സുപ്രീംകോടതി വിധിപ്രകാരം തടവുശിക്ഷ അനുഭവിക്കുന്ന ആര്‍. ബാലകൃഷ്ണപിള്ള സ്വകാര്യ ചാനലിനു ഫോണിലൂടെ പ്രതികരിച്ചത് വിവാദമാകുന്നു. ചട്ടലംഘനം നടത്തിയതിന്റെ അനന്തരഫലം പിള്ള വ്യക്തിപരമായി നേരിടണമെന്ന നിലപാടെടുത്തു കോണ്‍ഗ്രസ് കൈയൊഴിഞ്ഞു.
പിള്ളയുണ്ടാക്കിയ പുതിയ പ്രശ്‌നം മകനും മന്ത്രിയുമായ ഗണേശ് കുമാറിനും ദോഷമാകും. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ പ്രതിപക്ഷത്തിന് വിണുകിട്ടിയ ആയുധമാണ് പിള്ളയുടെ ചട്ടലംഘനം. പ്രശ്‌നം സഭയില്‍ ഉന്നയിക്കുമെന്ന് പ്രിതപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊട്ടാരക്കര വാളകത്ത്, പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രതികരിച്ചത്. തെരഞ്ഞെടുപ്പുവേള മുതല്‍ തന്നെ ജയിലില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ പ്രവൃത്തികള്‍ യുഡിഎഫിനു തലവേദനയായിരുന്നു.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും നിയമസഭയിലേക്കു മത്സരിക്കാന്‍ പിള്ള തയാറായെങ്കിലും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടു തടയുകയായിരുന്നു. ഇത് യുഡിഎഫില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ ഫോണ്‍ വിവാദം കൂടിയായതോടെ പിള്ളയുടെ കാര്യത്തില്‍ ചില ഘടകക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ രൂപീകരിച്ചശേഷം ശിക്ഷ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ടു പിള്ള വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അതിനു തയാറായില്ല. തുടര്‍ന്ന് മകനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കി.
തുടര്‍ന്ന് പിള്ളയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. എന്തായാലും ഫോണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ മടികാണിക്കില്ലെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകള്‍
വിവാദമായ ടെലിഫോണ്‍ സംഭാഷണം ചുവടെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല