സ്വന്തം ലേഖകന്‍: കേരള വര്‍മ കോളേജില്‍ ബീഫ് ഫെസ്റ്റ്, പിന്തുണച്ച അധ്യാപികക്കെതിരെ അന്വേഷണം, ഫേസ്ബുക്കില്‍ പിന്തുണ പ്രവാഹം. സമകാലിക വിഷയങ്ങളോട് സജീവമായി പ്രതികരിച്ച് ഫേസ്ബുക്കില്‍ ശ്രദ്ധേയയായ കേരള വര്‍മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനാണ് കോളേജ് മാനേജ്‌മെന്റിന്റെ അന്വേഷണം നേരിടേണ്ടി വന്നത്.
ഉത്തര്‍ പ്രദേശില്‍ ബീഫ് കൈവശം വച്ചതിന് ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കേരള വര്‍മ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് ദീപ ടീച്ചര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സമരം ബീഫ് ഫെസ്റ്റിനെ പിന്തുണച്ച അധ്യാപകരെ പുറത്താക്കണം എന്നാവശ്യപ്പെട്ടു.
കൂടാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയപ്പോള്‍ കാമ്പസിലെ അവരുടെ യൂണിയന്‍ ഓഫീസ് എബിവിപി പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചിരുന്നു. എന്നാല്‍ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ മാത്രമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദീപ നിശാന്ത് കോളേജ് അധികൃതര്‍ക്കെതിരേയും ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. പോസ്റ്റ് വിവാദമായതോടെ ദീപ ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേര്‍ രംഗത്തെത്തുകയും ചെയ്തു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് തൃശൂരിലെ കേരള വര്‍മ കോളേജ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഭാസ്‌കരന്‍ നായരാണ് ഇപ്പോള്‍ ടീപ ടീച്ചര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കുന്നത്. അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റാണെന്നാണ് ദേവസ്വം പ്രസിഡന്റിന്റെ ഏകപക്ഷീയമായ കണ്ടെത്തല്‍. അന്വേഷണത്തില്‍ അധ്യാപികയ്ക്ക് തെറ്റ് പറ്റി എന്ന് തെളിഞ്ഞാല്‍ അവരെ പുറത്താക്കുമെന്നും ഭാസ്‌കരന്‍ നായര്‍ വ്യക്തമാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല