ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ‘ബൈസെക്ഷ്വല്‍’ (പുരുഷനോടും സ്ത്രീയോടും ലൈംഗിക താല്‍പ്പര്യമുള്ളയാള്‍) ആയിരുന്നുവെന്ന അവകാശവാദവുമായിറങ്ങിയ ജീവചരിത്രപുസ്തകം വിവാദമാകുന്നു. ജോസഫ് ലെലിവെല്‍ഡിന്റെ ‘ ഗ്രേറ്റ് സോള്‍: മഹാത്മാ ഗാന്ധി ആന്റ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്ത്യ’ എന്ന പുസ്തകമാണ് ഗാന്ധിജിയുടെ വ്യക്തിജീവിതത്തിലേക്ക് വെളിച്ചം വീശുന്ന രേഖകളുമായി പുറത്തിറങ്ങിയത്.
ഭാര്യയായ കസ്തൂര്‍ഭായി മഖന്‍ജിയെക്കൂടാതെ ജര്‍മന്‍ജൂത വേരുകളുള്ള ഹെര്‍മന്‍ കലെന്‍ബാച്ച് എന്നയാളുമായി ഗാന്ധിജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് പുസ്തകം പറയുന്നത്. ഇയാളുമായുള്ള ബന്ധം തുടരാനായിട്ടാണ് ഗാന്ധിജി കസ്തൂര്‍ഭായിയെ ഒഴിവാക്കിയതെന്നും ലെലിവെല്‍ഡ് ജീവചരിത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജര്‍മനിയില്‍ ജനിച്ച കലെന്‍ബാച്ച് ദക്ഷിണാഫ്രിക്കയിലേക്ക് താമസം മാറുകയായിരുന്നുവെന്നും അവിടെവെച്ച് ഗാന്ധിജിയുമായി ബന്ധം പുലര്‍ത്തിയിരുന്നുമെന്നുമാണ് പുസ്തകം ചൂണ്ടിക്കാട്ടുന്നത്.
കലെന്‍ബാച്ചിന്റെ ദക്ഷിണാഫ്രിക്കയിലെ വീട്ടിലായിരുന്നു ഇരുവരും ജീവിച്ചതെന്നും പരസ്പരം സ്‌നേഹം പങ്കുവെയ്ക്കുന്നതില്‍ രണ്ടുപേര്‍ക്കും താല്‍പ്പര്യമായിരുന്നുവെന്നും പുസ്തകം പറയുന്നു. ഗാന്ധിജിക്ക് 13 വയസുള്ളപ്പോളാണ് തന്നെക്കാള്‍ ഒരുവയസിന് മൂത്ത കസ്തൂര്‍ഭായിയെ വിവാഹം ചെയ്തത്. എന്നാല്‍ നാലുകുട്ടികളായതോടെ ഇരുവരും പിരിയുകയും തുടര്‍ന്ന് കാലെന്‍ബാച്ചുമായുള്ള ബന്ധം തുടരുകയുമായിരുന്നു.
ഒരു മോശം ബന്ധമായി താനിതിനെ കണക്കാക്കുന്നില്ലെന്ന് ഗാന്ധിജി പറഞ്ഞതായും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.1914 ആയപ്പോഴേക്കും ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചുപോന്നു. കാലെന്‍ബാച്ചിന് ഇന്ത്യയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കത്തിലൂടെ ഇരുവരും ബന്ധം തുടര്‍ന്നു. ഗാന്ധിജിയെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ തകിടംമറിക്കുന്നതാണ് ജോസഫ് ലെലിവെല്‍ഡിന്റെ പുസ്തകം.
ലൈംഗികതയുമായി ബന്ധപ്പെട്ട ഗാന്ധിജി പുലര്‍ത്തിയിരുന്ന ചില കാര്യങ്ങളിലേക്കും ജീവചരിത്രം വെളിച്ചംവീശുന്നു. എഴുപതാം വയസിലും തന്റെ 17 കാരിയായ മരുമകള്‍ മനുവിനോടൊന്നിച്ചാണ് ഗാന്ധിജി ഉറങ്ങിയിരുന്നതെന്നും പുസ്തകം പറയുന്നു. എത്ര ശ്രമിച്ചാലും ചില അവസരങ്ങളില്‍ ലൈംഗിക അഭിനിവേശം തടയാനാകുന്നില്ലെന്ന് ഗാന്ധിജി ഒരിക്കല്‍ പറഞ്ഞിരുന്നതായും ലെലിവെല്‍ഡ് ജീവചരിത്രത്തില്‍ പറയുന്നു. അതിനിടെ പുസ്തകത്തെക്കുറിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല