ലിബിയന്‍ മുന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫി [69]കൊല്ലപ്പെട്ടു. ദേശീയ പരിവര്‍ത്തന സേന [എന്‍.ടി.സി] സിര്‍ത്തില്‍ നടത്തിയ ആക്രമണത്തിലാണ് ഖദ്ദാഫി കൊല്ലപ്പെട്ടത്. ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഹഫിസ് ഗോഗ ഇക്കാര്യം സ്ഥിരീകരിച്ചു. വിപ്ളവകാരികളാല്‍ ഖദ്ദാഫി കൊല്ലപ്പെട്ടതായി അദ്ദേഹം ബെന്‍ഗാസിയില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.അതേസമയം,അദ്ദേഹത്തിന്‍െറ മകന്‍ മുര്‍തസം കൊല്ലപ്പെട്ടതായും വക്താവായിരുന്ന മൂസ ഇബ്റാഹിം തടവിലായതായും റിപ്പോര്‍ട്ടുണ്ട്.
‘ദീര്‍ഘനാളായി നാം കാത്തിരുന്ന നിമിഷമാണിത്.ഖദ്ദാഫി കൊല്ലപ്പെട്ടിരിക്കുന്നു’ ലിബിയന്‍ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രീല്‍ തലസ്ഥാനമായ ട്രിപ്പളിയില്‍ പറഞ്ഞു.ഖദ്ദാഫിയുടെ മരണവാര്‍ത്ത പുറത്തുവന്നയുടന്‍ ലിബിയയിലെങ്ങും ജനങ്ങള്‍ ആഹ്ളാദപ്രകടനം നടത്തുകയാണ്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കയാണെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖദ്ദാഫിയെ പിടികൂടിയതായി ലിബിയന്‍ ടെലിവിഷന്‍ നേരത്തെ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഖദ്ദാഫിയുടെ ഇരു കാലുകള്‍ക്കും പരിക്കേറ്റുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ . അതേസമയം, നാറ്റോ ഖദ്ദാഫിയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്‍െറ മൃതദേഹം സുരക്ഷാ കാരണങ്ങളാല്‍ മിസ്ത്ത് പട്ടണത്തിലേക്ക് കൊണ്ടുപോയതായി വിമത സേനാ വക്താവ് പറഞ്ഞു.
ഖദ്ദാഫിയുടെ ജന്മ നഗരമായ സിര്‍ത്ത് പൂര്‍ണമായും പിടിച്ചെടുത്തുവെന്ന് ദേശീയ പരിവര്‍ത്തന സേന അവകാശപ്പെട്ടതിനു ശേഷമാണ് ഖദ്ദാഫി കൊല്ലപ്പെട്ടതായ വാര്‍ത്ത പുറത്തു വരുന്നത്. എട്ടു മാസം നീണ്ട രക്തരൂഷിത യുദ്ധത്തിനൊടുവില്‍ സിര്‍ത്ത് നഗരം വിമതര്‍ കീഴടക്കിയതോടെയാണ് 42 വര്‍ഷം നീണ്ട ഖദ്ദാഫി ഭരണത്തിനു അന്ത്യമാവുന്നത് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല