പാരിസ്: അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെതിരേ അന്വേഷണം ആരംഭിച്ചു. ഫിഫയുടെ എത്തിക്‌സ് കമ്മറ്റിതന്നെയാണ് ബ്ലാറ്ററിനെതിരേ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഫിഫയുടെ മേധാവിസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ അനുകൂലവോട്ട് ലഭിക്കുന്നതിനായി കരീബിയന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴനല്‍കി എന്ന ആരോപണത്തിലാണ് ബ്ലാറ്ററിനെ ചോദ്യംചെയ്യാനായി എത്തിക്‌സ് കമ്മറ്റി വിളിച്ചുവരുത്തിയിരിക്കുന്നത്.
എന്നാല്‍ ഫിഫയുടെ അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ കച്ചകെട്ടിയിറങ്ങിയ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമാമാണ് ബ്ലാറ്ററിനെതിരായ ചരടുവലിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കരീബിയന്‍ ഉദ്യോഗസ്ഥരെ കോഴനല്‍കി ചാക്കിലാക്കാന്‍ മുഹമ്മദ് ബിന്‍ ഹമാമും ശ്രമിച്ചിരുന്നതായും ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെയും ഫിഫ വൈസ് പ്രസിഡന്റ് ജാക്ക് വാര്‍ണറെയും കരീബിയന്‍ ഫുട്‌ബോള്‍ യൂണിയന്റെ രണ്ട് പ്രമുഖരെയും എത്തിക്‌സ് കമ്മറ്റി ചോദ്യംചെയ്തിരുന്നു.
ജൂണ്‍ ഒന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബ്ലാറ്ററിനെ പുറത്താക്കി പുതിയ മേധാവിയാകാനാണ് ഹമാം ശ്രമിക്കുന്നത്. 2018ലെയും 2022ലെയും ലോകകപ്പ് വേദികള്‍ തിരഞ്ഞെടുത്തതിലും അഴിമതി നടന്നിരുന്നുവെന്ന് ആരോപണങ്ങളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല