ഗേറ്റ് തുറക്കാൻ വൈകിയതിന് വ്യവസായി ക്രൂരമായി മർദ്ദിച്ച സെക്യൂരിറ്റി ജീവനക്കാരൻ അത്യാസന്ന നിലയിൽ ആശുപ്രതിയിലായി. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസിനെ അമൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കിംഗ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
ആഡംബര കാറിലെത്തിയ നിസാമിനെ ഗേറ്റിൽ വച്ച് ചന്ദ്രബോസ് തടയുകയായിരുന്നു. നിസാമിനെ മനസിലായതോടെ കാർ കയറ്റി വിട്ടു. എന്നാൽ ഗേറ്റ് തുറക്കാൻ വൈകി എന്നാരോപിച്ച് നിസാം ബോസിനെ മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ ബോസ് സെക്യൂരിറ്റി ക്യാബിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും നിസാം കാറിലുണ്ടായിരുന്ന ഒരു വടിയെടുത്ത് വീണ്ടും മർദ്ദിക്കുകയായിരുന്നു. പുറത്തിറങ്ങി ഓടിയ ബോസിനെ നിസാം കാറിൽ പുറകെയെത്തി ഇടിച്ചിട്ടു. തുടർന്ന് വലിച്ച് ഡിക്കിയിലിട്ടു പോർച്ചിലേക്ക് കൊണ്ടുപോയി. പോർച്ചിലിട്ട് കയ്യിലിരുന്ന വടികൊണ്ട് തുടർച്ചയായി തലക്കടിക്കുകയായിരുന്നു.
മറ്റ് സെക്യൂരിറ്റി ജീവനക്കാരെത്തി ബോസിനെ രക്ഷപ്പെടുത്തും വരെ മർദ്ദനം തുടർന്നു. വാരിയെല്ലിനും ആന്തരാവയവങ്ങൾക്കും ഗുരുതരമായി ക്ഷതമേറ്റ ബോസിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ ബോസ് ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.
നിസാമിനെതിരെ കാപ്പാ (സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമം) പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. നേരത്തെ ഏഴു വയസുള്ള മകനെകൊണ്ടു ആഡംബര കാർ ഓടിപ്പിച്ച് ആ വീഡിയോ യൂട്യൂബിലിട്ട സംഭവത്തിലും, വാഹന പരിശോധനക്ക് കാർ തടഞ്ഞ വനിതാ എസ്. ഐ. യെ കാറിനുള്ളിൽ പൂട്ടിയിട്ട സംഭവത്തിലും പ്രതിയാണ് നിസാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല