ലണ്ടന്‍: വിവാദമായ ഗ്രീന്‍ ടാക്‌സ് നിലവില്‍ വരുന്നതോടുകൂടി ഇന്ധന വില 1.5പെന്‍സ് വര്‍ധിക്കും. വാഹനഉപഭോക്താക്കളെ വിഷമത്തിലാക്കുന്ന ഗ്രീന്‍ ടാക്‌സ് നാളെ ബ്രസല്‍സില്‍ വച്ച് പ്രഖ്യാപിക്കും. പെട്രോളിനേക്കാള്‍ ഡീസലിന്റെ ചാര്‍ജാണ് ഇത് വര്‍ധിപ്പിക്കുക. പെട്രോള്‍ ഡീസല്‍ വിലകള്‍ തമ്മിലുള്ള വ്യത്യാസം കുറച്ചുകൂടി കൂടാന്‍ ഗ്രീന്‍ ടാക്‌സ് കാരണമാകുകയും ചെയ്യും.
ഇപ്പോള്‍ തന്നെ വാഹനഉപഭോക്താക്കള്‍ ഒരു പൗണ്ടില്‍ 60പെന്‍സും നികുതിയായി നല്‍കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഈ നികുതി കൂടി വരുന്നതോടെ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒന്ന് കൂടി വര്‍ധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ തീരുമാനം ഡിസല്‍ കാറുകളുടെ നിര്‍മാണത്തെ വളരെയേറെ ബാധിക്കുമെന്ന് വാഹനനിര്‍മാതാക്കളും ഡ്രൈവര്‍മാരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇപ്പോള്‍ യു.കെയില്‍ വില്‍ക്കപ്പെടുന്ന രണ്ടില്‍ ഒരു കാര്‍ ഡീസല്‍ കാറുകളാണ്. കാര്‍ബണ്‍ പുറത്തുവിടുന്നതനുസരിച്ച് ഇന്ധനങ്ങളുടെ നികുതി വര്‍ധിപ്പിക്കുക എന്ന് രീതിയിലാണ് ഈ ടാക്‌സ് ചുമത്തുന്നത്. പെട്രോളിനേക്കാള്‍ 20% അധികം കാര്‍ബണാണ് ഡീസല്‍ പുറന്തള്ളുന്നത്. അതുകൊണ്ടാണ് ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ മൈലേജ് ലഭിക്കുന്നത്.
ഈ നിയമം മറ്റ് ഗതാഗത മേഖലകളിലും വ്യാപിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. വിമാനയാത്രചിലവ് വര്‍ധിക്കുന്നതിനും, ട്രെയിന്‍ ടിക്കറ്റ് ഉയരുന്നതിനും മറ്റും ഇത് വഴിവെയ്ക്കും. ഇ.യു ടാക്‌സ് കമ്മീഷണര്‍ അല്‍ഗ്രിഡാസ് സെമറ്റയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ബ്രിട്ടനില്‍ നിന്നുള്‍പ്പെടേയുള്ള ഇ.യു മന്ത്രമാരുടെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. തങ്ങള്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തിട്ടുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല