യൂറോപ്പിനെ ഇപ്പോള്‍ പിടികൂടിയിരിക്കുന്നത് ഗ്രീസിന്റെ സാമ്പത്തികമാന്ദ്യമാണ്. കോടിക്കണക്കിന് യൂറോയുടെ സഹായം ഗ്രീസിലേക്ക് ഒഴുകിട്ടും അവസാനിക്കാത്ത സാമ്പത്തിക തകര്‍ച്ച യൂറോയെ തകര്‍ക്കുമോയെന്ന ഭീതിയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അതിനെ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ഏതാനം ദിവസങ്ങളായി പുറത്തുവരുന്നത്. ഗ്രീസിലെ അവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ വേഗംതന്നെ യൂറോയുടെ മരണം ഉണ്ടാകുന്നതാണ് നല്ലതെന്ന മട്ടിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. യൂറോയുടെ പതുക്കെയുള്ള മരണം ഇപ്പോള്‍ സാമ്പത്തികമാന്ദ്യം അത്രകണ്ട് ബാധിക്കാതെ നില്‍ക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങളെയും കടക്കെണിയില്‍ ആഴ്ത്തുമെന്ന സംശയമാണ് മുതിര്‍ന്ന സാമ്പത്തിക വിദഗ്ദര്‍ മുന്നോട്ട് വെയ്ക്കുന്നത്.
യുകെയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ജാക്ക് സ്ട്രോയാണ് ഈ അഭിപ്രായം ശക്തമായി മുന്നോട്ട് വെച്ചത്. ഹൗസ് ഓഫ് കോമണ്‍സില്‍ ബ്രിട്ടണിലെ മുതിര്‍ന്ന മന്ത്രിമാരോട് അദ്ദേഹം യൂറോ എന്ന ഒറ്റ കറന്‍സിക്ക് ബദലായി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രീക്ക് സര്‍ക്കാരിന്റെ രണ്ടാമത്ത ജാമ്യത്തുകയായ പന്ത്രണ്ട് ബില്യണ്‍ യൂറോ നല്‍കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നത്.
28 ബില്യണ്‍ യൂറോയുടെ ജാമ്യകരാറുകള്‍തന്നെ ഗ്രീക്ക് സര്‍ക്കാരിന് കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഈ പ്രശ്നം ഉയര്‍ന്നുവന്നിരിക്കുന്നത്. ഇത്രയും തുക കടം നല്‍കുന്നതിന് പകരമായി യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്ന വന്‍ നികുതി വര്‍ദ്ധനവും ശമ്പളയിനത്തിലുള്ള വന്‍ വെട്ടിക്കുറയ്ക്കലുകളുമാണ്. ഇത് ഗ്രീക്കിലെ സാമൂഹിക ജീവിതം ഇപ്പോള്‍തന്നെ താറുമാറാക്കിയിട്ടുണ്ട്. അതിന്റെ കൂട്ടത്തില്‍ വീണ്ടും ഒരു വന്‍തുക കടമായി നല്‍കി ഗ്രീക്കിനെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിവിടേണ്ടതില്ലെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ എടുത്തിരിക്കുന്നത്.
ഇത് യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ പ്രശ്നമാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം യൂറോപ്പിനെ പിടിച്ചുനിര്‍ത്താന്‍ ബില്യണ്‍ കണക്കിന് പൗണ്ടാണ് ഇംഗ്ലണ്ട് യൂറോപ്യന്‍ യൂണിയന് കൈമാറിയത്. ഇതുമൂലം ഓരോ ബ്രിട്ടീഷ് കുടുംബവും 900 പൗണ്ടിന്റെ അധികഭാരം എടുക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. ഇത് വന്‍പ്രതിഷേധമാണ് ബ്രിട്ടണില്‍ ഉണ്ടാക്കിയത്. ഇങ്ങനെ പ്രതിഷേധങ്ങള്‍ക്കിടയില്‍, സ്വന്തം ജനങ്ങളില്‍ അധികഭാരം ഏല്‍പ്പിച്ചുകൊണ്ട് യൂറോയെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് പല നേതാക്കന്മാരും എടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല