ഐപിഎല്‍ പാര്‍ട്ടികളില്‍ താരങ്ങളുടെ അശ്ലീലചേഷ്ടകളെക്കുറിച്ച് ബ്ലോഗെഴുതിയ ചിയര്‍ഗേളിനെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് പുറത്താക്കി. ദക്ഷിണാഫ്രിക്കക്കാരിയായ ഗബ്രിയേല പസ്‌കുലോറ്റ എന്ന 22കാരിയെയാണ് ടീം പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടികളില്‍ ചിയര്‍ഗേള്‍സിനെ ചൂഷണം ചെയ്യുന്ന താരങ്ങളുടെ പേരും മറ്റും വെളിപ്പെടുത്തിക്കൊണ്ട് ബ്ലോഗെഴുതിയതിനാണ് ഗബ്രിയേലയെ പുറത്താക്കിയത്. ഐ.പി.എല്ലില്‍ കളിക്കുന്ന മിക്ക ക്രിക്കറ്റ്താരങ്ങളും വായിനോക്കികളും ആഭാസന്‍മാരുമാണെന്ന സത്യമാണ് ഗബ്രിയേല ബ്ലോഗിലുടെ വെളിപ്പെടുത്തിയത്. ഇതില്‍ പ്രകോപിതരായ മുംബൈ ടീം മാനേജ്‌മെന്റ് കളിക്കാരുടെ സ്വകാര്യത ലംഘിച്ചുവെന്നാരോപിച്ച് ഗബ്രിയേലയെ രായ്ക്കുരാമാനം നാടുകടത്തുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സിനുവേണ്ടി മൈതാനങ്ങളില്‍ ആര്‍പ്പുവിളിക്കാനായി ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ നാല്‍പതംഗ ചിയഗേള്‍സ് കൂട്ടത്തില്‍പെട്ടയാളായിരുന്നു ഗബ്രിയേല. ഐപിഎല്‍ ഗേള്‍ എന്ന പേരില്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയ ഗബ്രിയേല ഇന്ത്യയിലെത്തിയതിനുശേഷം ഇവിടുത്തെ വിശേഷങ്ങള്‍ ട്വീറ്റുചെയ്യാന്‍ തുടങ്ങി. ഇത് വായിക്കാനിയായ ഒരു ക്രിക്കറ്റ് വെബ്‌സൈറ്റ് ഗബ്രിയേലയെ തങ്ങളുടെ സൈറ്റില്‍ ബ്ലോഗെഴുതാന്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച ഇവര്‍ പാര്‍ട്ടികൡ താരങ്ങളുടെ കാമകേളികളെല്ലാം വെള്ളം കലര്‍ത്താതെ എഴുതിവിട്ടു. ഭുരിഭാഗം ക്രിക്കറ്റര്‍മാരും പെണ്ണെന്നു കേട്ടാല്‍ കമിഴ്ന്നടിച്ചുവീഴുന്നവരാണെന്നും കാമുകിമാര്‍ ഒപ്പമുണ്ടെങ്കില്‍ പോലും മറ്റുപെണ്ണുങ്ങളെ വായിനോക്കാന്‍ അവര്‍ക്കൊരു മടിയുമില്ലെന്നും ഗബ്രിയേല ബ്ലോഗില്‍ വ്യക്തമാക്കുന്നു.
ക്രിക്കറ്റ് കളിക്കാര്‍ ആദ്യം നോക്കുക നമ്മുടെ മാറിടത്തിലേക്കാണ്. പിന്നെ പിന്‍ഭാഗത്തേക്ക്, ഒടുവില്‍ തുടകളിലേക്ക്. ഗ്രേയംസ്മിത്തിനെ പോലുള്ള കളിക്കാര്‍ കാമുകി ഒപ്പമുണ്ടെങ്കില്‍ പോലും മറ്റു പെണ്‍കുട്ടികളോടു കൊഞ്ചിക്കുഴയും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാരാണ് ഏറവും ശല്യക്കാര്‍. മൂന്നു പെണ്‍കുട്ടികളെ ഒരേസമയം ഉമ്മവെക്കുന്ന ഒരു കളിക്കാരനെ ഞാന്‍ കണ്ടു. ഒടുവില്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ഐപിഎല്ലിലെ ചിയര്‍ഗേള്‍സ് ചലിക്കുന്ന അശ്ലീലങ്ങളാണ്- ഗബ്രിയേല പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ് ടീമില്‍ മോയിസെസ് ഹെന്റിക്വസ്, ക്ലിന്റ് മക്കായ്, ആന്‍ഡ്രു സിമണ്ട്‌സ് എന്നീ മൂന്ന് ആസ്‌ട്രേലിയക്കാരാണുള്ളത്. ഇവരില്‍ ഒരാളുടെ രേഖാമൂലമുള്ള പരാതിയെത്തുടര്‍ന്നാണ് ഗബ്രിയേലക്കെതിരെ നടപടിയെടുത്തതെന്ന് സൂചനയുണ്ട്. പക്ഷേ ഇന്ത്യന്‍ താരങ്ങള്‍ എന്തായാലും അഭിമാനം കാത്തു. ഇവരെക്കുറിച്ച് ഗബ്രിയേലയ്ക്ക് നല്ലതേ പറയാനുള്ളു. കുറച്ച് ഇന്ത്യന്‍കളിക്കാരെയേ ഞങ്ങള്‍ക്ക് പരിചയപ്പെടാന്‍ സാധിച്ചുള്ളു. മഹേന്ദ്രസിങ് ധോണിയും രോഹിത് ശര്‍മയുമെല്ലാം ഭവ്യതയോടെയാണ് പെരുമാറിയത്. പാര്‍ട്ടികളില്‍ ഒരു മൂലയ്ക്ക് അടങ്ങിയൊതുങ്ങി ഇരിക്കാനാണ് അവര്‍ക്കിഷ്ടം. സദാസമയവും കുടുംബത്തെ ഒപ്പം കൂട്ടുന്ന സച്ചിന്‍തെണ്ടുല്‍ക്കറിനെപോലുള്ളവര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാറേയില്ല- ഗബ്രിയേല പറയുന്നു.
തുറന്നെഴുത്തുകള്‍ വിവാദമായതിനെത്തുടര്‍ന്ന് ഏപ്രില്‍ 3ന് ചൊവ്വാഴ്ചയാണ് ഗബ്രിലേയെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ മുംബൈ ഇന്ത്യന്‍സ് ടീം തീരുമാനമെടുത്തത്. നാട്ടിലെത്തിയ ഉടന്‍ തന്നെ വന്നുകണ്ട വിറ്റ്‌നസ് എന്ന പത്രത്തിന്റെ പ്രതിനിധിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗബ്രിയേല ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. എന്നെ ഒരു ക്രിമിനലിനെപോെല നാടുകടത്തുകയാണ് അവര്‍ ചെയ്തത്. ഞാന്‍ മയക്കുമരുന്ന് കടത്തുകയോ മറ്റെന്തെങ്കിലും കൊടും കുറ്റകൃത്യമോ ചെയ്തതുപോലെ. എനിക്കെന്താണു പറയാനുള്ളതെന്ന് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല- ഗബ്രിയേല പരാതിപ്പെടുന്നു.
മാസം നാല്‍പ്പത്തിഅയ്യായിരം രുപ ശമ്പളം നിശ്ചയിച്ചിട്ടാണ് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുപോയതെന്നും ആ വകയില്‍ കാശ് ബാക്കി കിട്ടാനുണ്ടെന്നും അവര്‍ ആരോപിക്കുന്നുണ്ട്. ജോലി പോയെങ്കിലും ഗബ്രിയേലയ്ക്ക് പിന്തുണ നൂറുകണക്കിനുപേര്‍ സൈബര്‍ലോകത്ത് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല