ഇലക്ട്രയ്ക്കുശേഷം ശ്യാമപ്രസാദ് ഒരുക്കുന്നത് ക്രൈം സിനിമയെന്ന് റിപ്പോര്‍ട്ട്. ഒരേ കടല്‍ എന്ന ശ്യാമപ്രസാദ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയാണ് പുതിയ ചിത്രത്തിലും നായകന്‍. വിന്ധ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാമപ്രസാദിന്റെ സിനിമ വിന്ധ്യന്‍ നിര്‍മ്മിക്കുന്നത് ഇത് മൂന്നാം തവണയാണ്.
മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥയെഴുതുന്നതും ശ്യാമപ്രസാദ് തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ശ്യാം ഈ ചിത്രത്തില്‍ മെഗാസ്റ്റാറിനുവേണ്ടി തയ്യാറാക്കുന്നത്.
2007ലാണ് ‘ഒരേ കടല്‍’ റിലീസ് ചെയ്തത്. സുനില്‍ ഗംഗോപാധ്യായയുടെ ഹീരക് ദീപ്തി എന്ന നോവലില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടതായിരുന്നു ആ ചിത്രം. മമ്മൂട്ടി അവതരിപ്പിച്ച നാഥന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി മാറിയിരുന്നു.
മികച്ച പ്രാദേശിക ചിത്രത്തിനും സംഗീത സംവിധാനത്തിനുമുള്ള ദേശീയ പുരസ്‌കാരം ഒരേ കടല്‍ സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ അഭിനയത്തിനും മമ്മൂട്ടിക്കും മീരാജാസ്മിനും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
എന്തായാലും ശ്യാമപ്രസാദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോള്‍ ഒരേ കടല്‍ പോലെ മറ്റൊരു മികച്ച ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല