സിബിഎസ്ഇ സ്കൂളില്‍ മലയാളം സംസാരിച്ചതിനു 1000 രൂപ പിഴയിടുകയും പണം അടയ്ക്കാത്തതിന് 103 വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി പരാതി. തൃശൂരിലെ മാള ഹോളി ഗ്രേസ് സിബിഎസ്ഇ സ്കൂളിലെ 103 വിദ്യാര്‍ഥികളെയാണു അധികൃതര്‍ പുറത്താക്കിയത്. 83 ആണ്‍കുട്ടികളെ സ്കൂള്‍ ഗേറ്റിനു പുറത്താക്കി വീട്ടില്‍ പോകാനും നിര്‍ദേശിക്കുകയും പെണ്‍കുട്ടികളേയും ഹോസ്റ്റലിലുള്ളവരേയും സ്കൂളിനകത്തു നിര്‍ത്തുകയുമായിരുന്നു.
മലയാളം സംസാരിച്ചതിന് സ്കൂള്‍ മാനേജ്മെന്റാണ് പിഴ വിധിച്ചത്. പ്ളസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് ക്ളാസില്‍ മലയാളം സംസാരിച്ചത്. ഇവരോടു പിഴയടയ്ക്കാന്‍ മൂന്നു ദിവസം മുന്‍പു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രണ്ടുപേര്‍ മാത്രമാണ് പിഴയൊടുക്കിയത്.
പിഴ നല്കാത്തവരോടു വ്യാഴാഴ്ച രാവിലെ ക്ളാസില്‍നിന്നു പുറത്തുപോകാന്‍ നിര്‍ദേശിച്ചു. പലകുട്ടികളും തങ്ങളുടെ വാഹനങ്ങള്‍ വൈകീട്ടേ വരുകയുള്ളുവെന്ന് പറഞ്ഞിട്ടും അധികൃതര്‍ ക്ഷമിക്കാന്‍ തയ്യാറായില്ലത്രേ. ഗേറ്റിന് മുന്നില്‍ നിന്നവരെയും വിരട്ടി ഓടിച്ചുവത്രേ.
ഉച്ചയോടെ രക്ഷിതാക്കളെത്തി മാനേജ്മെന്റിന് മുന്നില്‍ പ്രശ്നം അവതരിപ്പിച്ചു. അതോടെ തുക 15 തവണകളായി അടയ്ക്കാന്‍ മാനേജ്മെന്റ് നിര്‍ദേശിച്ചു. എന്നാല്‍ രക്ഷിതാക്കള്‍ ഇതിനു തയാറായില്ല.
സ്കൂളിലെ മാധ്യമം ഇംഗിഷാണെന്നും മലയാളം സംസാരിച്ചാല്‍ പിഴ നല്കേണ്ടിവരുമെന്നു നേരത്തെ പറഞ്ഞിരുന്നതാണെന്നുമുള്ള കടുംപിടുത്തത്തിലാണ് സ്കൂള്‍ അധികൃതര്‍. ഇതോടെ പ്രശ്നം സങ്കീര്‍ണമായി, വിവിധ സംഘടനകള്‍ പ്രശ്നത്തില്‍ ഇടപെട്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല