എ. പി. രാധാകൃഷ്ണന്‍: ഇന്നലെ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ എത്തി ചേര്‍ന്ന എല്ലാ ഭക്തര്‍ക്കും ഗുരു പൂര്‍ണിമയുടെ പുണ്യം. ഗുരു ശിഷ്യ ബന്ധത്തെ കുറിച്ചുള്ള അറിയുന്നതും അറിയാത്തതും ആയ കഥകള്‍ അവതരിപ്പിച്ചും കവിത ചൊല്ലിയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച ‘ഗുരു കാരുണ്യം’ എന്ന പരിപാടിയോടെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഗുരു പൂര്‍ണിമ ആഘോഷങ്ങള്‍ പൂര്‍ണമായി. ഇനി അടുത്ത മാസം 23 നു ശനിയാഴ്ച ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണം നടക്കും.
ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെ ഇന്നലെ ആറുമണിയോടെ തന്നെ സത്‌സംഗം ആരംഭിച്ചു. ഗുരു വന്ദനമായി ശങ്കരാചാര്യ സ്വാമികളെ സ്തുതിച് തോടാകാഷ്ടകവും ശ്രീ നാരായണ ഗുരുദേവനെ സ്തുതിച് കുമാരനാശാന്‍ എഴുതിയ ‘നാരായണ മൂര്‍ത്തേ’ എന്ന കീര്‍ത്തനവും ആലപിച്ചു. ശ്രീ സദാനന്ദന്‍ ആലപിച്ച മുരുകനെ കുറിച്ചുള്ള ഭജനയും ശ്രീമതി ജയലക്ഷ്മി പാടിയ കൊടുങ്ങല്ലൂര്‍ ദേവി സ്തുതിയായ ‘പള്ളിവാള് ഭദ്ര വട്ടകം’ എന്ന ഗാനവും പ്രത്യേക ശ്രദ്ധ നേടി. രണ്ടു മണിക്കൂറോളം നീണ്ട ഭജനയ്ക്ക് ശേഷം ശ്രീമതി ദിവ്യ ബ്രിജേഷ് അമരവാണികള്‍ അവതരിപ്പിച്ചു. രാമായണത്തിലെ ലക്ഷ്മണ ഉപദേശത്തിലെ ഒരുഭാഗം വര്‍ത്തമാനകാലത്ത് എങ്ങനെ പ്രസക്തമാണ് എന്ന് അതിഗംഭീരമായി ശ്രീമതി ദിവ്യ അവതരിപ്പിച്ചു.
അമരവാണികള്‍ക്കു ശേഷം നടന്ന എല്ലാ പരിപാടികളിലും ബാലവേദി നിറഞ്ഞു നിന്നു. കേരളത്തിന്റെ കവി പരന്പരയില്‍ ശ്രദ്ധേയനായ ഒളപ്പമണ്ണ സുബ്രമണ്യന്‍ നന്പൂതിരിയുടെ നമ്മള്‍ എല്ലാവരും എന്നും ഒരുക്കുന്ന ‘തിങ്കളും താരങ്ങളും’ എന്നു തുടങ്ങുന്ന ‘എന്റെ വിദ്യാലയം’ എന്ന കവിത ചൊല്ലിക്കൊണ്ട് നവനീത് രാജേഷ് ബാലവേദി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ബാലവേദി ‘ഗുരു കാരുണ്യം’ വേദിയില്‍ അവതരിപ്പിച്ചു. നാലു വയസുള്ള വേദ മുതല്‍ പതിനാലു വയസുള്ള നവനീത് വരെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ അവതരിപ്പിച്ച പരിപാടി അത്യന്തം ഹൃദ്യമായിരുന്നു. വേദയും സഹോദരന്‍ മാനസും ചേര്‍ന്നു വേദ വ്യാസന്റെ കഥ കൂടാതെ ആരുണിയുടെയും ഗുരുവിന്റെയും കഥപറഞ്ഞപ്പോള്‍ അതിനുശേഷം വന്ന അപര്‍ണ ഭാരതീയ സംസ്‌കാരത്തെ ലോകത്തെ കൊണ്ടു അംഗീകരിപ്പിച്ച ഗുരുനാഥന്‍ പതഞ്ജലിയെ കുറിച്ചാണ് പറഞ്ഞത്. കര്‍ണന്റെയും ഗുരു പരശുരാമന്റെയും കഥ പറഞ്ഞു ദേവിക പ്രവീണും ഗുരു ശിഷ്യ ബന്ധത്തിന്റെ പാഠങ്ങള്‍ പല തലങ്ങളില്‍ പറയാവുന്ന ദ്രോണാചാര്യരുടെയും ഏകലവ്യന്റെയും കഥകള്‍ പറഞ്ഞു അമൃത സുരേഷ്, ദേവിക പന്തല്ലൂര്‍, അശ്വിന്‍ സുരേഷ്, നേഹ, നന്ദന, ആശ്രികാ എന്നീ കുട്ടികള്‍ എല്ലാവരുടെയും ശ്രദ്ധ നേടി. പഞ്ച പാണ്ഢവരില്‍ മധ്യമനായ അര്‍ജുനനും ഗുരു ദ്രോണാചാര്യരും തമ്മില്ലുള്ള കഥ പറഞ്ഞു സിദ്ധാര്‍ഥും ‘മാതാ പിതാ ഗുരു ദൈവം’ എന്ന ഭാരതം നല്‍കിയ മഹത്തായ സന്ദേശം വിശദീകരിച്ചു ഗൗരിയും ബുദ്ധ വിഹാരത്തിലെ നിരന്തരം തെറ്റുകള്‍ ചെയുന്ന ശിഷ്യനെ നേര്‍വഴിക്കു നയിച്ച ബുദ്ധ സന്യാസിയുടെ കഥ പറഞ്ഞു നവനീതും ഭക്തരെ വിസ്മയിപ്പിച്ചു. അതിനുശേഷം പ്രശസ്ത സംഗീത അധ്യാപിക ശ്രീമതി സ്വപ്ന ശ്രീകാന്തിനെ ശിഷ്യ ദേവിക പ്രവീണ്‍ വേദിയില്‍ ആദരിച്ചു. ബാലവേദിയുടെ ഇതു വരെയുള്ള എല്ലാ പരിപാടികള്‍ക്കും തുടക്കം മുതല്‍ ഒടുക്കം വരെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി നിറവോടെ പരിപാടികള്‍ വേദിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്കു വഹിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദി വനിതവേദിയിലെ ശ്രീമതി ജയലക്ഷ്മിയെ ബാലവേദി കുട്ടികള്‍ വേദിയില്‍ ആദരിച്ചു.
നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് പരിപാടികള്‍ വീക്ഷിച്ചത്. രമണ അയ്യരുടെ ദീപാരാധനക്കു ശേഷം വിപുലമായ അന്നദാനവും നടത്തി. ഇനി അടുത്ത മാസം നടക്കുന്ന രാമായണ മാസാചരണത്തിനുള്ള കാത്തിരിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല