42 വര്‍ഷത്തെ ഖദ്ദാഫിയുടെ ഏകാധിപത്യ ഭരണത്തിന്റെ പതനം ആസന്നമായിരിക്കെ പുതിയ ഭരണകൂടത്തിന് ആര് നേതൃത്വം നല്‍കുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഫെബ്രുവരിയില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് തേൃത്വം നല്കിയ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന്റെ(എന്‍.ടി.സി) മേധാവി മുസ്തഫ അബ്ദുല്‍ ജലീലിനാണ് രാഷ്ട്രീയ നിരീക്ഷകരിലേറെ പേരും സാധ്യത കല്പിക്കുന്നത്.
ഖദ്ദാഫി ഭരണകൂടത്തില്‍ നീതിന്യായ വകുപ്പ് മന്ത്രിയായിരുന്ന ജലീല്‍ പ്രക്ഷോഭകര്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവെക്കുകയായിരുന്നു. 1952ല്‍ കിഴക്കന്‍ ലിബിയയിലെ അല്ബെയ്ദയില് ജനിച്ച മുസ്തഫ അബ്ദുല്‍ ജലീല്‍ നിയമ ബിരുദധാരിയാണ്. 1978 മുതല്‍ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 ലാണ് ഖദ്ദാഫി ഭരണകൂടത്തില്‍ നീതിന്യായ മന്ത്രിയായി ചുമതലയേറ്റത്.
എന്‍.ടി.സി യുടെ മുതിര്‍ന്ന നേതാവായ മഹ്മൂദ് ജിബ്രീലിനും നിരീക്ഷകര്‍ സാധ്യത കാണുന്നുണ്ട്. സംഘടനയുടെ ദൈനംദിന കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് ഇദ്ദേഹമാണ്. രാജ്യത്തെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും സമാന്തര സമിതിയുടെ ധനകാര്യ, എണ്ണവകുപ്പുകളുടെ മന്ത്രിയുമായ അലി തര്‍ഹൂനി, നേരത്തെ ഖദ്ദാഫി മന്ത്രിസഭയിലുണ്ടായിരുന്ന ശുക്രി ഗാനേം എന്നിവരും ജനാധിപത്യ ലിബിയയുടെ നേതൃസ്ഥാനത്ത് വരാന്‍ സാധ്യതയുള്ളവരാണ്.
എന്നാല്‍, സമാന്തര ഭരണസമിതിക്കകത്ത് ഈയടുത്ത് ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍ ഭരണമാറ്റ നടപടികളെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നേരത്തെ, എന്‍.ടി.സിയുടെ സൈനിക മേധാവി അബ്ദുല്‍ ഫതഹ് യൂനുസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസഭയിലെ ഏതാനും അംഗങ്ങളെ മഹ്മൂദ് ജിബ്രീല്‍ പുറത്താക്കിയിരുന്നു. ഇതിനിടെ പലതവണ ചെയര്മാന് മുസ്തഫ അബ്ദുല്‍ ജലീല്‍ രാജി ഭീഷണി മുഴക്കിയതും വാര്‍ത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല