1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2017

ബാല സജീവ് കുമാര്‍ (യുക്മ പി ആര്‍ ഓ): തിരുപിറവിയുടെ ആഘോഷം പടിവാതിലില്‍ എത്തി നില്‍കുമ്പോള്‍, ഒട്ടു മിക്ക വീടുകളിലും നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും നിറഞ്ഞു കഴിഞ്ഞു. ദിവസങ്ങളായി കരോള്‍ സംഘങ്ങള്‍ വീടുകളിലെത്തി തുടങ്ങിയതോടെ കുഞ്ഞുങ്ങളുടെ മനസ്സില്‍ ആഹ്‌ളാദ പൂത്തിരി നിറഞ്ഞു കത്തുകയാണ്. അതിനിടയില്‍ എന്തെങ്കിലും തരത്തിലുള്ള ദുരന്തം നമ്മുടെ ഭവനങ്ങളില്‍ എത്തുകയാണെങ്കില്‍ എല്ലാ ആഘോഷങ്ങളും താറുമാറാവും.ദുരന്തം എന്ന വാക്ക് തന്നെ ഭീതിജനകമാണ്. അത് പ്രകൃതി ക്ഷോഭമായി വന്ന് നിസ്സഹായരായ ഒരു പറ്റം ആള്‍ക്കാരെ നിവര്‍ത്തികേടിന്റെ സ്ഥിതിയിലേക്ക് ആക്കുന്നതായാലോ?

നമ്മള്‍ ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും ആശംസാകാര്‍ഡുകളും സമ്മാനപ്പൊതികളും അയച്ച് ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ നമ്മുടെ സഹജീവികള്‍ കേരളത്തില്‍ പൂന്തുറയിലും മറ്റ് കടപ്പുറങ്ങളിലും അന്തിയുറങ്ങാന്‍ ഇടമില്ലാതെ, നാളെ തീരത്തടിഞ്ഞേക്കാവുന്ന ജഡം നോക്കി കാവലിരിക്കുകയാണ്. നമ്മുടെ ആഘോഷങ്ങളില്‍ നിന്ന് ഒരു പങ്ക് ഇവര്‍ക്ക് നല്‍കി സാന്ത്വനത്തിന്റെ ഒരു ഇളം തെന്നല്‍ ആകാന്‍ നമുക്ക് കൂട്ടായി പരിശ്രമിച്ചാലോ? സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും ആശംസകളുടെയും അവസരമായ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ കേരളത്തിന്റെ തീര ദേശങ്ങളിലെ പാവങ്ങളുടെ ജീവിതങ്ങളിലേക്ക് വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തങ്ങളില്‍ നിന്ന് കര കയറാന്‍ യുക്മയോടൊപ്പം കൈ കോര്‍ക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവുമായി ഘോര താണ്ഡവം നടത്തിയ ഓഖിയുടെ ഭീകരതയുടെ ആഴം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. മുന്നൂറോളം പേരെ ഇനിയും കാണാനുണ്ട് എന്ന് പറയുമ്പോള്‍, സര്‍ക്കാര്‍ കണക്കില്‍ മരിച്ചവര്‍ 70 , തിരിച്ചറിയപ്പെടാത്തവര്‍ 24 , രക്ഷപെടുത്തപ്പെട്ടവര്‍ 2800 നു മുകളില്‍, മടങ്ങി യെത്താനുള്ളവര്‍ 105. വീട് തകര്‍ന്നവരും, വള്ളവും വലയും നഷ്ടപ്പെട്ട് ജീവിതമാര്‍ഗ്ഗം അടഞ്ഞവരും, ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ എല്ലാം കടലെടുത്തവരും അനേകം. കടല്‍ ക്ഷോഭത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഭീകരതയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ഇപ്പോഴും കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ.രക്ഷാപ്രവര്‍ത്തനത്തിനും, തിരച്ചിലിനുമായി പ്രതീക്ഷിക്കുന്നയത്ര ബോട്ടുകളോ സംവിധാനങ്ങളോ പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല.

ഇവിടെയാണ് ചിറമേല്‍ അച്ചന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. പണക്കാരുടെയോ അധികാരികളുടെയോ ഇടയില്‍ ഉണ്ടായ ദുരന്തമല്ല ഇത്. വെള്ളത്തിനു മേലെ ജീവിക്കുന്ന ഒരു പറ്റം പാവങ്ങളാണ് ദുരന്തബാധിതര്‍. അതുകൊണ്ട് അവരെ സഹായിക്കാന്‍ മനുഷ്യത്വം വറ്റാത്ത സര്‍വ്വ മനസ്സുകളും ഒന്നായി സഹകരിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ധനസഹായം നടന്നുകൊള്ളട്ടെ. നമ്മളാല്‍ കഴിയുന്നത് നമുക്ക് ചെയ്യാനായി ഒരുമിക്കാം.

യുക്മയുടെ നേതൃത്വത്തില്‍ ഓഖി ദുരന്തത്തില്‍ പെട്ട കഴിയുന്നത്ര കുടുംബങ്ങളെ ദത്തെടുത്ത് പരിപാലിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് 5 ലക്ഷം രൂപ ചിലവ് വരുന്ന വീട് വച്ച് കൊടുക്കാനും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനുമാണ് യുക്മ ആഗ്രഹിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 5 കുടുംബങ്ങളെ ദത്തെടുത്ത് പരിപാലിക്കാന്‍ ആണ് യുക്മ ആഗ്രഹിക്കുന്നത്. സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനും മറ്റുമുള്ള മേല്‍നോട്ടം വഹിക്കുന്നതിനും സന്നദ്ധതയുള്ളവരുണ്ടെങ്കില്‍ മുന്നോട്ടു വരണം എന്നും യുക്മ അഭ്യര്‍ത്ഥിക്കുന്നു.

ഈ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ യു കെ മലയാളികള്‍ ഏവരും കണ്ണീരില്‍ കഴിയുന്ന ഈ കുടുംബങ്ങള്‍ക്ക് തുണയാകുവാന്‍ മുന്നോട്ടു വരണം. നിങ്ങളുടെ ചെറിയ തുകകള്‍ സ്വരൂപിച്ച് ഒരു വലിയ ദൗത്യത്തിനായി വിനിയോഗിക്കാന്‍ സഹായിക്കണം.
എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് നമ്മുടെ സന്തോഷത്തില്‍ ഈ പാവങ്ങളെയും ഓര്‍ക്കണമേ എന്നും, യുക്മ ഓഖി ദുരന്ത സഹായ നിധിയില്‍ ഭാഗഭാക്കണമേ എന്നും അഭ്യര്‍ത്ഥിക്കുന്നു. യുക്മയുടെ ഈ ഓഖി ദുരന്ത സഹായ നിധിയില്‍ പണം നിക്ഷേപിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് വിവരങ്ങളില്‍ പണം നിക്ഷേപിക്കുവുന്നതാണ്.
.
കൂടാതെ പല അസോസിയേഷനുകളും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഫണ്ട് കളക്ഷന്‍ നടത്തുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുള്ളതിനാല്‍ അപ്രകാരവും നിങ്ങളുടെ സഹായം എത്തിക്കുന്നതിന് അവസരം ഉണ്ട്. നമ്മുടെ സൗഭാഗ്യങ്ങളില്‍ നിന്ന് ഒരു പങ്ക് കൊടുത്ത് നമുക്ക് ക്രിസ്തുമസ് ആഘോഷിക്കാം, ഒരു നന്മ കൂടി ചെയ്ത് പുതുവര്‍ഷത്തെ വരവേല്‍ക്കാം.

UUKMA Chartiy Foundation
AC Number: 52178974
Sort Code : 403736

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.