത്തപ്പെടുന്ന യുക്മ ദശവര്‍ഷാഘോഷത്തിന്റെ ഉദ്ഘാടനത്തിനായി ശ്രീ ശശി തരൂര്‍ എത്തുന്നത് ഹെലികോപ്റ്ററിലാണ്. താല്‍ക്കാലിക ഹെലിപാഡിന്റെ ഒരുക്കങ്ങള്‍ തെംസ് വാട്ടറിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഫാര്‍മൂര്‍ റിസര്‍വോയര്‍ പാര്‍ക്കിന് സമീപമുള്ള പുല്‍മൈതാനിയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വൈകിട്ട് ആറ് മണിയോടെയാവും ശശി തരൂര്‍ കേരളാ പൂരം വേദിയിലെത്തുന്നത്. ലോകമറിയപ്പെടുന്ന നയതന്ത്രജ്ഞനും എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ ശശി തരൂരിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെയുണ്ടാവുമെന്ന പ്രതീക്ഷയാണ് സംഘാടകര്‍ക്കുള്ളത്.
യുവരാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ശ്രദ്ധേയനും സാമൂഹിക മാധ്യമ രംഗത്തെ നിറസാന്നിധ്യവുമാണ് ശ്രീ. വി ടി ബല്‍റാം എം.എല്‍.എ. പഠനവും രാഷ്ട്രീയവും വിജയകരമായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നുള്ളത് സ്വന്തം ജീവിതത്തിലൂടെ പ്രായോഗികമായി കാണിച്ചു തന്നിട്ടുള്ള വ്യക്തിയാണ് ബല്‍റാം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം റാങ്കോടെ 1998ല്‍ കെമിസ്ട്രി ബിരുദം, തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എം.ബി.എ. ബിരുദം, തൃശൂര്‍ ഗവ. ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി. ബിരുദം എന്നിവയില്‍ ഉന്നതവിജയം. കുറച്ചുകാലം തൃശൂര്‍ ബാറില്‍ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തു.
കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ ‘കലാശാല’യുടെ ചീഫ് എഡിറ്റര്‍, കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗം, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ വിദ്യാര്‍ത്ഥി, യുവജന സംഘടനാ പ്രവര്‍ത്തന കാലത്ത് പ്രവര്‍ത്തിച്ചു. കെ.പി.സി.സി.എക്‌സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവാണ്. നിലവില്‍ തൃത്താല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സെനറ്റ് അംഗം, സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് അംഗം, സ്റ്റേറ്റ് ഫുഡ് അഡ്വൈസറി കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരുന്നു.
യു.കെയിലെ പുതിയ കാലഘട്ടത്തിലെ കുടിയേറ്റ മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം ആളുകളുമായി വ്യക്തിപരമായി അടുപ്പമുള്ള രാഷ്ട്രീയ നേതാക്കളിലൊരാളാണ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. സ്‌കൂള്‍ തലം മുതല്‍ മികച്ച പൊതു പ്രവര്‍ത്തകനായിരുന്നു റോഷി. ഇടക്കോലി ഗവണ്മെന്റ് ഹൈസ്‌കൂളിലെ ലീഡറായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പാലാ സെന്റ് തോമസ് കോളേജിലെത്തിയപ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായി. കെ.എസ്.സി യുടെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. കേരളകോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
കെ എസ്.സിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സൈക്കിളില്‍ നടത്തിയ യാത്ര രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റി.അ യാത്രയിലാണ്,ഇടുക്കിയില്‍ മെഡിക്കല്‍കോളേജ് വേണമെന്ന ആവശ്യം ആദ്യമായി റോഷി ഉയര്‍ത്തിയത്.ഇടുക്കിയില്‍ മത്സരിക്കാനും എം എല്‍ എ ആകുവാനും മെഡിക്കല്‍കോളേജ് കൊണ്ടുവരുവാനും റോഷിക്ക് കഴിഞ്ഞത് വിധിയുടെ മുന്‍കാഴ്ച എന്നുവേണം കരുതാന്‍ ഇടുക്കി മണ്ഡലത്തെ തുടര്‍ച്ചയായി മൂന്നാം വട്ടമാണ് റോഷി പ്രതിനിധീകരിക്കുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറുകയും നാട്യങ്ങളില്ലാതെ ജനങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന ജനപ്രതിനിധിയായ റോഷി നല്ലൊരു വോളിബോള്‍ കളിക്കാരനും കായികപ്രേമിയും മികച്ച സംഘാടകനും കൂടിയാണ്.
ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ മാര്‍ട്ടിന്‍ ഡേ എം.പിയാവും യു.കെ രാഷ്ട്രീയ രംഗത്ത് നിന്നും കേരളാപൂരത്തിന് പിന്തുണയേകാനെത്തുന്നത്. സ്‌ക്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവായ അദ്ദേഹം ഈസ്റ്റ് ഫാള്‍കിര്‍ക് മണ്ഡലത്തെയാണ് പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത്. സ്‌ക്കോട്ടിഷ് ലോക്കല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു പതിറ്റാണ്ട് കാലം പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ച് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയെ പരാജയപ്പെടുത്തിയാണ് മാര്‍ട്ടിന്‍ ഡേ പാര്‍ലമെന്റിലെത്തിയത്. മാര്‍ട്ടിന്റെ പ്രിയപത്‌നി മലയാളിയാണ്.
ഫുട്‌ബോള്‍ പ്രേമികളായ ലോകമലയാളികളുടെ ഇഷ്ട ക്ലബായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സി ടീമിലെ മലയാളിയെയാണ് കേരളാ പൂരം 2018′ ന്റെ ഭാഗമായ മത്സര വള്ളംകളിയുടെ ഗ്രാന്റ് ഫൈനലിന് ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ ലഭിച്ചിരിക്കുന്നത്. ചെല്‍സി ഫുട്‌ബോള്‍ ടീമിന്റെ വെല്‍നെസ് കണ്‍സള്‍ട്ടന്റാണ് കൊച്ചിക്കാരനായ വിനയ് മേനോന്‍. ഫിസിക്കല്‍ എജ്യൂക്കേഷനില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് ബിരുദവും സ്‌പോര്‍ട്‌സ് സൈക്കോളജിയില്‍ എംഫിലും യോഗ സ്റ്റഡീസില്‍ പുതുച്ചേരി സര്‍വ്വകലാശാലയില്‍നിന്ന് പിജിയും നേടിയിട്ടുള്ള വിനയ് മേനോന്‍ ജൂഡോയില്‍ കേരളത്തെ പ്രതിനിധീകരിക്കുകയും സംസ്ഥാനതലത്തില്‍ നിരവധി മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
പുതുച്ചേരി സര്‍വ്വകലാശാലയിലെ പഠനത്തിനുശേഷം ഹിമാലയത്തിലെ റിഷികേശിലെ ഒരു റിസോര്‍ട്ടില്‍ സ്പാ മാനേജരായും ദുബായിലെ ജുമേര ഗ്രൂപ്പ് ഹോട്ടലില്‍ വെല്‍നെസ് മാനേജരായും തന്റെ കഴിവ് തെളിയിച്ച വിനയ് 2008ല്‍ കുടുംബവുമൊത്ത് ലണ്ടനിലേക്ക് താമസം മാറി. ഇംഗ്ലീഷ് ഫുട്‌ബോളില്‍ ചെല്‍സി കത്തിനില്‍ക്കുന്ന അക്കാലത്ത് ഒരു ദിവസം ടീം ഉടമയും റഷ്യന്‍ വ്യവസായിയുമായ റോമന്‍ അബ്രഹാമോവിച്ചിനെ കാണാന്‍ വിനയ് മേനോന് അവസരം ലഭിച്ചു. ആ കൂടിക്കാഴ്ചയ്ക്ക് ഒടുവില്‍ റോമന്‍ അബ്രഹാമോവിച്ചിന്റെ പേഴ്‌സണല്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് ലഭിച്ചത്. രണ്ടുവര്‍ഷത്തോളം അബ്രഹാമോവിച്ചിന്റെ ആരോഗ്യപരിപാലകനായി ജോലി ചെയ്ത വിനയ് ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് നിരന്തരം അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തു. പലപ്പോഴും കുടുംബത്തെ പിരിഞ്ഞിരിക്കേണ്ട സങ്കടം അബ്രഹാമോവിച്ചിനോട് പറഞ്ഞ വിനയ്ക്ക് മറ്റൊരു ഭാരിച്ച ഉത്തരവാദിത്വം നല്കി ലണ്ടനില്‍ തന്നെ തുടരാന്‍ അബ്രഹാമോവിച്ച് നിയോഗിക്കുകയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ചെല്‍സി ടീമിന്റെ വെല്‍നെസ് കണ്‍സള്‍ട്ടന്റായാണ് വിനയ് മേനോനെ നിയമിച്ചത്. ദിദിയര്‍ ദ്രോഗ്ബ, ജോണ്‍ ടെറി, ഫ്രാങ്ക് ലംപാര്‍ഡ് എന്നിവരൊക്കെ തകര്‍ത്തുകളിച്ച സീസണുകള്‍ മുതല്‍ വിനയ്, അവരുടെ ആരോഗ്യസംരക്ഷകനായി ചെല്‍സിയില്‍ ഉണ്ടായിരുന്നു. ഓരോ സീസണിലും ചെല്‍സിയില്‍ വന്നുംപോയുമിരുന്ന ലോകോത്തരതാരങ്ങളുമായി അടുത്ത ബന്ധമായിരുന്നു മലയാളികളുടെ ഈ അഭിമാനമായ വിനയ്?യ്ക്കുണ്ടായത്. വിനയ് മേനോന്റെ യോഗപാഠങ്ങള്‍ ചെല്‍സിയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നുവെന്ന് കളിക്കാരും പരിശീലകരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നതാണ്. ചെല്‍സി ബന്ധം കേരളത്തിലെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാനായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നും വിനയ് മേനോന്‍ രൂപകല്‍പ്പന ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
പ്രവേശന കവാടത്തില്‍ പ്രവേശന നിരക്ക് ഈടാക്കി റിസ്റ്റ് ബാന്റ് നല്‍കുന്നതായിരിക്കും.
പ്രവേശന ഫീ: 2 പൗണ്ട് (5 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ഫ്രീ ആയിരിക്കും).
പാര്‍ക്കിംഗ്:
വിശാലമായ പാര്‍ക്കിങ് സൗകര്യം അന്നേ ദിവസം എത്തിച്ചേരുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 5000 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക ഗ്രൗണ്ട് സംഘാടകസമിതി ക്രമീകരിച്ചിട്ടുണ്ട്. എത്തിച്ചേരുന്ന കാറുകള്‍ക്ക് പാര്‍ക്കിങിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് 10ഓളും സെക്യുുരിറ്റിപാര്‍ക്കിങ് അറ്റന്റുമാര്‍ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്. സെക്യൂരിറ്റികള്‍ നല്‍കുന്ന നിര്‍ദ്ദേശം കാര്‍ പാര്‍ക്കിംഗിന് എത്തുന്നവര്‍ പാലിക്കേണ്ടതാണ്.
ടീമുകള്‍ എത്തിച്ചേരുന്ന ബസ്സുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ലഭ്യമാണ്. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും അല്പദൂരം മാറിയാണ് കോച്ചുകളുടെ പാര്‍ക്കിങ് ക്രമീകരിച്ചിട്ടുള്ളത്. ഒരു കോച്ചിന് മുഴുവന്‍ ദിന പാര്‍ക്കിംഗിന് 10 പൗണ്ട് ഫീ നല്‍കേണ്ടതാണ്. കോച്ചുകളില്‍ വരുന്ന ആളുകളെ പരിപാടി നടക്കുന്ന സ്ഥലത്ത് ഇറക്കിയതിനു ശേഷമാണ് പാര്‍ക്കിംഗ് സ്ഥലത്തേയ്ക്ക് പോവേണ്ടത്.
കോച്ച് പാര്‍ക്കിംഗ് നടത്തേണ്ട സ്ഥലം:
Redbridge Park and Ride
OX1 4XG
മല്‍സരം നടക്കുന്ന വേദിയുടെ വിലാസം:
ഫാര്‍മൂര്‍ റിസര്‍വോയര്‍ ,
കുമ്‌നോര്‍ റോഡ്,
ഒക്‌സ്‌ഫോര്‍ഡ്
OX2 9NS
8 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ആരംഭിക്കും. കൃത്യം 10 മണിയ്ക്ക് തന്നെ ഒന്നാം ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. ‘കേരളാ പൂരം 2018’: കൂടുതല്‍ വിവരങ്ങള്‍ക്ക് മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല