സി.എ ജോസഫ്
ഗില്‍ഫോര്‍ഡ്: ഗില്‍ഫോര്‍ഡ് ഹോളി ഫാമിലി പ്രൈയര്‍ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ വാല്‍സിംഹാമിലേക്ക് ജൂലൈ 17 ഞായറാഴ്ച തീര്‍ത്ഥാടനയാത്ര നടത്തും. എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ മൂന്നാം ഞായറാഴ്ച യു.കെയിലെ സീറോ മലബാര്‍ സഭ നടത്തിവരുന്ന വാല്‍സിംഹാം തീര്‍ത്ഥാടനം ഇത്തവണ നയിക്കുന്നത് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവാണ്.
ഈസ്റ്റ് ആംഗ്ലീയയിലെ സീറോ മലബാര്‍ സഭാ ചാപ്ലിനായ റവ.ഫാ മാത്യു ജോര്‍ജ്ജ് വണ്ടാനക്കുന്നേലിന്റെ മേല്‍നോട്ടത്തില്‍ ജൂലൈ 17ന് നടത്തുന്ന ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇപ്‌സിവിച്ചിലെ കേരള കാത്തലിക് കമ്മ്യൂണിറ്റിയാണ് യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിച്ചേരുന്ന മരിയ ഭക്തര്‍ വാല്‍സിംഹാം ഫ്രൈഡേ മാര്‍ക്കറ്റിനു സമീപമുള്ള ദേവാലയത്തില്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിച്ച് ഉച്ചക്ക് 12 മണിക്ക് റോമന്‍ കാത്തലിക് ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പുറപ്പെടും.
മാതൃഭക്തി നിറവില്‍ വിശ്വാസ തീഷ്ണതയോടെ ജപമാല സമര്‍പ്പണം നടത്തിയും, മരിയും ഗീതങ്ങള്‍ ആലപിച്ചും അത്ഭുതപ്രവര്‍ത്തകയായ വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു നീങ്ങുന്ന പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് മരിയ ഭക്തരോടൊപ്പം അഭിവന്ദ്യപിതാവും, വൈദികനും, പ്രസുദേന്തിമാരും പങ്കെടുക്കും. റോമന്‍ കാത്തലിക് ദേവാലയത്തില്‍ 2.45ന് അഭിവന്ദ്യമാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.
ഇന്ത്യയിലെ വേളാങ്കണ്ണിയും, ഫ്രാന്‍സിലെ ലൂര്‍ദും, പോര്‍ച്ചുഗലിലെ ഫാത്തിമയും പോലെ ഇംഗ്ലണ്ടിലെ വാല്‍സിംഹായും ഇന്ന് പ്രശസ്തമായ മരിയ തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുകയാണ്. ആയിരങ്ങളാണ് അനുഗ്രഹങ്ങള്‍ക്കായി മാതാവിന്റെ മാധ്യസ്ഥം യാചിച്ച് പാര്‍ത്ഥിക്കുവാന്‍ വാല്‍സിംഹായില്‍ എത്തിച്ചേരുന്നത്.
ഗില്‍ഫോര്‍ഡ് ഹോളി ഫാമിലി പ്രെയര്‍ഗ്രൂപ്പിന്റെ 2ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന വാല്‍സിംഹാം തീര്‍ത്ഥയാത്രയില്‍ ഗില്‍ഫോര്‍ഡില്‍ നിന്നുള്ള വിശ്വാസികളോടൊപ്പം വോക്കിംഗില്‍ നിന്നും സമീപസ്ഥലങ്ങളില്‍ നിന്നുമുള്ള മരിയ ഭക്തര്‍ പങ്കുചേരുന്നുണ്ട്. ഗില്‍ഫോര്‍ഡ് സെ: മേരീസ് കാത്തലിക് ദേവാലയത്തിന്റെ സമീപത്തുനിന്നും രാവിലെ 7മണിക്ക് തീര്‍ത്ഥാടനത്തിനുള്ള ബസ്സ് പുറപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ആന്റണി 07877680697, ജോസഫ് 07846747602 എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല