ക്ലാസ് മുറിയില്‍ വോഡ്ക കഴിച്ചതിന് ഇന്‍ഡോറിലെ ഒരു ഹൈസ്‌കൂളില്‍ നിന്നും മൂന്ന് വിദ്യാര്‍ഥിനികളെ സസ്‌പെന്റ് ചെയ്തു. കെബി പട്ടേല്‍ ഉച്ചാദാര്‍ മാധ്യമിക് വിദ്യാലയത്തിലെ പഠിയ്ക്കുന്ന പെണ്‍കുട്ടികളാണ് ക്ലാസ് മുറിയിലിരുന്ന് അടിച്ചുപൂസായത്.
17കാരികളായ പെണ്‍കുട്ടികള്‍ വെള്ളക്കുപ്പിയിലാണ് വോഡ്ക നിറച്ചത്. പ്രത്യേക നിറമില്ലാത്തതിനാല്‍ വോഡ്കയാണെന്ന കാര്യം മറ്റുള്ളവര്‍ക്ക് മനസ്സിലായതുമില്ല. വോഡ്ക കൊണ്ടുവന്ന വിദ്യാര്‍ഥിനിയും കൂട്ടുകാരിയും ആദ്യം ഇത് കഴിച്ചു. പിന്നീട് മറ്റൊരു സുഹൃത്തിനെ മദ്യം കഴിയ്ക്കാനും പ്രേരിപ്പിച്ചു. എന്നാല്‍ വോഡ്ക കഴിച്ചയുടനെ ഈ പെണ്‍കുട്ടി ക്ലാസ് മുറിയില്‍ ഛര്‍ദ്ദിച്ചു. മദ്യപിച്ച് മുന്‍പരിചയമില്ലാത്തതാണ് പ്രശ്‌നമായത്.
വിദ്യാര്‍ഥിനികളെ അസുഖകരമായ അവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപികമാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. വെള്ളമടിച്ച് ഫിറ്റായ പെണ്‍കുട്ടികള്‍ നേരെ നില്‍ക്കാനും വര്‍ത്തമാനം പറയാനും കഴിയാത്ത അവസ്ഥയിലായിരുന്നു. മദ്യം കൊണ്ടുവന്ന കുപ്പിയും ടീച്ചര്‍മാര്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.
ഇതിനിടെ ഒരു പെണ്‍കുട്ടി അധ്യാപികയെ ഭീഷണിപ്പെടുത്താനും മുതിര്‍ന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്തുകള്‍ അനുഭവിയ്‌ക്കേണ്ടി വരുമെന്നായിരുന്നു കുട്ടികുടിയത്തിയുടെ ഭീഷണി. മൂന്ന് വിദ്യാര്‍ഥിനികളെയും ഉടന്‍ സസ്‌പെന്റ് ചെയ്തുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ വിശദീകരിയ്ക്കുകയും ചെയ്തു.
പെണ്‍കുട്ടികളിലൊരാള്‍ മുത്തച്ഛന്റെ മദ്യക്കുപ്പികളിലൊന്ന് മോഷ്ടിച്ചാണ് സ്‌കൂളിലേക്ക് മദ്യംകൊണ്ടുവന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വെള്ളവും വോഡ്കയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടായതിനാലാണ് ഈ മദ്യം തിരഞ്ഞെടുത്തതെന്നും വിദ്യാര്‍ഥിനി വെളിപ്പെടുത്തി.
സമ്പന്നകുടുംബങ്ങളിള്‍ നിന്നുള്ള കുട്ടികളാണ് സാഹസം ചെയ്തതെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. യാഥാസ്ഥിക വിഭാഗത്തില്‍പ്പെട്ട ഗുജറാത്തി സമാജാണ് ഈ സ്‌കൂളിന്റെ നടത്തിപ്പുകാര്‍. അതുകൊണ്ടു തന്നെയാണ് കര്‍ശനനടപടിയെടുക്കാനും സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല