നായയുടെ വാല്‍ പന്തീരാണ്ട് കാലം കുഴലില്‍ ഇട്ടാലും വളഞ്ഞു തന്നെയിരിക്കും എന്നൊരു ചൊല്ല് മലയാളത്തിലുണ്ട് .ഈ ചൊല്ല് യു കെയിലും അന്വര്‍തമാക്കുകയാണ് യു കെയിലെ കോണ്‍ഗ്രസുകാരും.ഇതുവരെ ഇല്ലാതിരുന്ന ഒരു സംഘടന സ്നേഹം കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടായത് ചാണ്ടിച്ചായന്‍ കേരളത്തില്‍ ഭരണത്തിലേറിയതിനു ശേഷമാണ്.എന്തായാലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ലണ്ടനിലും ബിര്‍മിംഗ്ഹാമിലും ഗാന്ധി അനുയായികള്‍ യോഗം ചേര്‍ന്നു.അടുത്ത യോഗം താമസിയാതെ മാഞ്ചസ്റ്ററിലും ചേരുന്നതായി വാര്‍ത്തയും വന്നു.
ഉള്ളതു പറയാമല്ലോ ഇത്രയും കാലം ഖദര്‍ പാര്‍ട്ടിയുടെതായി ഇടയ്ക്കും മുട്ടിനും പ്രസ്താവനകള്‍ ഇറക്കി പിടിച്ചു നിന്നിരുനത് ജര്‍മനിയില്‍ നിന്നുള്ള നേതാവായിരുന്നു.അക്കാലത്തൊന്നും യു കെയിലെ നേതാക്കന്മാരുടെയും അനുയായികളുടെയും പൊടിപോലും കാണാന്‍ ഇല്ലായിരുന്നു.എന്തായാലും ഈയിടെ നടന്ന യോഗങ്ങള്‍ ജര്‍മന്‍ നേതാവിനെ അറിയിക്കാതെയാണ് നടത്തിയത് എന്ന് വേണം കരുതാന്‍.എന്തായാലും നേതാവിന്റെ വക പുതിയ അംഗങ്ങളെ ചേര്‍ക്കുന്ന ക്യാംപെയിം തുടങ്ങുന്ന വാര്‍ത്ത വന്നു.മണിക്കൂറുകള്‍ക്കകം മറു വിഭാഗത്തിന്‍റെ എതിര്‍ പ്രസ്താവനയും വന്നു.എന്തായാലും യു കെയിലെ മലയാളികള്‍ക്ക് ഇനി കോണ്‍ഗ്രസിലെ കളികള്‍ യു കെയിലും കണ്ടു രസിക്കാം.അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ ?
രണ്ടു വിഭാഗത്തിന്റെയും വാര്‍ത്തക്കുറിപ്പുകള്‍ താഴെക്കൊടുക്കുന്നു
ഒ.ഐ.സി.സി യുകെ അംഗത്വപ്രചാരണം ജൂണ്‍ 15 ന ആരംഭിയ്ക്കും
ബര്‍ലിന്‍: ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യുകെ വിഭാഗത്തിന്റെ അംഗത്വപ്രചാരണം (മെമ്പര്‍ഷിപ്പ് കാമ്പെയിന്‍) ജൂണ്‍ 15 ബുധനാഴ്ച ആരംഭിയ്ക്കും. കെ.പി.സി.സി.യുടെ കീഴില്‍ എല്ലാ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒന്നിക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ ഒ.ഐ.സി.സി ലോകം മുഴുവനും ശക്തി പ്രാപിച്ചുവരുന്ന ഈ സാഹചര്യത്തില്‍ യുകെയിലും അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
കെ.പി.സി.സിയുടെ ഏക അംഗീകാരമുള്ള സംഘടന ഒ.ഐ.സി.സി ആയിരിയ്ക്കും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദോഹയില്‍ നടന്ന ഒ.ഐ.സി.സി ഗ്ലോബല്‍ മീറ്റില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ചുമതലപ്പെടുത്തിയ യുകെയിലെ കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങളായ സുജു കെ ഡാനിയേല്‍, ഡോ.ജോഷി തെക്കേക്കുറ്റ്, റോബര്‍ട്ട് ഷിബു ഫെര്‍ണാണ്ടസ്, ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അംഗത്വപ്രചാരണം ആരംഭിയ്ക്കുന്നത്.
ഒഐസിസി യുകെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും യുകെ കോര്‍ഡിനേഷന്‍ കമ്മറ്റിയ്ക്കും കെ.പി.സി.സിയ്ക്കും മാത്രമായിരിയ്ക്കും. ഒഐസിസി യൂറോപ്പ് കോര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ് വര്‍ഗീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
എല്ലാ മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒ.ഐ.സി.സിയില്‍ അംഗമായി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ശക്തി പകരണമെന്ന് വിനയപൂര്‍വം അഭ്യര്‍ത്ഥിയ്ക്കുന്നു. ഓണ്‍ലൈനില്‍ മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ നടത്താനും, മെമ്പര്‍ഷിപ്പ് ഫോം ഡൗണ്‍ ലോഡ് ചെയ്ത് എടുക്കാനും വെബ്‌സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. www.oiccuk.org .
അംഗത്വപ്രചാരണം ഓഗസ്റ്റ് 30 ന് അവസാനിയ്ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സുജു കെ ഡാനിയല്‍ : 07553131967
ഡോ. ജോഷി തെക്കെക്കുട്ടു : 07737240192
റോബേര്‍ട്ട് ഷിബു ഫെര്‍ണാണ്ടസ് : 07723382716
ലക്ക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ : 07784272529
വ്യാജവാര്‍ത്തക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം :ഒ.ഐ.സി.സി, യു.കെ
ബ്രിട്ടണിലെ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ക്കെതിരേ വ്യാജവാര്‍ത്തയുമായി ഇറങ്ങിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കെ.പി.സി.സിയുടെ അംഗീകാരമുള്ള ഒ.ഐ.സി.സിയുടെ യു.കെയിലെ അംഗത്വ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ പേര് ദുരുപയോഗപ്പെടുത്തിയാണ് വ്യാജവാര്‍ത്ത പുറത്തിറങ്ങിയത്.
കെ.പി.സി.സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു തന്നെ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ചുള്ള പതിനഞ്ച് റീജിയണുകളില്‍ യു.കെയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കൂടി യൂറോപ്പ് റീജിയണാണ്. യൂറോപ്പ് കോര്‍ഡിനേറ്റര്‍ എന്ന പേരില്‍ വാര്‍ത്തകളിലൂടെ മാത്രം കഴിഞ്ഞ കുറേക്കാലമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ജര്‍മനിയിലെ ബര്‍ലിനില്‍ നിന്നും തന്റെ പ്രവര്‍ത്തന പരിധിയില്‍ വരാത്ത യു.കെയില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ നിയോഗിച്ചു എന്ന പേരില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത് തികച്ചും സംഘടനാ വിരുദ്ധമാണ്.
http://kpcc.org.in/subpage.php?mid=7&subid=34
ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഒ.ഐ.സി.സിയുടെ ചാര്‍ജ് ഉള്ള കെ.പി.സി.സി ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരം ഒരു വാര്‍ത്ത നല്‍കുന്നതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. കെ.പി.സി.സി പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി വാര്‍ത്ത നല്‍കിയതിന്റെ പിന്നിലെ ഗൂഢലക്ഷ്യവും സംശയിക്കപ്പെടേണ്ടിയിരിക്കുന്നു.
ഈ വാര്‍ത്തയ്ക്കോ അതില്‍ പറഞ്ഞിരിക്കുന്നവര്‍ക്കും ബ്രിട്ടണിലെ ഒ.ഐ.സി.സി സംഘടിപ്പിക്കുന്നതുമായി യാതൊരു ബന്ധവുമില്ല. ബ്രിട്ടണിലെ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈനില്‍ മെംബര്‍ഷിപ്പ് ചേര്‍ക്കുന്നതിന് വേണ്ട യാതൊരു നിര്‍ദേശവും കെ.പി.സി.സി നേതൃത്വം നല്‍കിയിട്ടില്ല എന്നും ബന്ധപ്പെട്ട കെ.പി.സി.സി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലണ്ടനിലും ബര്‍മ്മിങ്‌ഹാമിലും പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മേളനങ്ങള്‍ നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യോഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. അതനുസരിച്ചുള്ള മൂന്നാമത്തെ യോഗം മാഞ്ചസ്റ്ററില്‍ ജൂണ്‍ 19ന് ഉച്ച തിരിഞ്ഞ് 2.30ന് ആരംഭിക്കും.
ബ്രിട്ടണിലെ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ഒ.ഐ.സി.സി രൂപീകരണവുമായി യോഗങ്ങള്‍ ചേര്‍ന്ന് മുന്നോട്ട് പോകുമ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി മറ്റ് രാജ്യങ്ങളില്‍ നിന്നും ഓണ്‍ലൈനില്‍ മെംബര്‍ഷിപ്പ് ചേര്‍ക്കുന്നു എന്ന തരത്തിലുള്ള വ്യാജപ്രസ്താവനകളില്‍ വഞ്ചിതരാവരുതെന്ന് മാധ്യമ സുഹൃത്തുക്കളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.
ഫ്രാന്‍സിസ് വലിയപറമ്പില്‍
ഒ.ഐ.സി.സി, യു.കെ
മെംബര്‍ഷിപ്പ് കമ്മറ്റി ചെയര്‍മാന്‍
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
07577861190
01202892276
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല