നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം യു.ഡി.എഫില്‍ കക്ഷികള്‍ ഓരോന്നും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ധാരണയായി. കോണ്‍ഗ്രസ് 81 സീറ്റില്‍ മത്സരിക്കും. മുസ്‌ലിംലീഗ്- 24, കേരള കോണ്‍ഗ്രസ് (എം) -15, സോഷ്യലിസ്റ്റ് ജനത – 7, ജെ. എസ്. എസ്.- 4,സി.എം.പി.-3, കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) – 3, കേരള കോണ്‍ഗ്രസ് (ബി) – 2, ആര്‍.എസ്.പി. – 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
22 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് കേരള കോണ്‍ഗ്രസ് എം 15 സീറ്റില്‍ ഒതുങ്ങി.കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പലഘട്ടത്തിലും വഴിമുട്ടിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ഇടഞ്ഞ് ഇറങ്ങിപ്പോകാനൊരുങ്ങിയ കെഎം മാണിയെ പി.കെ.കുഞ്ഞാലിക്കുട്ടി അനുനയിപ്പിച്ച് വീണ്ടും സംസാരം തുടരുകയായിരുന്നു.ചൊവ്വാഴ്ച നടന്ന മാരത്തണ്‍ ചര്‍ച്ചയിലാണ് സീറ്റ് വിഭജനം സംബന്ധിച്ച ധാരണ രൂപപ്പെട്ടത്.
മാണി ഗ്രൂപ്പിന് നല്‍കാന്‍ ഏതാണ്ട് ധാരണയായ സീറ്റുകള്‍ ഇവയാണ്: പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, കടുത്തുരുത്തി, പൂഞ്ഞാര്‍, ഇടുക്കി, തൊടുപുഴ, തിരുവല്ല, കോതമംഗലം, ഇരിങ്ങാലക്കുട, പേരാമ്പ്ര, കുട്ടനാട് അല്ലെങ്കില്‍ പുനലൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോ സീറ്റും നല്‍കാന്‍ ധാരണയായി. പാലക്കാട്ട് ആലത്തൂരിനാണ് സാധ്യത. കേരള കോണ്‍ഗ്രസിന് 15 സീറ്റ് നല്‍കാന്‍ ധാരണയായപ്പോള്‍ നാല് സീറ്റ് അധികമായി കണ്ടെത്തേണ്ടിവന്നു. ഇതുനാലും കോണ്‍ഗ്രസ് തന്നെയാണ് നല്‍കേണ്ടത് എന്ന സ്ഥിതിയുമുണ്ടായി.
മുസ്‌ലിംലീഗിന് 24 സീറ്റുകള്‍ ലഭിക്കും. സീറ്റ് ഏതൊക്കെയെന്നതു സംബന്ധിച്ച് പൂര്‍ണധാരണയായിട്ടില്ല. ജെ.എസ്.എസ്. ആദ്യം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്ന കയ്പമംഗലത്ത് മത്സരിക്കാന്‍ തീരുമാനിച്ചു. ചേര്‍ത്തല, കരുനാഗപ്പള്ളി, മാവേലിക്കര എന്നിവയാണ് ജെ.എസ്.എസ്. മത്സരിക്കുന്ന മറ്റ് സീറ്റുകള്‍. സി.എം.പിക്ക് മൂന്നു സീറ്റ് ലഭിക്കും. എം.വി.രാഘവനെ കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് മൂന്ന് സീറ്റാണ് നല്‍കുക. പിറവം, മൂവാറ്റുപുഴ എന്നിവയും മറ്റൊരു സീറ്റുമായിരിക്കും നല്‍കുക. പിള്ള ഗ്രൂപ്പിന് കൊട്ടാരക്കരയും പത്തനാപുരവും നല്‍കും. ആര്‍.എസ്.പി.ക്ക് ചവറയും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല