രാഷ്ട്രീയം പ്രവചനാതീതമാണ്. പ്രത്യേകിച്ചും ഇപ്പോള്‍ കേരളത്തില്‍. മന്ത്രിക്കുപ്പായം തയ്പ്പിച്ച് ഒരുങ്ങിയിരുന്നവര്‍ ഒരുവശത്ത്. സര്‍ക്കാര്‍ വിരുദ്ധ സമരത്തിനായി കൊടിയും വടിയുമൊരുക്കുന്ന തിരക്കിലായിരുന്നു മറ്റൊരു കൂട്ടര്‍. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റുകളും ചുഴികളുമാണ് കേരളരാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്നത്.
ഭരണവിരുദ്ധ വികാരമെന്നത് എക്കാലത്തെയും കേരളത്തിലെ ട്രെന്റാണ്. എത്രസീറ്റ് നല്‍കി ജയിപ്പിച്ചാലും അഞ്ച് വര്‍ഷക്കാലമാവുമ്പോഴേക്കും സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മടുക്കും. ഇപ്പോള്‍ ഭരിക്കുന്ന ഇടതുമുന്നണിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വി.എസ് പിണറായി പോര് മന്ത്രിസഭാംഗങ്ങള്‍ തമ്മിലുള്ള തമ്മിലടിയായി മാറി. ഭരണം തുടങ്ങിയപ്പോള്‍ തന്നെ കല്ലുകടിയുണ്ടായി. എ.ഡി.ബി വായ്പയുടെ പേരില്‍ മുഖ്യനും പാലൊളിയും ഇടഞ്ഞു. പാര്‍ട്ടി പാലൊളിക്കൊപ്പം നിന്നു. പിന്നെ തുടര്‍ച്ചയായി വിവാദങ്ങള്‍ ദേശാഭിമാനി ബോണ്ട്, ലിസ് അഴിമതി തുടങ്ങി വിവാദങ്ങള്‍ കാടുകയറി.
എല്ലാത്തിനും മീതെ ലാവലിന്‍ കത്തി നിന്നു. ലാവലിന്‍ വിഷയത്തില്‍ പിണറായിക്കെതിരെ വി.സ് പാര്‍ട്ടിക്കുള്ളില്‍ നടത്തിയ നീക്കങ്ങള്‍ ചിലപ്പൊഴൊക്കെ പുറത്തേക്കൊഴുകി. രണ്ടുപേര്‍ക്കും പി.ബി സ്ഥാനം നഷ്ടപ്പെട്ടു. പിന്നെ വി.എസിനെ ഒതുക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി ശ്രമിക്കുന്നതാണ് കണ്ടത്. വി.എസ് ഇപ്പോഴും പി.ബിക്ക് പുറത്ത് വെയില്‍ കൊള്ളുന്നു. ഇടക്ക് തദ്ദേശ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും വന്നു. യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്ന മുന്നേറ്റങ്ങളുണ്ടായി. യു.ഡി.എഫിലെ തമ്മില്‍ തല്ലിനെയും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസത്തെയും കവച്ച് വെക്കുന്ന രീതിയിലായിരുന്നു ജനങ്ങളുടെ ഭരണവിരുദ്ധ വികാരം.
എല്‍.ഡി.എഫും കാര്യങ്ങള്‍ കൈവിട്ടുവെന്ന് ഉറപ്പിച്ചു. രണ്ട് തിരഞ്ഞെടുപ്പിലെ തോല്‍വി അവര്‍ മുന്‍കൂട്ടിക്കണ്ടു. മകന്‍ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീരു കാണണം എന്ന നിലപാടിലായിരുന്നു സി.പി.ഐ.എം നേതൃത്വം- തിരഞ്ഞെടുപ്പില്‍ തോറ്റാലും വേണ്ടില്ല, വി.എസ് എന്ന ശല്യക്കാരനെ എങ്ങിനെയെങ്കിലും പുറത്ത് ചാടിക്കണം. കേരള രാഷ്ട്രീയത്തില്‍ വി.എസിനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷട്രീയത്തെയും തൂത്തെറിയണം. ഇക്കാര്യത്തില്‍ വലതുപക്ഷത്തിനും സി.പി.ഐ.എമ്മിനും ഒരേ അഭിപ്രായമായിരുന്നു.
എന്നാല്‍ ഒറ്റ രാത്രികൊണ്ടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ആദ്യം പൊട്ടിയത് ഐസ്‌ക്രീം കേസാണ്. പിന്നെ യു.ഡി.എഫ് കോട്ടകള്‍ ഒന്നൊന്നായി ആക്രമിക്കപ്പെട്ടു. മാധ്യമങ്ങളാല്‍, കോടതിയാല്‍ അങ്ങിനെ പലതിനാലും. പണ്ട് ഐസ്‌ക്രീം കേസ് മലപ്പുറത്തെ മുസ്‌ലിം ലീഗ് കോട്ടകളിലുണ്ടാക്കിയ വിള്ളല്‍ എത്ര ഭയാനകമായിരുന്നുവെന്ന് നാം കണ്ടതാണ്. ലീഗിലെ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിപ്പിച്ച മലപ്പുറത്തെ ജനത കുഞ്ഞാലിക്കുട്ടിയെ വരെ തോല്‍പ്പിച്ചു. തോറ്റപ്പോഴാണ് കഥ ഇത്ര ഭീകരമായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പോലും അറിഞ്ഞത്. തെറ്റുപറ്റിയെന്നും തിരുത്തുമെന്നുമൊക്കെ പറഞ്ഞ് ഒരുവിധം കാര്യങ്ങള്‍ ശരിപ്പെടുത്തിക്കൊണ്ട് വരുമ്പോഴാണ് ഐസ്‌ക്രീം കേസ് വീണ്ടുമെത്തുന്നത്. അതും സ്വന്തം പാര്‍ട്ടി സെക്രട്ടറി ചെയര്‍മാനായ ചാനലില്‍ തന്നെ. പോരേ പൂരം. ലിഗിനകത്തും പുറത്തും പ്രശ്‌നമായി. കേസ് വീണ്ടും അന്വേഷിക്കുന്നു. കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യുമെന്നും കേള്‍ക്കുന്നു… യു.ഡി.എഫിലെ പ്രബല കക്ഷിയായ മുസ് ലിം ലീഗ് അങ്ങിനെ അരുക്കായി.
തീര്‍ന്നില്ല പിന്നാലെ വരുന്നു ഇടമലയാര്‍ കേസ്. ഇടമലയാറില്‍ പണ്ടൊരു അണക്കെട്ട് കെട്ടിയിരുന്നു. അത് പിന്നെ ചോര്‍ന്നെന്നോ മറ്റോ ഒരു പരാതിയുണ്ടായി. അന്വേഷിച്ചപ്പോള്‍ അന്നത്തെ മന്ത്രി പുംഗവനായിരുന്ന ബാലകൃഷ്ണപ്പിള്ള ചില കള്ളക്കളികള്‍ നടത്തിയതായി കണ്ടു. പിന്നെ കോടതിയായി. ബാലകൃഷ്ണപ്പിള്ളക്ക് സാമന്യം ഭേദപ്പെട്ട ശിക്ഷയും കോടതി നല്‍കി. പിള്ള അടങ്ങിയിരുന്നില്ല. ഹൈക്കോടതിയില്‍പ്പോയി ശിക്ഷ സ്‌റ്റേ ചെയ്യിപ്പിച്ചു. തെളിവില്ലെന്ന് പറഞ്ഞ കോടതി പിള്ളയെ വെറുതെവിടുകയും ചെയ്തു.
പക്ഷെ നമ്മുടെ ശല്യക്കാരനായ വി.എസുണ്ടോ വിടുന്നു. ഹൈക്കോടതി വിധിക്കെതിരെ വി.എസ് സുപ്രീം കോടതിയില്‍ പോയി. കേസ് ഇഴഞ്ഞ് നീങ്ങുമ്പോള്‍ വേഗത്തിലാക്കാനായി വി.എസ് പ്രത്യക ഹരജിയും നല്‍കി. അങ്ങിനെ വിധി വന്നപ്പോള്‍ ദേ. ബാലകൃഷ്ണപ്പിള്ള മലര്‍ന്നടിച്ചു കിടക്കുന്നു. ഒരു വര്‍ഷം കഠിന് തടവും പതിനായിരം രൂപ പിഴയും. പോരേ പൂരം. യു.ഡി.എഫിലെ ഒരു മുന്‍മന്ത്രി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നു. നാട്ടുകാര്‍ക്ക് വേണ്ടിയാണ് ജയിലില്‍ പോകുന്നതെന്നൊക്കെ വെറുതെ പുറം പൂച്ച് പറയാമെന്നല്ലാതെ കാര്യങ്ങളുടെ സ്ഥിതിവിവരം പൊതുജനങ്ങള്‍ക്ക് നല്ല തിട്ടമുണ്ടല്ലോ…
കഴിഞ്ഞില്ല, മുന്നണിയിലെ ടി.എം ജേക്കബിനെയും പിടിച്ചു കോടതി ബാധ. കുരിയാര്‍കുറ്റി കാരാപ്പാറ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് കോടതി ചെവിക്ക് പിടിച്ചത്. ജേക്കബിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയായിരുന്നു കോടതിയുടെ ഇടപെടല്‍. അവസാനം വന്നത് സിവില്‍ സപ്ലൈസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ നല്‍കിയ ഒരു ഹരജിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ചുവെന്നതാണ്. ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നു പാമൊലിന്‍ ഇടപാടെന്നായിരുന്നു മുസ്തഫയുടെ സത്യവാങ്മൂലം. ഇനി എന്തെല്ലാം പുറത്ത് വരാനിരിക്കുന്നുവെന്ന് കണ്ടറിയാം..
മറുപക്ഷത്ത് വല്ലാര്‍പ്പാടം ഉദ്ഘാടനവും സ്മാര്‍ട്ട്‌സിറ്റി കരാറൊപ്പിടലുമൊക്കെയായി ഭരണപക്ഷം അടിച്ചുതകര്‍ക്കുകയാണ്. പക്ഷെ ഇതെല്ലാം കാണുമ്പോള്‍ ഭരണപക്ഷത്തെ ചിലര്‍ക്ക് അത്ര ദഹിക്കുന്നുമില്ല. എല്ലാത്തിലും വി.എസ്സ് ഹീറോയാകുന്ന അവസ്ഥ. പ്രതിപക്ഷം എല്ലാം കുറ്റപ്പെടുത്തുന്നത്. വി.എസിനെ അതായത് എല്ലാ കള്ളന്‍മാരെയും പുറത്ത് കൊണ്ട് വരാന്‍ മുന്‍കയ്യെടുത്തത് വി.എസ്. തങ്ങള്‍ ഒതുക്കാന്‍ ശ്രമിച്ച വി.എസ് വീണ്ടും ശക്തിയാര്‍ജ്ജിച്ച് രംഗത്തെത്തുന്നു. പിന്നെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടി വരും. ഇപ്പോള്‍ വി.എസ് പ്രചാരണത്തിനിറങ്ങിയാല്‍ മുന്നണി ജയിക്കുമെന്ന് പ്രതീക്ഷ.. അപ്പോള്‍ പിന്നെ മുഖ്യമന്ത്രിയാര്?… (തോറ്റാല്‍ അഞ്ച് വര്‍ഷം പ്രതിപക്ഷത്തായിരുന്നാലും പിന്നെ തിരിച്ചുവന്ന് കാര്യങ്ങള്‍ ഏതാണ്ട് തീര്‍്പ്പാക്കുമായിരുന്നല്ലോ.. അല്ലെങ്കിലും പ്രതിപക്ഷത്തിരുന്നാലും സി.പി.ഐ.എമ്മില്‍ കാര്യങ്ങള്‍ മുറക്ക് നടക്കും)ഏതായായും യു.ഡി.എഫ് പടനായകന്‍മാര്‍ ഒന്നൊന്നായി വീഴുമ്പോഴും നെഞ്ചിടിപ്പേറുന്നവരില്‍ ഇപ്പുറത്ത് സി.പി.ഐ.എമ്മിലും എല്‍.ഡി.എഫിലുമുള്ളവരുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല