ഗൌതം മേനോന്‍ തന്റെ പുതിയ സിനിമയായ ‘നടുനിശി നായ്കള്‍’ (അര്‍ദ്ധരാത്രിയിലെ നായ്ക്കള്‍) എന്ന ചിത്രത്തിലെ വളര്‍ത്തമ്മയുടെ പേര് മീനാക്ഷി എന്ന് ഇട്ടതിലൂടെ തമിഴകം ആരാധിക്കുന്ന മീനാക്ഷി ഭഗവതിയെ അപമാനിച്ചിരിക്കുകയാണെന്ന് ശിവസേന. ഒരാഴ്ച സമയത്തിനുള്ളില്‍ വളര്‍ത്തമ്മയുടെ പേര് മാറ്റിയില്ലെങ്കില്‍ ഗൌതം മേനോന്റെ വീട് വളയും എന്നാണ് ശിവസേന നല്‍കിയിരിക്കുന്ന അന്ത്യശാസനം.
ഗൌതം മേനോന്റെ പുതിയ സംരംഭമായ നടുനിശിനായ്കളില്‍ പ്രേക്ഷകരില്‍ വെറുപ്പ് ഉളവാക്കുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ട്. പലരും സിനിമ പകുതിയായയുടന്‍ തീയേറ്റര്‍ വിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ലോബജറ്റ് സിനിമയായ നിര്‍മാതാവും സംവിധായകനുമായ ഗൌതം മേനോന്‍ വന്‍ ലാഭം കൊണ്ടുവന്നിരുന്നു.
മകനെ പിതാവുതന്നെ സ്വവര്‍ഗഭോഗികള്‍ക്ക് പീഡിപ്പിക്കാന്‍ വിട്ടുകൊടുക്കുന്ന പോലുള്ള സീനുകള്‍ ഈ സിനിമയിലുണ്ട്. വളര്‍ത്തമ്മയും മകനും തമ്മിലുള്ള അവിഹിതബന്ധവും ഇതില്‍ ചിത്രീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തമിഴ് സംസ്കാരത്തെ കുഴിതോണ്ടിയെന്നും മീനാക്ഷി ഭഗവതിയെ അപമാനിച്ചുവെന്നും ആരോപിച്ച് ഗൌതം മേനോനെതിരെ ശിവസേന രംഗത്ത് വന്നിരിക്കുന്നത്.
“നടുനിശി നായ്കളില്‍ ഉള്ള മീനാക്ഷി എന്ന കഥാപാത്രത്തിന്റെ പേരുമാറ്റാന്‍ ഞങ്ങള്‍ ഒരാഴ്ച സമയം തരാം. ഇല്ലെങ്കില്‍ ഗൌതം മേനോന്റെ വീടുവളഞ്ഞ് പ്രതിഷേധം അറിയിക്കാനാണ് ഞങ്ങളുടെ തീരുമാനം. വളര്‍ത്തമ്മയെ സ്വന്തം അമ്മയെപ്പോലെ കരുതുന്നതാണ് തമിഴ് സംസ്കാരം. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് സിനിമ. മീനാക്ഷി എന്ന പേരിന് പകരം മേരി എന്നോ ഫാത്തിമ എന്നോ എന്തുകൊണ്ട് പേരിട്ടില്ല? അങ്ങിനെ ചെയ്താല്‍ ഗൌതം മേനോന്‍ വിവരമറിയും. തമിഴ് ഭഗവതിയെ അപമാനിക്കാന്‍ ആരാണ് ഗൌതം മേനോനെ പ്രേരിപ്പിച്ചത് എന്നറിയണം” – ശിവസേനയുടെ തമിഴ്നാട് ഘടകം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല