സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരേ സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണ കമ്മിഷന്‍ തെളിവെടുപ്പു തുടങ്ങി.ചൊവ്വാഴ്ച പാര്‍ട്ടി ആസ്ഥാനമായ ലെനിന്‍ സെന്ററിലാണു വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള സമിതി തെളിവെടുത്തത്. കോണ്‍ഫറന്‍സ് ഹാളില്‍ സമിതിയംഗങ്ങള്‍ പങ്കെടുത്ത സിറ്റിങില്‍ ഓഫീസ് സെക്രട്ടറിമാരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ബുധനാഴ്ചയും തെളിവെടുപ്പ് തുടരും.
ഗോപിയെ കുടുക്കാനായി വച്ച ഒളികാമറ പുറമേനിന്നു റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചെന്നാണു വിവരം. തല്‍സമയം ഇതിന്റെ വീഡിയോ പകര്‍പ്പ് കമ്പ്യൂട്ടറില്‍ ശേഖരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ സി ഡിയാണ് പരാതിക്കൊപ്പം പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.
ഒളികാമറ പാര്‍ട്ടി സെക്രട്ടറിയുടെ മുറിയില്‍ സ്ഥാപിച്ചുവെന്നു കരുതുന്ന ഓഫീസ് സെക്രട്ടറിമാര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണു സൂചന. ഓഫീസ് സെക്രട്ടറിമാരില്‍ ഒരാള്‍ ഒളികാമറ പ്രവര്‍ത്തിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയതായാണു വിവരം.
ആരോപണം പാര്‍ട്ടി നേതൃത്വത്തില്‍ എത്തിച്ച ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എ. ചാക്കോച്ചനും ചൊവ്വാഴ്ച സമിതി മുമ്പാകെ വിവരങ്ങള്‍ കൈമാറി.
പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്ത സാഹചര്യത്തില്‍ വിഷയം വന്‍ വിവാദത്തിനു വഴിവയ്ക്കാതെ ഒതുക്കാന്‍ പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കടുത്ത നടപടി വേണമെന്ന നിലപാടാണു കേന്ദ്ര കമ്മിറ്റി അംഗമായ എം.സി. ജോസഫൈന്‍ കൈക്കൊണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല