ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തിങ്കളാഴ്ച പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ലിബിയന്‍ സര്‍ക്കാര്‍ തള്ളി. ഖദ്ദാഫിയെ വധിക്കാനുള്ള നാറ്റോ സേനയുടെ ശ്രമം മറച്ചു പിടിക്കാനാണ് വാറണ്ടിലൂടെ ശ്രമിക്കുന്നതെന്ന് ലിബിയയുടെ നീതിന്യായ മന്ത്രി മുഹമ്മദ് അല്‍ ഖമുദി പറഞ്ഞു.
യൂറോപ്യന്‍ വിദേശനയ വാഹകരെ പോലെയാണ് അന്താരാഷ്ട്ര കോടതി പെരുമാറുന്നതെന്ന് ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി ഖാലിദ് ഖയ്യിം കുറ്റപ്പെടുത്തി. ലിബിയയിലെ കലാപങ്ങളും മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും വിചാരണ ചെയ്യാനും രാജ്യത്തിന് അതിന്റെ തന്നെ കോടതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അന്തരാഷ്ട്ര കോടതിയുടെ പ്രഖ്യാപനം ലിബിയയിലെ വിമത സംഘങ്ങള്‍ക്കിടയില്‍ ആഹ്ലാദം പടര്‍ത്തിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ഹേഗിലെ ക്രിമിനല്‍ കോടതി ഖദ്ദാഫിക്കും മകന്‍ സൈഫുല്‍ ഇസ്‌ലാം, ഇന്റലിജന്‍സ് മേധാവി അബ്ദുല്ല സെനുസ്സി എന്നിവര്‍ക്കും എതിരെ അറ്‌സറ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്ന എതിരാളികള്‍ക്കെതിരെ ഗദ്ദാഫി നടത്തുന്ന മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് രാഷ്ട്ര തലവനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. 2009 ല്‍ സുഡാന്‍ പ്രസിഡണ്ട് ഉമര്‍ അല്‍ ബഷീറിനെതിരെയാണ് നേരത്തെ വാറണ്ട് പുറപ്പെടുവിച്ചത്.
അറസ്റ്റ് വാറണ്ട് ഇവര്‍ക്കെതിരായ കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലല്ലെന്നും കുറ്റം വിചാരണയിലൂടെ തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ജഡ്ജി സാന്‍ജി എമ്മസനോനോ മൊണാഗെങ് വ്യക്തമാക്കിയിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല