ന്യൂദല്‍ഹി: ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ക്യാപ്റ്റനുമായ ഗൗതം ഗംഭീര്‍ നിരോധിത മരുന്നുപയോഗിച്ചതായി റിപ്പോര്‍ട്ട്. തോളെല്ലിനേറ്റ പരിക്കില്‍ നിന്നും രക്ഷനേടാനായി കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് ഇന്‍ജക്ഷന്‍ നടത്തിയതാണ് താരത്തിന് വിനയായത്.
ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ നിരോധിത പട്ടികയില്‍പ്പെടുത്തിയ മരുന്നാണ് കോര്‍ട്ടിക്കോസ്റ്റീറോയ്ഡ്. ഏതെങ്കിലും താരത്തിന് ഈ മരുന്നുപയോഗിക്കണമെങ്കില്‍ അതത് രാഷ്ട്രത്തിന്റെ ഉത്തേജത വിരുദ്ധ ഏജന്‍സിയില്‍ നിന്നും പ്രത്യേക അനുമതി ലഭിക്കണം. എന്നാല്‍ ഇത്തരമൊരു അനുമതി ലഭിക്കാതെയാണ് ഗംഭീര്‍ ഇന്‍ജക്ഷന്‍ സ്വീകരിച്ചതെന്നാണ് ആരോപണം.
തങ്ങള്‍ ഗംഭീറിന് ഇത്തരത്തിലൊരു അനുമതി പത്രം നല്‍കിയിട്ടില്ലെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ രാഹുല്‍ ഭട്ടനാഗര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ ഫിസിയോ ബി.സി.സി.ഐക്ക് അയച്ച കത്തിലാണ് താരം കോര്‍ട്ടിക്കോസ്റ്റീറോയ്ഡ് ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ പരുക്ക് ഗുരുതരമായതിനാല്‍ വീന്‍ഡീസിനെതിരായ പരമ്പരയില്‍ ഗംഭീര്‍ കളിക്കില്ലെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. റെയ്‌നയായിരിക്കും ഗംഭീറിനു പകരം ടീമിനെ നയിക്കുകയെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല