പ്രേം കുമാര്‍ (ക്രോയ്‌ടോന്‍): ഈ പുതുവര്‍ഷം ക്രോയിഡോണില്‍ വര്ഷങ്ങളായി താമസിക്കുന്ന മലയാളി ഹൈന്ദവ കുടുംബങ്ങള്‍ക്ക് ഒരു നവയുഗ പിറവി ആവുകയാണ്, ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ‘ക്രോയ്‌ടോന്‍ ഹിന്ദു സമാജം’ എന്ന സങ്കല്പം യാഥാര്‍ഥ്യത്തോട് അടുക്കുന്നു. ജനുവരി മാസത്തില്‍ തന്നെ പ്രാഥമികമായ ഒരു കമ്മിറ്റി ഉണ്ടാക്കി ഫെബ്രുവരിയോടെ ഹിന്ദു സമാജം അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. യു കെ യില്‍ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഹിന്ദു സമാജങ്ങള്‍ ഉണ്ടെങ്കിലും മലയാളികള്‍ വിശിഷ്യാ ഹിന്ദുക്കള്‍ കൂടുതലായുള്ള ക്രോയിഡോണില്‍ ഇതുവരെയും പ്രാദേശികമായ ഒരു ഹിന്ദു സമാജം ഉണ്ടായിട്ടില്ല. ക്രോയ്‌ടോന്‍ ആസ്ഥാനമാക്കി നല്ല നിലയില്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പിടി സാംസ്‌കാരിക സംഘടനകളും സാമൂദായിക ധ്രൂവീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമൂദായിക സംഘടനകളും വര്ഷങ്ങളായി ക്രോയിഡോണില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എല്ലാവരോടും സമഭാവനയോടെ സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ക്രോയ്‌ടോന്‍ ഹിന്ദു സമാജം തീരുമാനിച്ചിരിക്കുന്നത്. ‘സത്യം വദ ധര്‍മം ചര’ എന്ന ആപ്തവാക്യം പ്രവൃത്തിയിലൂടെ സമൂഹത്തില്‍ പ്രചരിപ്പിക്കുവാനാണ് സമാജം ശ്രമിക്കുക.
ക്രോയ്‌ടോന്‍ എന്ന ബൃഹത്തായ പ്രദേശത്തെ മുഴുവന്‍ ഹൈന്ദവ ജനവിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന ഒരു പ്രവര്‍ത്തന നയം ആയിരിക്കും ക്രോയ്‌ടോന്‍ ഹിന്ദു സമാജം മുന്നോട്ടു വെക്കുക. ക്രോയ്‌ടോന്‍ നഗര പരിധിക്കു പുറമെ , നോര്‍ബറി, ബ്രോമിലി, തൊണ്ടോണ് ഹീത്ത്, ന്യൂ ആഡിങ്ടണ്‍ തുടങ്ങി എല്ലാ പ്രാദേശിക മേഖലകളിലും സമാജം പ്രവര്‍ത്തിക്കുന്നതായിരിക്കും. പ്രവര്‍ത്തന പാരമ്പര്യം ഉള്ള ഹിന്ദു സമാജങ്ങളുമായും മലയാളി ഹിന്ദു സമാജങ്ങളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സിലുമായും കൂടാതെ ഹൈന്ദവ സമൂഹത്തില്‍ നൂതനങ്ങളായ ആശയങ്ങള്‍ നടപ്പിലാക്കി കൂടുതല്‍ വ്യക്തതയോടെ സമൂഹത്തെ മുന്നോട്ടു നയിച്ച വ്യക്തികളുമായും ആശയവിനിമയം നടത്തികൊണ്ടുമായിരിക്കും സമാജത്തിന്റെ നയരൂപീകരണം. സമാജം മുന്നോട്ടു നയിക്കേണ്ടത് പൊതുജനങ്ങള്‍ ആണ് എന്നുള്ളതുകൊണ്ട് അവരുടെ അഭിപ്രായം താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട അതുമല്ലെങ്കില്‍ ഇമെയില്‍ അയച്ചോ അറിയിക്കാന്‍ സൗകര്യം ഉണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിച്ചു കൊണ്ട് മാത്രമായിരിക്കും സമാജം മുന്നോട്ടു പോവുക.
ക്രോയ്‌ടോന്‍ മലയാളികള്‍ക്ക് സുപരിചിതനും വര്ഷങ്ങളായി പ്രാദേശികമായ കല സാംസ്‌കാരിക സാമൂദായിക പ്രവര്‍ത്തനങ്ങയില്‍ സജീവ സാന്നിധ്യമായ ശ്രീ പ്രേംകുമാര്‍, കേരളത്തില്‍ നിരവധി വര്‍ഷങ്ങള്‍ ഹൈന്ദവ സമൂഹത്തിലെ നിറഞ്ഞ സാനിധ്യവും യു കെ യില്‍ കഴിഞ്ഞ ഒരു ദശകത്തിലും മേലെയായി ഹരേ കൃഷ്ണ പ്രസ്ഥാനവുമായും അടുത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ ഹര്‍ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ക്രോയ്‌ടോന്‍ ഹിന്ദു സമാജം എന്ന സങ്കല്‍പ്പം ഇതള്‍ വിരിയുന്നത്. എല്ലാവര്ക്കും ഒരിക്കല്‍ കൂടി ക്രോയ്‌ടോന്‍ ഹിന്ദു സമാജം ഹൃദ്യമായ പുതുവര്‍ഷാശംസകള്‍ നേരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രേംകുമാര്‍: 07551995663
ഹര്‍ഷന്‍: 07469737163
ഇമെയില്‍: croydonhindusamajam@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല